മരിച്ചുപോയ അമ്മയുടെ ശവസംസ്‌കാരം നടത്താന്‍ തയ്യാറാകാതെ അവരുടെ ആഭരണങ്ങളെ ചൊല്ലി മക്കള്‍ തമ്മില്‍ തര്‍ക്കം. രാജസ്ഥാനിലെ കോട്പുട്ലി - ബെഹ്റോര്‍ ജില്ലയിലാണ് സംഭവം.
ശവസംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ അമ്മയുടെ വെള്ളി വളകളും മറ്റ് ആഭരണങ്ങളും മൂത്ത മകനെ ഏല്‍പ്പിച്ചതോടെയാണ് മക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. തുടര്‍ന്ന് ആഭരണങ്ങള്‍ തനിക്ക് നല്‍കിയില്ലെങ്കില്‍ ശവസംസ്‌കാരം നടത്താന്‍ അനുവദിക്കുകയില്ലെന്ന് മക്കളില്‍ ഒരാള്‍ പറയുകയും ചിതയൊരുക്കിയ സ്ഥലത്ത് ഇയാള്‍ കയറി കിടക്കുകയും ചെയ്തു.
മെയ് മൂന്നിന് ലീല കാ ബസ് കി ധനി ഗ്രാമത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വ്യാഴാഴ്ച സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ആഭരണങ്ങള്‍ തനിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഒരു മകന്‍ ശവസംസ്‌കാര ചിതയില്‍ കിടക്കുന്നത് വീഡിയോയില്‍ കാണാം. അമ്മയുടെ മൃതദേഹം ചിതയിലേക്ക് എടുത്തപ്പോഴാണ് ഇയാള്‍ ചിത കൈയടക്കി, അതില്‍ കിടന്നത്. ചിത്രമല്‍ റേഗറിന്റെ ഭാര്യ ഭൂരി ദേവി മെയ് 3 -നാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവരുടെ ഏഴ് ആണ്‍മക്കളില്‍ ആറ് പേര്‍ ഗ്രാമത്തില്‍ ഒരുമിച്ചാണ് താമസിക്കുന്നത്. എന്നാല്‍, അഞ്ചാമത്തെ മകന്‍ ഓംപ്രകാശ് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഒറ്റയ്ക്കാണ് താമസിക്കുന്നത്.
ഗ്രാമത്തിലെ പാരമ്ബര്യം അനുസരിച്ച് മരണ ശേഷം ചില ചടങ്ങുകള്‍ക്ക് ശേഷമാണ് മരിച്ച വ്യക്തിയുടെ ശരീരത്തില്‍ നിന്നും ആഭരണങ്ങള്‍ ഊരിയെടുക്കുക. ഇങ്ങനെ ഊരിയെടുത്ത ആഭരണങ്ങള്‍ മൂത്തമകന്‍ ഗിര്‍ധാരിക്ക് കൈമാറിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ആഭരണങ്ങള്‍ തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓംപ്രകാശ് സഹോദരങ്ങളോട് വഴക്കുണ്ടാക്കുകയും അമ്മയ്ക്കായി ഒരുക്കിയ ചിതയുടെ മുകളില്‍ കയറി കിടക്കുകയുമായിരുന്നു. വെള്ളി വളകള്‍ തനിക്ക് കൈമാറിയില്ലെങ്കില്‍ ശവസംസ്‌കാരം നടത്താന്‍ സമ്മതിക്കുകയില്ല എന്നായിരുന്നു ഇയാള്‍ പറഞ്ഞത്.
May God not give such children to anyone.
Even the mother's bier is mocked at during the cremation. Such a situation is only due to wealth.why pic.twitter.com/KoshWZoxDZ
ഗ്രാമവാസികളും കുടുംബാംഗങ്ങളും ഇയാളെ സമാധാനിപ്പിക്കാന്‍ പലതവണ ശ്രമിച്ചിട്ടും ഓംപ്രകാശ് വഴങ്ങിയില്ല. ഒടുവില്‍, ആഭരണങ്ങള്‍ ശ്മശാനത്തിലേക്ക് കൊണ്ടുവന്ന് ഇയാള്‍ക്ക് കൈമാറിയതിന് ശേഷം മാത്രമാണ് ശവസംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.