2025 | ഒക്ടോബർ 29 | ബുധൻ | തുലാം 12
◾ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വേട്ടയാടുമെന്ന രാഷ്ട്രീയസാഹചര്യം കാരണം കലാകാരന്മാര്‍ പോലും മൗനം പാലിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് സംവിധായകന്‍ ബ്ലെസി. ഭരണകൂടങ്ങളോടും നിലനില്‍പ്പിനോടും സ്വന്തത്തോടുമുള്ള ഭയങ്ങള്‍ കൊണ്ടാണ് പലപ്പോഴും നമ്മുടെ പ്രതികരണങ്ങള്‍ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷങ്ങള്‍ ഉണ്ടാവുന്നതെന്നും താനുള്‍പ്പെടുന്ന കലാകാരന്മാരും പ്രതികരണത്തെ ഭയപ്പെടുകയാണെന്നും ധൈര്യകുറവല്ല, മറിച്ച് ധൈര്യത്തെ മൂടുന്ന ഭയമാണ് പ്രശ്‌നമെന്നും ബ്ലെസി പറഞ്ഞു.
◾ പിഎം ശ്രീ തര്‍ക്കത്തില്‍ കടുത്ത നിലപാടുമായി സിപിഐ. ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാര്‍ അറിയിച്ചു. ഇന്നലെ ചേര്‍ന്ന സിപിഐ സെക്രട്ടറിയേറ്റിലാണ് തീരുമാനം. ഓണ്‍ലൈനായിട്ടാണ് യോഗം ചേര്‍ന്നത്. സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞിറങ്ങിയ ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ലാല്‍സലാം എന്ന് മാത്രമായിരുന്നു പ്രതികരണം. പ്രശ്നപരിഹാരത്തിനായി എംഎ ബേബി ഇടപെട്ടിരുന്നുവെന്നും ബിനോയ് വിശ്വവുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ച കാര്യങ്ങള്‍ തന്നെയാണ് ബേബിയും ആവര്‍ത്തിച്ചതെന്നും വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍.
◾ ദേശീയ വിദ്യാഭ്യാസ നയത്തോട് യോജിക്കാനാവില്ലെന്നും നയം വിദ്യാഭ്യാസ മേഖലയ്ക്ക് ആപത്താണെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ട് പാര്‍ട്ടി നിലപാട് ആവര്‍ത്തിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് യുഡിഎസ്എഫ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പിഎം ശ്രീ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ ഒപ്പിട്ട നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ബന്ദായിരിക്കുമെന്ന് യുഡിഎസ്എഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ, വിദ്യാഭ്യാസ ബന്ദില്‍ നിന്ന് ഒഴിവാക്കിയതായും സംസ്ഥാന കമ്മിറ്റി അറിയിച്ചു.
◾ സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് കൊടിയിറങ്ങി. ഓവറോള്‍ ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ലയ്ക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സ്വര്‍ണക്കപ്പ് സമ്മാനിച്ചു. കായികമേളയില്‍ തുടര്‍ച്ചയായ രണ്ടാം വട്ടമാണ് തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്‍മാരാകുന്നത്. തൃശ്ശൂര്‍ രണ്ടാമതെത്തിയപ്പോള്‍ കണ്ണൂര്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി.
◾ സ്‌കൂള്‍ കായിക മേളയുടെ സമാപന സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ അഭിനന്ദിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. കായിക മേളയുടെ നടത്തിപ്പ് പരാമര്‍ശിച്ചായിരുന്നു ഗവര്‍ണറുടെ അഭിനന്ദനം. നേരത്തെ സ്‌പോര്‍ട്‌സ് എക്‌സ്ട്രാ കരികുലം ആയിരുന്നുവെന്നും ഇന്ന് സ്‌പോര്‍ട്‌സ് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
◾ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നവംബര്‍ ഒന്ന് മുതല്‍ കേരളത്തില്‍ കെപിസിസി ഔദ്യോഗികമായി തുടക്കം കുറിക്കും. ദില്ലിയില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പിനുള്ള കെ.പി.സി.സി തയ്യാറെടുപ്പും തന്ത്രങ്ങളും എ.ഐ.സി.സി നേതൃത്വം വിലയിരുത്തി. കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവരാണ് ഹൈക്കമാന്‍ഡിന് മുന്നില്‍ പ്രചാരണ പദ്ധതികള്‍ അവതരിപ്പിച്ചത്. പൂര്‍ണ ഐക്യത്തോടെ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പില്‍ പോരാടണമെന്ന് എ.ഐ.സി.സി നേതൃത്വം കേരള നേതാക്കളോട് ആവശ്യപ്പെട്ടു.
