Click to learn more 👇

പതിനെട്ട് വർഷത്തെ നീണ്ടകാത്തിരിപ്പിനൊടുക്കം ഐപിഎല്‍ കിരീടത്തില്‍ കോലിയുടെ മുത്തം. പഞ്ചാബിനെ 6 റണ്‍സിന് കീഴടക്കി ബെംഗളൂരു ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു


 

പതിനെട്ട് വർഷത്തെ നീണ്ടകാത്തിരിപ്പിനൊടുക്കം ഐപിഎല്‍ കിരീടത്തില്‍ കോലിയുടെ മുത്തം. പഞ്ചാബിനെ 6 റണ്‍സിന് കീഴടക്കി ബെംഗളൂരു ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. ബെംഗളൂരു ഉയർത്തിയ 191 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനേ ആയുള്ളൂ. 



ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തകർപ്പൻ തുടക്കമാണ് ഓപ്പണർമാർ സമ്മാനിച്ചത്. പ്രിയാൻഷ് ആര്യയും പ്രഭ്സിമ്രാൻ സിങ്ങും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചു. ടീം നാലോവറില്‍ 32 റണ്‍സെടുത്തു. പ്രിയാൻഷ് ആര്യയുടെ വിക്കറ്റഅ നഷ്ടമായെങ്കിലും പഞ്ചാബ് പവർ പ്ലേയില്‍ സ്കോർ അമ്ബത് കടത്തി. 19 പന്തില്‍ 24 റണ്‍സെടുത്താണ് താരം പുറത്തായത്. 


എന്നാല്‍ രണ്ടാം വിക്കറ്റില്‍ ജോഷ് ഇംഗ്ലിസും പ്രഭ്സിമ്രാൻ സിങ്ങും ചേർന്ന് സ്കോറുയർത്തി. എന്നാല്‍ ബെംഗളൂരു ശക്തമായി തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ടത്. പ്രഭ്സിമ്രാനെയും(26) പഞ്ചാബ് നായകൻ ശ്രേയസ്സ് അയ്യരേയും(1) കൂടാരം കയറ്റിയതോടെ ആർസിബിക്ക് ജയപ്രതീക്ഷ കൈവന്നു. പഞ്ചാബ് 79-3 എന്ന നിലയിലായി. പിന്നാലെ തകർത്തടിച്ച ഇംഗ്ലിസും പുറത്തായി. ക്രുണാല്‍ പാണ്ഡ്യയാണ് താരത്തെ കൂടാരം കയറ്റിയത്. 23 പന്തില്‍ നിന്ന് ഇംഗ്ലിസ് 39 റണ്‍സെടുത്തു. 



എന്നാല്‍ നേഹല്‍ വധേരയും ശശാങ്ക് സിങ്ങും ചേർന്ന് പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 16 ഓവറില്‍ 136-4 എന്ന നിലയിലായിരുന്നു പഞ്ചാബ്. നാലോവറില്‍ വേണ്ടത് 55 റണ്‍സ്. പിന്നാലെ നേഹല്‍ വധേരയെയും(15) മാർക്കസ് സ്റ്റോയിനിസിനെയും(6) പുറത്താക്കി ഭുവനേശ്വർ ആർസിബിയെ വിജയതീരത്തിനടുത്തെത്തിച്ചു. അസ്മത്തുള്ള ഒമർസായ് ഒരു റണ്ണെടുത്ത് പുറത്തായി. ഒടുക്കം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 184 റണ്‍സെടുത്തു. ജയത്തോടെ ബെംഗളൂരു കന്നി ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. 

ബെംഗളൂരു നിശ്ചിത 20 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന്റെത് ഭേദപ്പെട്ട തുടക്കമായിരുന്നു. ആദ്യ ഓവറില്‍ കത്തിക്കയറിയ ഓപ്പണർ ഫില്‍ സാള്‍ട്ട് രണ്ടാം ഓവറില്‍ തന്നെ മടങ്ങി. ഒമ്ബത് പന്തില്‍ നിന്ന് സാള്‍ട്ട് 16 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ മായങ്ക് അഗർവാളും വിരാട് കോലിയും ചേർന്ന് സ്കോറുയർത്തി. മായങ്കിന്റെ വെടിക്കെട്ടില്‍ ടീം ആറോവറില്‍ 55-ലെത്തി. പിന്നാലെ ചാഹല്‍ മായങ്കിനെ കൂടാരം കയറ്റി. 18 പന്ത് നേരിട്ട മായങ്ക് 24 റണ്‍സെടുത്തു. അതോടെ ആർസിബി 56-2 എന്ന നിലയിലായി. 


നായകൻ രജത് പാട്ടിദാറാണ് പിന്നീട് ആർസിബിയെ കരകയറ്റാനിറങ്ങിയത്. അതേസമയം ആക്രമണോത്സുക ബാറ്റിങ്ങിന് മുതിരാതെയാണ് കോലി കളിച്ചത്. പതിയെ സിംഗിളുകളുമായി ആങ്കർ റോളിലായിരുന്നു ഇന്നിങ്സ്. എന്നാല്‍ നായകൻ തകർത്തടിച്ചതോടെ ആർസിബി പത്തോവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുത്തു. 11-ാം ഓവറില്‍ പാട്ടിദാറും പുറത്തായതോടെ ആർസിബി പ്രതിരോധത്തിലായി. 26 റണ്‍സാണ് ആർസിബി നായകന്റെ സമ്ബാദ്യം. 



മധ്യഓവറുകളില്‍ വേഗം റണ്‍സ് കണ്ടെത്താനാവാത്തത് ആർസിബിക്ക് തിരിച്ചടിയായി. പിന്നാലെ കോലിയും പുറത്തായതോടെ ടീം 131-4 എന്ന നിലയിലായി. 35 പന്തുകള്‍ നേരിട്ട കോലിക്ക് 43 റണ്‍സ് മാത്രമാണ് നേടാനായത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ജിതേഷ് ശർമയും ലിവിങ്സ്റ്റണും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ സ്കോർ 170-കടന്നു. ലിവിങ്സ്റ്റണ്‍ 15 പന്തില്‍ നിന്ന് 25 റണ്‍സും ജിതേഷ് ശർമ 10 പന്തില്‍ നിന്ന് 24 റണ്‍സുമെടുത്തു. റൊമാരിയോ ഷെഫേർഡ് 17 റണ്‍സെടുത്ത് പുറത്തായി. ഒടുക്കം നിശ്ചിത 20 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ ബെംഗളൂരു 190 റണ്‍സെടുത്തു. കൈല്‍ ജേമിസണും അർഷ്ദീപ് സിങ്ങും പഞ്ചാബിനായി മൂന്ന് വിക്കറ്റെടുത്തു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക