മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളുടെ നിക്ഷേപം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്‌ഖ് ഇന്ത്യയില്‍ അറസ്റ്റില്‍.
ഏകദേശം 5600 കോടി രൂപയുടെ സാമ്ബത്തിക തട്ടിപ്പാണ് ഇവർ നടത്തിയത്. ലക്ഷക്കണക്കിന് നിക്ഷേപകരെയാണ് ഇവർ വഞ്ചിച്ചത്. ഇതില്‍ ഭൂരിഭാഗവും യുഎഇയിലെ പ്രവാസികളാണ്.
2018 മുതലുള്ള തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ജാമ്യമില്ലാത്ത വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്നലെ വൈകിട്ട് ഹൈദരാബാദ് സെൻട്രല്‍ ക്രൈം സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.
ഫരീദാബാദിലെ സൂരജ്കുണ്ഡ് പ്രദേശത്ത് യാത്ര ചെയ്യുന്നതിനിടെയാണ് നൗഹീരയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഹൈദരാബാദില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കുമെന്ന് സെൻട്രല്‍ ക്രൈം സ്റ്റേഷൻ ഡെപ്യൂട്ടി കമ്മീഷണർ ശ്വേത പറഞ്ഞു. 2024 ഒക്‌ടോബറില്‍ സുപ്രീം കോടതി ഇവരുടെ ജാമ്യം റദ്ദാക്കി കീഴടങ്ങാൻ നിർദേശിച്ചിരുന്നു. എന്നാല്‍, ഇവർ കോടതിയില്‍ കീഴടങ്ങാത്തതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹീര ടെക്സ്റ്റൈല്‍സ്, ഹീര ഗോള്‍ഡ്, ഹീര ഫുഡക്സ് തുടങ്ങിയ ബിസിനസുകളിലൂടെ ആള്‍ക്കാരില്‍ നിന്നും 36 ശതമാനം വരെ പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്താണ് നിക്ഷേപങ്ങള്‍ സ്വീകരിച്ചത്. 2018ലാണ് നിക്ഷേപകരെ ആശങ്കയിലാഴ്‌ത്തിക്കൊണ്ട് കമ്ബനി പേഔട്ടുകള്‍ നിർത്തിവച്ചത്. ഇന്ത്യയിലുള്ളവരും ഇതില്‍ നിക്ഷേപം നടത്തിയിരുന്നു. 2018ലാണ് നൗഹീര ഷെയ്‌ഖ് ആദ്യം അറസ്റ്റിലായത്. പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.