◾ നിര്‍ണായകമായ രണ്ട് തെരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ നില്‍ക്കെ കേരളത്തിലെ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ എഐസിസി വിളിച്ച അടിയന്തിര യോഗത്തില്‍ നേതാക്കള്‍ ഒറ്റക്കെട്ടായി പോയേ തീരൂ എന്ന കര്‍ശന നിര്‍ദേശവുമായി രാഹുല്‍ ഗാന്ധി. കെപിസിസി അധ്യക്ഷന്‍ കൂടിയാലോചനകള്‍ നടത്തുന്നില്ല എന്നും തെരഞ്ഞെടുപ്പ് അടുക്കവെ കൂടിയാലോചനകള്‍ അനിവാര്യം എന്നും യോഗത്തില്‍ വിഡി സതീശന്‍ പറഞ്ഞുവെന്നും എന്നാല്‍ നിസ്സഹകരിക്കുന്നത് പ്രതിപക്ഷ നേതാവെന്നും പലവട്ടം ചര്‍ച്ചയ്ക്ക് ശ്രമിച്ചിട്ടും വഴങ്ങിയില്ലെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ പറഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍. ചില നേതാക്കള്‍ തന്നെയാണ് പാര്‍ട്ടിയില്‍ അനൈക്യം ഉണ്ടാക്കുന്നത് എന്നും, ഇങ്ങനെ പോയാല്‍ പാര്‍ട്ടി വെള്ളത്തില്‍ ആകുമെന്ന് കെ സുധാകരന്‍ തുറന്നടിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭാരവാഹി പട്ടികയില്‍ തഴഞ്ഞതില്‍ കടുത്ത അതൃപ്തി നേരത്തെ പരസ്യമാക്കിയ നേതാക്കളെ അടക്കം മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെസി വേണുഗോപാലും പ്രത്യേകം പ്രത്യേകം കണ്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
◾ കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി കൂമ്പന്‍പാറയില്‍ ലക്ഷം വീട് ഉന്നതി ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ എല്‍പി, യുപി വിഭാഗങ്ങള്‍ക്കാണ് ഇന്നും അവധി നല്‍കിയത്.
◾ ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ബി അനൂപിനെ സിപിഎം കുന്നംകുളം ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. തിങ്കളാഴ്ച ചേര്‍ന്ന കുന്നംകുളം ഏരിയ കമ്മിറ്റി യോഗത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ വാസു ജില്ലാ കമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
◾ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്ര കണക്കിലെടുത്ത് തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് അറിയിപ്പ്. ഒക്ടോബര്‍ 30ന് വൈകുന്നേരം 4.45 മുതല്‍ രാത്രി 8.00 വരെയാണ് വിമാന സര്‍വീസുകള്‍.
◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന്‍ മുരാരി ബാബുവിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുരാരി ബാബുവിനെ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പമിരുത്തി എസ്ഐടി ചോദ്യം ചെയ്യും. ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കാത്ത ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ച് തെളിവെടുപ്പിന് കൊണ്ടുപോകാനും സാധ്യതയുണ്ട്. അടുത്ത 30 വരെയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി.
◾ തൃശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മണ്ണൂത്തി വെറ്ററിനറി സര്‍വകലാശാലയുടെ പന്നി ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിലെ മുപ്പതോളം പന്നികള്‍ക്ക് രോഗബാധയേറ്റതായി സംശയമുണ്ട്. ബാംഗ്ലൂരിലെ എസ്ആര്‍ഡിഡി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മണ്ണുത്തി വെറ്ററിനറി ഫാമിലെ രോഗം ബാധിച്ച പന്നികളെ കൊന്നൊടുക്കും
◾ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് കാര്‍ഷിക സര്‍വകലാശാല അധികൃതര്‍. സര്‍വകലാശാലയ്ക്ക് 226 കോടി രൂപയുടെ ബാധ്യതയെന്നും അധികൃതര്‍ പറഞ്ഞു. സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടി വിസി ധനമന്ത്രിക്ക് കത്ത് നല്‍കി. പ്രതിസന്ധി മറികടക്കാന്‍ ഫീസ് വര്‍ധന അനിവാര്യമാണെന്നും മറ്റ് സര്‍വകലാശാലകളെക്കാള്‍ ഫീസ് കുറവെന്നും കത്തില്‍ വിശദീകരണം ഉണ്ട്.
