Click to learn more 👇

മേഘാലയയില്‍ ദമ്ബതികളെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്; ഹണിമൂണിനിടെ യുവാവിനെ കൊന്നത് ഭാര്യ തന്നെ


 

മേഘാലയയില്‍ ഹണിമൂണിനിടെ ദമ്ബതികളെ കാണാതായ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷം ഭാര്യയെ ജീവനോടെ കണ്ടെത്തി.



യുവതിയാണ് ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. ഇൻഡോർ സ്വദേശിയായ രാജ രഘുവംശിയാണ് (30) കൊല്ലപ്പെട്ടത്.


ഭാര്യയായ സോനത്തെ (24) ഉത്തർപ്രദേശിലെ ഗാസിപൂരില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിക്കൊപ്പം മൂന്നുപേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സോനത്തിന് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതാണ് ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നല്‍കിയതിന് കാരണമെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ മേയ് 11നാണ് രാജ രഘുവംശിയും സോനവും വിവാഹിതരാകുന്നത്. മേയ് 20ന് ഇവർ ഗുവാഹത്തിയിലും 23ന് ചിറാപുഞ്ചിയിലും എത്തി. പിന്നാലെ ദമ്ബതികളെ കാണാതാകുകയായിരുന്നു. ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു. ദമ്ബതികളെ തട്ടിക്കൊണ്ടുപോയതാവാമെന്ന സംശയം ബന്ധുക്കള്‍ പറഞ്ഞിരുന്നത്. തെരച്ചിലിനിടെ ജൂണ്‍ രണ്ടിന് ചിറാപുഞ്ചിക്കടുത്തുള്ള സൊഹ്രാരിമിലെ ഒരു മലയിടുക്കില്‍ രാജയുടെ മൃതദേഹം കണ്ടെത്തി. എന്നാല്‍ സോനത്തെ കണ്ടെത്താനായില്ല. രാജയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. പിന്നാലെ ഭാര്യക്കായുള്ള തെരച്ചില്‍ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല



കാണാതായ ദിവസം സോനത്തിനും രാജയ്ക്കും ഒപ്പം മൂന്ന് പുരുഷന്മാരെ കണ്ടതായി ഒരു ടൂറിസ്റ്റ് ഗെെഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിരുന്നു. ഇതാണ് കേസില്‍ നിർണായകമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയെയും കൂട്ട് പ്രതികളെയും പൊലീസ് പിടികൂടിയത്. രാജയെ കൊലപ്പെടുത്തിയ ശേഷം ഇവർ ഉത്തർപ്രദേശിലേക്ക് എത്തുകയായിരുന്നുവെന്നാണ് വിവരം.


അതിവേഗം കേസ് തെളിച്ച പൊലീസിനെ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ സാങ്മ എക്സ് പേജിലൂടെ അഭിനന്ദിച്ചു. 'എഴുദിവസത്തിനുള്ളില്‍ രാജ കൊലപാതക കേസില്‍ മേഘാലയ പൊലീസ് ഒരു പ്രധാന വഴിത്തിരിവ് കണ്ടെത്തി. മദ്ധ്യപ്രദേശില്‍ നിന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. യുവതി കീഴടങ്ങി. മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്'- അദ്ദേഹം എക്സില്‍ കുറിച്ചു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക