വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ കൊല്ലം സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സംഘര്‍ഷം.
അഭിഭാഷകരും മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസിലേക്ക് കാറില്‍ വന്ന യുവാവും തമ്മില്‍ത്തല്ലി.
അഭിഭാഷകരുടെ മര്‍ദനമേറ്റ് പള്ളിക്കല്‍ സ്വദേശി സിദ്ധിഖ്(36) ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ കടക്കല്‍ സ്വദേശി ഷെമീന (33)യ്ക്കും പരിക്കേറ്റിട്ടുണ്ട്. യുവാവിന്റെ മര്‍ദനത്തില്‍ അഭിഭാഷകനായ ഐ.കെ. കൃഷ്ണകുമാറിനും പരിക്കേറ്റു. അഭിഭാഷകനെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കോടതി നടപടികളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ കൊല്ലം ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു.
കലക്ടറേറ്റ് സമുച്ചയത്തിലെ ഗതാഗതവകുപ്പ് ഓഫീസില്‍ പണം അടക്കാനെത്തിയതായിരുന്നു ഷെമീനയും അവരുടെ ബന്ധുവും ഡ്രൈവറുമായ സിദ്ദീഖും. പണമടച്ച് പുറത്തിറങ്ങിയപ്പോള്‍ തങ്ങളുടെ വാഹനം പുറത്തിറക്കാന്‍ കഴിയാത്തനിലയില്‍ വാഹനം പാര്‍ക്ക് ചെയ്ത അഭിഭാഷകനോട് കാര്‍ മാറ്റിയിടാന്‍ ആവശ്യപെട്ടു. അതിന് തയാറാകാതെ അദ്ദേഹം കോടതിയിലേക്ക് കയറിപോവുകയായിരുന്നെന്ന് സിദ്ദീഖ് പറഞ്ഞു.
ആശുപത്രിയില്‍ പോകേണ്ട അത്യാവശ്യമുണ്ടെന്നു പറഞ്ഞിട്ടും അഭിഭാഷകന്‍ ഗൗനിച്ചില്ലെന്നു പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
അരമണിക്കൂര്‍ കഴിഞ്ഞ് തിരിച്ചെത്തിയ അഭിഭാഷകന്‍ തങ്ങളുടെ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലി വാഹനത്തിലെത്തിയവരോട് തര്‍ക്കത്തിലേര്‍പ്പെട്ടു. ഇത് കൈങ്കളിയിലെത്തി. പിടിച്ചുമാറ്റാന്‍ ശ്രമിച്ച തന്നെയും മര്‍ദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്ന് ഷെമീന പറഞ്ഞു.
പോലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അഭിഭാഷകര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്ത കൃഷ്ണകുമാറിനെ സിദ്ദീഖും ഷെമീനയും കൈയേറ്റം ചെയ്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് ബാര്‍ അസോസിയേഷന്‍ അധികൃതര്‍ പറഞ്ഞു.
ഒഴിഞ്ഞുമാറിയ അഭിഭാഷകനെ വീണ്ടും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മറ്റ് അഭിഭാഷകരെത്തി രക്ഷപ്പെടുത്തുകയായിരുന്നു. അഭിഭാഷക സംരക്ഷണനിയമം നടപ്പിലാക്കണമെന്നും ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ ബാര്‍ അസോസിയേഷന്‍ ജനറല്‍ബോഡി യോഗം കൂടി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡണ്ട് ഓച്ചിറ എന്‍. അനില്‍കുമാറും സെക്രട്ടറി എ.കെ മനോജും അറിയിച്ചു.