◾ കാര്‍ഷിക സര്‍വകലാശാലാ ഫീസ് വര്‍ധനവില്‍പ്രതിഷേധിച്ച് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബി അശോകന്റെ വീട്ടിലേക്ക്എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാത്രി പ്രതിഷേധം നടത്തി. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദിന്റെ നേതൃത്വത്തില്‍ പൊലീസിന്റെ ഷീല്‍ഡ് ബലമായി പിടിച്ചു വാങ്ങിയാണ് ജലപീരങ്കിയെ പ്രതിരോധിച്ചത്. ബാരിക്കേഡ് ചാടിക്കടന്ന പ്രവര്‍ത്തകരെ പോലീസുകാര്‍ പിടിച്ചു മാറ്റാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് സംഘര്‍ഷം ഉണ്ടായി. ഇതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
◾ സംസ്‌കൃതം അറിയാത്ത വിദ്യാര്‍ഥിക്ക് സംസ്‌കൃതത്തില്‍ പിഎച്ച്ഡി നല്‍കാന്‍ ശുപാര്‍ശ ചെയ്ത എസ്എഫ്ഐ നേതാവിനെതിരെ പരാതി. മൂല്യനിര്‍ണയ കമ്മിറ്റി ചെയര്‍മാന്റെ ശുപാര്‍ശ റദ്ദാക്കണമെന്നാണ് പരാതിയിലുള്ളത്. കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ വിപിന്‍ വിജയനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വകുപ്പ് മേധാവി വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കി.
◾ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനിയുള്‍പ്പെട്ട ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ അന്തിമ വാദം കേള്‍ക്കല്‍ ദില്ലി ഹൈക്കോടതി വീണ്ടും മാറ്റി. എസ്എഫ്ഐഒ അന്വേഷണത്തിനും തുടര്‍ നടപടിക്കുമെതിരെ സിഎംആര്‍എല്‍ കമ്പനി നല്‍കിയ ഹര്‍ജിയിലെ വാദം കേള്‍ക്കലാണ് അടുത്ത വര്‍ഷം ജനുവരി 13-ലേക്ക് മാറ്റിയത്.
◾ സപ്ലൈകോ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. 1000 രൂപക്ക് സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്കും, 500 രൂപക്ക് വാങ്ങുമ്പോള്‍ ശബരി ഗോള്‍ഡ് ടീ പകുതി വിലയ്ക്കും ലഭിക്കും. നവംബര്‍ ഒന്നു മുതല്‍ സ്ത്രീ ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ വില്പനശാലകളില്‍ സബ്സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം വരെ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.
◾ പാലക്കാട് ചിറ്റൂര്‍ കമ്പാലത്തറയില്‍ നിന്ന് 1260 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനെതിരെ ആരോപണമുയര്‍ത്തി ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍. മുഖ്യപ്രതി ഹരിദാസന്‍ ജില്ലാ സെക്രട്ടറിയുടെ സന്തത സഹചാരിയാണെന്ന് പ്രശാന്ത് ശിവന്‍ പറഞ്ഞു. ജില്ലാ സെക്രട്ടറിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ടായിരുന്നു ജില്ലാ പ്രസിഡന്റിന്റെ ആരോപണം. സ്പിരിറ്റ് പിടികൂടിയ സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ഹരിദാസനാണ് പ്രതിയായത്.
◾ പാലക്കാട്ടെ ചിറ്റൂരിലെ സ്പിരിറ്റ് വേട്ടയില്‍ മുഖ്യപ്രതിയായ സിപിഎം ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാലക്കാട് സി പി എം പെരുമാട്ടി ലോക്കല്‍ സെക്രട്ടറിയായ ഹരിദാസനെയാണ് പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും, പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാകുന്നവിതം പ്രവര്‍ത്തിച്ചതിനുമാണെന്ന് ചിറ്റൂര്‍ ഏരിയ സെക്രട്ടറി പ്രതികരിച്ചു.
◾ ടൂറിസ്റ്റ് ബസില്‍ വെച്ചു യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. ചൂലൂര്‍ സ്വദേശി രജീഷിനെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന എ വണ്‍ ട്രാവല്‍സിന്റെ ബസ്സില്‍ വച്ചാണ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. യുവതി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്.
◾ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ആകാശയാത്ര സമ്മാനിച്ച് പൊതുവിദ്യാലയം വേറിട്ട മാതൃകയായി. പരപ്പനങ്ങാടി നെടുവ ഗവ. ഹൈസ്‌കൂളാണ് ഉന്നത വിജയികള്‍ക്ക് ആകാശ യാത്രക്ക് വഴിയൊരുക്കിയത്. പരീക്ഷക്ക് മുമ്പ് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വാഗ്ദാനമാണ് യാഥാര്‍ഥ്യമാക്കിയത്.
◾ കൊടുങ്ങല്ലൂരില്‍ കൊലക്കേസ് പ്രതിയെ ജനനേന്ദ്രിയം മുറിച്ച് വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. കൂനമ്മാവില്‍ അഗതിമന്ദിരം നടത്തുന്ന ബ്രദറും കൂട്ടാളികളും ആണ് പിടിയിലായത് . ഗുരുതരമായി പരിക്കേറ്റ അരൂര്‍ സ്വദേശി സുദര്‍ശന്‍ ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല. കഴിഞ്ഞ മാസം 22 നാണ് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപത്ത് വഴിയരികില്‍ സുദര്‍ശന്‍ എന്ന 44 കാരനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തുന്നത്.
◾ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാണോയെന്ന് പരിശോധിക്കാനുള്ള ഫുള്‍ സ്‌കെയില്‍ എമര്‍ജന്‍സി മോക്ഡ്രില്‍ കൊച്ചി വിമാനത്താവളത്തില്‍ നടത്തി. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ രണ്ടുവര്‍ഷത്തില്‍ ഒരിക്കലാണ് വിമാന അപകടത്തിന് സമാനമായ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച് സമ്പൂര്‍ണ മോക്ഡ്രില്‍ നടത്തുന്നത്.
◾ പാലക്കാട് മണ്ണാര്‍ക്കാട് പത്താം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് മണലടി സ്വദേശി റിയാസിന്റെ മകന്‍ റിസ്വാനാണ് മരിച്ചത്. മണ്ണാര്‍ക്കാട് ഡിഎച്ച്എസ്എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മണലടി മസ്ജിദിനോട് ചേര്‍ന്ന ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ ദുരൂഹതയില്ലെന്ന് മണ്ണാര്‍ക്കാട് പൊലീസ് പറഞ്ഞു.
◾ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നതിന്റെ കാരണങ്ങളറിയാന്‍ സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈ ഐ.സി.എം.ആര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേര്‍ന്നുള്ള ഫീല്‍ഡുതല പഠനം ആരംഭിച്ചു. കോഴിക്കോടാണ് ഫീല്‍ഡുതല പഠനം ആരംഭിച്ചത്.
◾ കൊവിഡ് കാലത്ത് ജീവന്‍ നഷ്ടമായ സ്വകാര്യ ക്ലിനിക്കുകളിലെയടക്കം ഡോക്ടമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്തതില്‍ ശക്തമായ നിരീക്ഷണവുമായി സുപ്രീം കോടതി. 'ഡോക്ടര്‍മാരെ കരുതാതിരിക്കുകയും അവര്‍ക്ക് വേണ്ടി നിലകൊള്ളാതിരിക്കുകയും ചെയ്താല്‍ സമൂഹം നമുക്ക് മാപ്പ് തരില്ല,' - എന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.
◾ കരൂര്‍ ദുരന്തത്തിന് ശേഷം സജീവമാകാനൊരുങ്ങി വിജയ്. ചൊവ്വാഴ്ച രണ്ട് പേജുള്ള വിശദമായ പ്രസ്താവനയുമായാണ് സര്‍ക്കാറിനെതിരെ വിജയ് രംഗത്തെത്തിയത്. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നെല്‍കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ദരിദ്രരുടെ ദുരവസ്ഥയോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത് കടുത്ത അവഗണനയും നിസ്സംഗതയുമാണെന്നും കുറ്റപ്പെടുത്തി. ടിവികെയുടെ പ്രത്യേക ജനറല്‍ കൗണ്‍സില്‍ യോഗം ഉടന്‍ നടക്കാനിരിക്കെയാണ് നടന്റെ പ്രസ്താവന എന്നതും ശ്രദ്ധേയം.
