അതിരപ്പിള്ളിയില്‍ കാട്ടാന മനുഷ്യ ജീവനെടുക്കുന്നത് തുടർക്കഥയാകുന്നു. രണ്ടു പേർക്കാണ് ഇത്തവണ ജീവൻ നഷ്ടമായിരിക്കുന്നത്
വാഴച്ചാല്‍ ശാസ്താംപൂവം ഉന്നതിയിലെ സതീഷും അംബികയുമാണ് മരിച്ചത്.
വനവിഭവം ശേഖരിക്കാൻ വഞ്ചിക്കടവില്‍ കുടില്‍കെട്ടി താമസിക്കുകയായിരുന്നു ഇവർ. ഇതിനിടെയാണ് തിങ്കളാഴ്ച വൈകിട്ട് കാട്ടാനക്കൂട്ടം ആക്രമിക്കാനെത്തിയത്. തുടർന്ന് നാല് പേരടങ്ങുന്ന കുടുംബം ചിതറിയോടി. എന്നാല്‍ സതീഷിനും അംബികയ്‌ക്കും രക്ഷപ്പെടാൻ കഴിഞ്ഞില്ല. അതിരപ്പിള്ളി പിക്നിക് സ്പോട്ടിന് സമീപമാണ് ആക്രമണം നടന്നതെന്നാണ് വിവരം.
രാവിലെ പ്രദേശവാസികളും വനപാലകരും നടത്തിയ തെരച്ചിലിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബികയുടെ മൃതദേഹം പുഴയില്‍ നിന്നായിരുന്നു ലഭിച്ചത്. കാട്ടാനയെ ഭയന്ന് ഓടിയപ്പോള്‍ അപകടം സംഭവിച്ചതാണോയെന്ന കാര്യം വ്യക്തമല്ല.
മരണകാരണമറിയാൻ മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിന് അയച്ചു.
രണ്ടുദിവസത്തിനിടെ മൂന്ന് പേരുടെ ജീവനാണ് കാട്ടാനയെടുത്തത്. മലക്കപ്പാറയില്‍ സെബാസ്റ്റ്യൻ എന്ന യുവാവ് കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
പാലക്കാട് കല്ലടിക്കോടും കാട്ടാനയുടെ ആക്രമണമുണ്ടായി. കരിമല മാവുചുവട്ടില്‍ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കാട്ടാന തകർത്തു. ചൂരക്കോട് സ്വദേശി സുരേഷിന്റെ ഓട്ടോ ആണ് ആന തവിടുപൊടിയാക്കിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കരിമല ഭാഗത്ത് കഴിഞ്ഞ ദിവസം രണ്ടു ആനകളുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു.