കുടുംബ ബന്ധങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന രാജ്യമാണ് ഇന്ത്യ. ഭാര്യയും മക്കളും ഭർത്താവുമൊക്കെയായി സന്തോഷത്തോടെ ജീവിക്കണമെന്നാണ് മുതിർന്നവർ നമുക്ക് പറഞ്ഞുതരുന്നതും
ഒരുകാലത്ത് വിവാഹമോചനം എന്നത് വളരെ വിരളമായിരുന്നു. എന്നാല്‍ ദാമ്ബത്യ ജീവിതത്തില്‍ സന്തോഷമില്ലെങ്കില്‍ കടിച്ചുതൂങ്ങി നില്‍ക്കേണ്ട കാര്യമില്ലെന്നതാണ് ഇന്നത്തെ കാഴ്ചപ്പാട്.
ഒരു വീട്ടില്‍ പരസ്പരം കലഹിച്ച് ജീവിതം ഹോമിക്കുന്നതിലും നല്ലത് വേർപിരിഞ്ഞ് സമാധാനത്തോടെ കഴിയുന്നതാണ്. സമീപകാലത്ത് ഇന്ത്യയില്‍ വിവാഹമോചനക്കേസുകളില്‍ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഗാർഹിക പീഡനവും അവിഹിത ബന്ധവുമൊക്കെ ഡിവോഴ്സിന് കാരണമാകാറുണ്ട്. എന്നാല്‍ വളരെ വിചിത്രമായ കാര്യങ്ങള്‍ മൂലം വേർപിരിഞ്ഞ ചിലരും നമ്മുടെ രാജ്യത്തുണ്ട്. അത്തരത്തിലുള്ള ചില വിചിത്രമായ വിവാഹമോചനത്തെക്കുറിച്ചറിയാം.
നൂഡില്‍സ് മാത്രം ഉണ്ടാക്കുന്നു
അടുക്കള എന്നത് സ്ത്രീകളുടെ മാത്രം ഇടമായിട്ടാണ് പല പുരുഷന്മാരും കണക്കാക്കുന്നത്. പാചകം ചെയ്യുകയെന്നത് ഭാര്യയുടെ കടമയായിട്ടും മിക്കവരും കരുതുന്നു. അത്തരത്തില്‍ ഭാര്യയ്ക്ക് രുചികരമായ ഭക്ഷണം തയ്യാറാക്കാനറിയില്ലെന്നും തനിക്ക് വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കർണാടകയിലെ ബല്ലാരിയില്‍ നിന്നുള്ള ഒരാള്‍ കോടതിയെ സമീപിച്ചിരുന്നു. പ്രഭാത ഭക്ഷണമായും, ഉച്ചഭക്ഷണമായും അത്താഴമായുമൊക്കെ നൂഡില്‍സാണ് തയ്യാറാക്കുന്നതെന്നായിരുന്നു ഇയാളുടെ പരാതി. ഒടുവില്‍, പരസ്പര സമ്മതത്തോടെ ദമ്ബതികള്‍ വിവാഹമോചനം നേടി.
ലഡു മാത്രം
2019ല്‍ ഉത്തർപ്രദേശിലെ മീററ്റില്‍ നിന്നുള്ള ഒരു യുവാവാണ് ലഡുവിനെച്ചൊല്ലി ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയത്. ഭാര്യ ഒരു പൂജാരി പറയുന്നതുപ്രകാരമാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും ലഡു മാത്രമേ തനിക്ക് കഴിക്കാൻ തരുന്നുള്ളൂവെന്നായിരുന്നു യുവാവിന്റെ വാദം.
ദിവസവും രാവിലെ നാല് ലഡുവും വൈകുന്നേരം നാല് ലഡുവും തരും. മറ്റ് ഭക്ഷണങ്ങളൊന്നും കഴിക്കാൻ ഭാര്യ അനുവദിച്ചില്ല. അതിനാലാണ് പത്ത് വർഷത്തെ ദാമ്ബത്യം അവസാനിപ്പിക്കാൻ ആ ഭർത്താവ് തീരുമാനിച്ചത്.
വഴക്കിടുന്നില്ല
പരസ്പര സ്‌നേഹത്തോടെ സമാധാനത്തോടെ ജീവിക്കാനാണ് ഏവരും ആഗ്രഹിക്കുക. എന്നാല്‍ സ്‌നേഹം കൂടിപ്പോയത് പ്രശ്നമായി കാണുന്ന ചിലരുമുണ്ട്. അത്തരത്തില്‍ ഉത്തർപ്രദേശിലെ സാംബാല്‍ ജില്ലയിലെ ഒരു സ്ത്രീയുടെ പ്രശ്നം ഇതായിരുന്നു. ഭർത്താവിന് തന്നോട് വലിയ സ്നേഹമാണെന്നും ഒരിക്കല്‍പ്പോലും വഴക്കിടുന്നില്ലെന്നുമായിരുന്നു യുവതിയുടെ പരാതി. 2020ലാണ് വിചിത്ര സംഭവമുണ്ടായത്. ഒടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്‌തു.
ഭർത്താവിന്റെ പഠനം
ഭർത്താവ് എപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു ഭോപ്പാലില്‍ നിന്നുള്ള ഒരു സ്ത്രീയുടെ പരാതി. 2019ലായിരുന്നു സംഭവം. യു പി എസ് സി പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ഭർത്താവ്. എപ്പോഴും പഠനത്തില്‍ മാത്രമായിരുന്നു ശ്രദ്ധ. ഇതിനിടയില്‍ തനിക്കായി കുറച്ചുസമയം പോലും മാറ്റിവയ്ക്കുന്നില്ല. മാത്രമല്ല സ്വന്തം ബന്ധുക്കളെ സന്ദർശിക്കാനും പോകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു യുവതി കോടതിയെ സമീപിച്ചത്. ഭോപ്പാലിലെ ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റിയില്‍ ദമ്ബതികള്‍ക്കായി ഒരു കൗണ്‍സിലിംഗ് സെഷൻ നടന്നപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.
വൃത്തിയില്ല
വിവാഹം കഴിഞ്ഞ് നാല്‍പ്പത് ദിവസത്തിനുള്ളില്‍ യുവതി ഭർത്താവില്‍ നിന്ന് വിവാഹമോചനം നേടി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ഭർത്താവിന് ഒട്ടും വൃത്തിയില്ലെന്നായിരുന്നു യുവതിയുടെ ആരോപണം. അദ്ദേഹത്തിന്റെ ശരീരത്തിന് ദുർഗന്ധമുണ്ടെന്നും യുവതി വ്യക്തമാക്കിയിരുന്നു.
മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ ഭർത്താവ് കുളിച്ചിരുന്നുള്ളൂവെന്നും പകരം ആഴ്ചയില്‍ ഒരിക്കല്‍ ഗംഗാജലം തളിച്ചിരുന്നതായും ഭർത്താവ് ഫാമിലി കൗണ്‍സിലിംഗില്‍ സമ്മതിച്ചു. ഭാര്യയുടെ നിർബന്ധപ്രകാരം വിവാഹം കഴിഞ്ഞുള്ള 40 ദിവസത്തിനുള്ളില്‍ ആറ് തവണ കുളിച്ചതായും യുവാവ് പറഞ്ഞു. പൊലീസ് വിഷയത്തില്‍ ഇടപെട്ടു. ഇതോടെ ദിവസവും കുളിക്കാമെന്ന് യുവാവ് സമ്മതിച്ചു. എന്നാല്‍ ഭർത്താവിനൊപ്പം പോകാൻ യുവതി വിസമ്മതിച്ചു.