◾ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറക്കുന്നതിനും പുകമഞ്ഞ് നിയന്ത്രിക്കുന്നതിനും ദില്ലിയിലെ പല ഭാഗങ്ങളിലും കൃത്രിമ മഴ പെയ്യിക്കാനുള്ള നടപടി ആരംഭിച്ചു. വിമാനങ്ങള്‍ ഉപയോഗിച്ച് ക്ലൗഡ് സീഡിങ് നടത്തി. ക്ലൗഡ് സീഡ് വഹിച്ചുകൊണ്ട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാണ്‍പൂരില്‍ നിന്നുള്ള വിമാനമാണ് പറന്നത്. വടക്കന്‍ ദില്ലിയിലെ ഈര്‍പ്പം നിറഞ്ഞ മേഘങ്ങള്‍ക്ക് മുകളിലൂടെയാണ് ക്ലൗഡ് സീഡിങ് നടത്തിയത്.
◾ ഛാഠ് പൂജയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കുളിയ്ക്കാന്‍ഡല്‍ഹിസര്‍ക്കാര്‍ കൃത്രിമ ജലാശയം നിര്‍മ്മിച്ചുവെന്ന് ആരോപണം. ശുദ്ധീകരിച്ച ജലം ഉപയോഗിച്ച് നദിയോട് ചേര്‍ന്ന്'കൃത്രിമ യമുന' നിര്‍മിച്ചെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഡല്‍ഹിയിലേക്ക് വിതരണം ചെയ്യുന്ന കുടിവെള്ളമാണ് കൃത്രിമ യമുന നിര്‍മ്മിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. വസീറാബാദിലെ ജല ശുദ്ധീകരണ പ്ലാന്റില്‍നിന്നാണ് ഇതിനായി വെള്ളം എത്തിച്ചതെന്നും ആം ആദ്മി ആരോപിച്ചു. എന്നാല്‍, ആരോപണം നിഷേധിച്ച് ബിജെപി രംഗത്തെത്തി.
◾ ഹോട്ടലില്‍ നിന്ന് മൂക്കുമുട്ടെ ഭക്ഷണം കഴിച്ച് പണം കൊടുക്കാതെ മുങ്ങിയ സംഭവത്തില്‍ ഗുജറാത്തില്‍ നിന്ന് രാജസ്ഥാനിലെത്തിയ യുവതിയടക്കം അഞ്ച് പേരെ പിടികൂടി. ഹോട്ടല്‍ ജീവനക്കാരും പൊലീസും ചേര്‍ന്ന് അഞ്ചംഗ സംഘം സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്ന് രാജസ്ഥാന്‍-ഗുജറാത്ത് അതിര്‍ത്തിയില്‍ വച്ചാണ് പിടികൂടിയത്. അതിര്‍ത്തിയിലെ ട്രാഫിക് ബ്ലോക്കാണ് ഇവര്‍ പിടിയിലാകാന്‍ കാരണമായത്. 10,900 രൂപയുടെ ബില്ലാണ് ഇവര്‍ അടക്കാതെ മുങ്ങിയത്.
◾ പൊതുയിടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന ഉത്തരവിന് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ആര്‍എസ്എസ് പരിപാടികള്‍ ലക്ഷ്യമിട്ട് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിന് ഇടക്കാല സ്റ്റേ അനുവദിച്ചത് കര്‍ണാടക ഹൈക്കോടതിയുടെ ധാര്‍വാഡ് ബെഞ്ചാണ്. കേസ് നവംബര്‍ 17ന് വീണ്ടും പരിഗണിക്കും. അപ്പീല്‍ നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
◾ ഇന്ത്യന്‍ വംശജനായ ബിസിനസുകാരനെ കാനഡയില്‍ വീട്ടുമുറ്റത്ത് വച്ച് വെടിവച്ച് കൊലപ്പെടുത്തി. കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ലുധിയാന സ്വദേശിയായ ദര്‍ശന്‍ സിങ് സഹ്സിയാണ് കൊല്ലപ്പെട്ടത്. കാനം ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ പ്രസിഡന്റായിരുന്നു.ദര്‍ശന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങി സ്വന്തം കാറില്‍ കയറിയ ഉടന്‍ അക്രമിയെത്തി വെടിയുതിര്‍ത്തുവെന്നാണ് നിഗമനം.
◾ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോന്താ ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത്. ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കാക്കി ഗ്രാമത്തിനുമിടയ്ക്കായാണ് മോന്‍താ കരതൊട്ടത്. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കാറ്റ് പൂര്‍ണമായും കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
◾ ഛാഠ് പൂജയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കുളിയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ കൃത്രിമ ജലാശയം നിര്‍മ്മിച്ചുവെന്ന് ആരോപണം. ശുദ്ധീകരിച്ച ജലം ഉപയോഗിച്ച്..നദിയോട് ചേര്‍ന്ന് 'കൃത്രിമ യമുന' നിര്‍മിച്ചെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.എന്നാല്‍, ആരോപണം നിഷേധിച്ച് ബിജെപി രംഗത്തെത്തി.
◾ ഷിക്കാഗോയില്‍ നിന്ന് ജര്‍മ്മനിയിലേക്ക് പോയ ലുഫ്താന്‍സ വിമാനത്തില്‍ സംഘര്‍ഷം. രണ്ട് കൗമാരക്കാരെ ഫോര്‍ക്ക് ഉപയോഗിച്ച് കുത്തിയ ഇന്ത്യാക്കാരന്‍ പ്രണീത് കുമാര്‍ ഉസിരിപ്പള്ളിയെ യുഎസില്‍ അറസ്റ്റ് ചെയ്തു. പ്രണീതിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് തോളിലും മറ്റൊരാള്‍ക്ക് തലയുടെ പിന്നിലും പരിക്കേറ്റു. പരിക്കേറ്റവര്‍ ചികിത്സയിലാണ്.പൊലീസെത്തി പ്രണീതിനെ കസ്റ്റഡിയിലെടുത്തു.
◾ റഷ്യയില്‍നിന്ന് പുതുതായി എണ്ണ വാങ്ങുന്നതിന് കരാറുകളില്‍ ഏര്‍പ്പെടാതെ ഇന്ത്യന്‍ റിഫൈനറികള്‍. റഷ്യയിലെ രണ്ട് വമ്പന്‍ എണ്ണക്കമ്പനികള്‍ക്കുമേല്‍ യുഎസ് കര്‍ശന ഉപരോധം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ കമ്പനികള്‍ ഇത്തരമൊരു നിലപാട് കൈക്കൊണ്ടത്.
◾ സംഘര്‍ഷം ഒഴിവാക്കുന്നതിനായി പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്ന് ദിവസം ചര്‍ച്ചയില്‍ സമാധാന ശ്രമത്തിന് അഫ്ഗാന്‍ താലിബാന്‍ സഹകരണം ഉറപ്പുനല്‍കിയെങ്കിലും പാകിസ്ഥാന്റെ രേഖാമൂലമുള്ള ഉറപ്പ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.
◾ ഗാസയില്‍ ഇരുപതിനായിരത്തോളം സൈനികരെ വിന്യസിക്കാനൊരുങ്ങി പാകിസ്താന്‍. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ഉന്നതോദ്യഗസ്ഥരുമായും യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ ഉദ്യോഗസ്ഥരുമായും പാക് സൈനിക മേധാവി അസിം മുനീര്‍ ഈജിപ്തില്‍ ഈ മാസം തുടക്കത്തില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. യുദ്ധാനന്തര ഗാസയിലെ പുനരധിവാസ ശ്രമങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. പ്രത്യുപകരമായി പാക്കിസ്ഥാന് വലിയ സാമ്പത്തിക പാക്കേജുകളും വായ്പകളും ലഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
◾ തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിനുനേരെ ഹമാസ് വെടിയുതിര്‍ത്തെന്ന് ആരോപിച്ച് ശക്തമായ ആക്രമണം നടത്താന്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഉത്തരവിട്ടതിനു പിന്നാലെ ഗാസയില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. ആക്രമണത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. അതേസമയം, ഇസ്രയേല്‍ കരാര്‍ ലംഘിക്കുകയാണെന്നു ഹമാസും ആരോപിക്കുന്നു. ആക്രമണഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍, ബന്ദിയുടെ മൃതദേഹം കൈമാറുന്നതു വൈകുമെന്നു ഹമാസ് പ്രതികരിച്ചു.
◾ കെനിയയിലെ മാസായി മാര ദേശീയോദ്യാനത്തിലേക്ക് പോകുകയായിരുന്ന ചെറുവിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 11 പേരും മരിച്ചു. വിനോദസഞ്ചാര കേന്ദ്രമായ ഡയാനിയില്‍ നിന്ന് ലോകപ്രശസ്തമായ മാസായി മാര ദേശീയോദ്യാനത്തിനുള്ളിലെ കിച്ച്വ ടെംബോ എയര്‍സ്ട്രിപ്പിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
◾ ഈ വര്‍ഷം ലോകം കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റായ മെലിസ ജമൈക്കയിലേക്ക് എത്തി. മണിക്കൂറില്‍ 282 കിലോമീറ്റര്‍ വേഗതയുള്ള കാറ്റഗറി 5 തീവ്രചുഴലിയാണ് ഇത്. മെലിസ ജമൈക്കയ്ക്ക് മേല്‍ വന്‍ ദുരന്തം സൃഷ്ടിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. വിനാശകരമായ കാറ്റിനും അതിദുരിതം തീര്‍ക്കുന്ന വെള്ളപ്പൊക്കത്തിനും കാരണമാകുമെന്ന് യുഎസ് നാഷണല്‍ ഹരിക്കേന്‍ സെന്റര്‍ അറിയിച്ചിട്ടുണ്ട്.
◾ ഇന്ത്യന്‍ ക്രിക്കറ്റ് ലോബിയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) നിയന്ത്രിക്കുന്നതെന്ന ഗുരുതര ആരോപണവുമായി മുന്‍ മാച്ച് റഫറി ക്രിസ് ബ്രോഡ്...ദി ടെലിഗ്രാഫിന് അനുവദിച്ച അഭിമുഖത്തില്‍ ഗുരുതര വെളിപ്പെടുത്തലുകളാണ് ക്രിസ് ബ്രോഡ് നടത്തിയത്.
◾ ഇന്ത്യാ- ഓസ്‌ട്രേലിയ ട്വന്റി 20 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ഇന്ന് 1.45 ന് ആരംഭിക്കും. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം മത്സരത്തിനിറങ്ങുമ്പോള്‍ മിച്ചല്‍ മാര്‍ഷാണ് ഓസ്‌ട്രേലിയയെ നയിക്കുന്നത്.
◾ 12 വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പണം അയക്കാനും സ്വീകരിക്കാനും കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം. എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ടുകള്‍ ഉപയോഗിച്ച് യുപിഐ ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് പേടിഎം പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പേടിഎം ആപ്പില്‍ ലോഗിന്‍ ചെയ്ത ശേഷം ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇടപാട് നടത്താനായി പേടിഎം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം തുറക്കുക അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ഇടപാടുകള്‍ തല്‍ക്ഷണം നടത്തുന്നതിന് എസ്എംഎസ് വഴി നമ്പര്‍ വെരിഫൈ ചെയ്യുക. ബാങ്ക് അക്കൗണ്ടുമായി മൊബൈല്‍ നമ്പറിനെ ലിങ്ക് ചെയ്യിക്കുക എന്നതാണ് അടുത്ത പടി. ഉപയോക്താക്കള്‍ക്ക് യുപിഐ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തോ ഇന്ത്യന്‍ ആപ്പുകളിലും വെബ്സൈറ്റുകളിലും ഓണ്‍ലൈനായി ഷോപ്പിങ് നടത്തിയോ ഇടപാട് നടത്താന്‍ കഴിയുമെന്ന് പേടിഎം അറിയിച്ചു.
◾ കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും പ്രധാന വേഷത്തിലെത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തിന് ഇന്ന് തുടക്കം. ശ്രദ്ധേയ എഡിറ്റര്‍ കിരണ്‍ ദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 'പനോരമ സ്റ്റുഡിയോസ് പ്രൊഡക്ഷന്‍ നമ്പര്‍ 3' എന്ന പേരിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രദ്ധേയ എഴുത്തുകാരനും സംവിധായകനുമായ ഷാഹി കബീറാണ്. ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാറിന്റേയും ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രമൊരുക്കുന്നത്. കുഞ്ചാക്കോ ബോബനും ലിജോമോള്‍ക്കും ഒപ്പം സുധീഷ്, ഷാജു ശ്രീധര്‍, കൃഷ്ണ പ്രഭ, സിബി തോമസ്, സാബുമോന്‍, അരുണ്‍ ചെറുകാവില്‍, വിനീത് തട്ടില്‍, ഉണ്ണി ലാലു, നിതിന്‍ ജോര്‍ജ്, കിരണ്‍ പീതാംബരന്‍, ജോളി ചിറയത്ത്, തങ്കം മോഹന്‍, ശ്രീകാന്ത് മുരളി, ഗംഗാ മീര തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
◾ മറാഠി സിനിമയ്ക്കായി മലയാളി ഒരുക്കിയ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ലയണ്‍ ഹാര്‍ട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ക്രിസ്റ്റസ് സ്റ്റീഫന്‍ സംവിധാനം ചെയ്ത മറാഠി സിനിമയായ 'തു മാസാ കിനാരാ' എന്ന സിനിമയിലെ 'മാസാതു കിനാരാ' എന്ന ഗാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വര്‍ഷങ്ങളായി സംഗീത രംഗത്ത് പ്രവര്‍ത്തിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ കുടിയായ ക്രിസ്റ്റസ് സ്റ്റീഫന്‍ സംഗീതം നല്‍കിയ ഗാനം കൂടിയാണ് ഇപ്പോള്‍ സംഗീതാസ്വാദകരുടെ ഹൃദയം കവര്‍ന്നിട്ടുള്ളത്. ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിരിക്കുകയാണ്. മലയാളികളുടെ കൂട്ടായ്മയിലൊരുങ്ങുന്ന മറാത്തി ചിത്രം കൂടിയാണ് 'തു മാത്സാ കിനാരാ'. ഒരു അച്ഛന്റെയും അപകടത്തിലൂടെ ബധിരയും മൂകയുമായ മകളുടെയും കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ജീവിത യാത്രയാണ് ഈ ചിത്രം പറയുന്നത്.
◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഫ്‌ലാഗ്ഷിപ്പ് എസ്യുവിയായ സിയറ നവംബര്‍ 25 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പുറത്തുവന്ന പുതിയ വിവരങ്ങള്‍ അനുസരിച്ച് മഹീന്ദ്ര എക്സ്ഇവി 9ഇ യ്ക്ക് സമാനമായി ടാറ്റയുടെ ആദ്യത്തെ മൂന്ന്-സ്‌ക്രീന്‍ ഡാഷ്ബോര്‍ഡ് ലേഔട്ട് സിയറയില്‍ ഉള്‍പ്പെടുത്തും. കൂടാതെ എസി കണ്‍ട്രോളുകള്‍ക്കുള്ള ടച്ച് പാനല്‍, പനോരമിക് ഗ്ലാസ് റൂഫ്, 360-ഡിഗ്രി കാമറ, പവര്‍ഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എഡിഎഎസ് സ്യൂട്ട് എന്നിവ ഉള്‍ക്കൊള്ളുന്ന സാങ്കേതികവിദ്യയില്‍ സമ്പന്നമായ ഒരു കാബിന്‍ അനുഭവം എസ്യുവി വാഗ്ദാനം ചെയ്യും. പുതിയ, തിളക്കമുള്ള ലോഗോയോട് കൂടിയ പുതിയ സ്റ്റിയറിങ് വീലാണ് മറ്റൊരു പ്രത്യേകത. ഡീസല്‍ പവര്‍ട്രെയിനുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന സഫാരി, ഹാരിയര്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി, ടാറ്റ സിയറ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.
◾ നല്ലൊരു ചായ കുടിച്ചാല്‍ എല്ലാം ഓക്കെയാവുമെന്നു കരുതി കഫേയിലേക്കിറങ്ങുന്നവരല്ലേ നമ്മളില്‍ പലരും... അങ്ങനെ മലബാര്‍ കഫേയിലെത്തിയ ഒരുകൂട്ടം മനുഷ്യരുടെ കഥയാണിത്... ഓരോരുത്തര്‍ക്കും പറയാന്‍ ഓരോ കഥകളുണ്ട്... ഓരോ ജീവിതവും. ഇതില്‍ നനുത്ത പ്രണയമുണ്ട്... അടക്കാനാവാത്ത നൊമ്പരമുണ്ട്... നെഞ്ചോടുചേര്‍ത്ത സൗഹൃദങ്ങളുണ്ട്... വിദ്വേഷത്തിന്റെ വേദനയും കണ്ണുനീരുമുണ്ട്... സാധാരണക്കാരായ ചില മനുഷ്യരുടെ വര്‍ത്തമാനങ്ങളുടെ നേര്‍ച്ചിത്രം. 'മലബാര്‍ കഫേ'. സുധ തെക്കേമഠം. ഡിസി ബുക്സ്. വില 234 രൂപ.
◾ ചര്‍മത്തെ യുവത്വമുള്ളതാക്കി സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന പ്രോട്ടീന്‍ ആണ് കൊളാജന്‍. ഇത് ചര്‍മത്തിന്റെ ഇലാസ്തികതയും ദൃഢതയും നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൊളാജന്റെ ഉല്‍പാദനം കുറയുന്നതോടെ ചര്‍മത്തിന്റെ ഇലാസ്തികത നഷ്ടമാകാനും ചര്‍മത്തില്‍ ചുളിവുകള്‍ സംഭവിക്കാനും കാരണമാകുന്നു. അതുകൊണ്ടു തന്നെ ചര്‍മത്തിലെ കൊളാജന്‍ നഷ്ടപ്പെടാതിരിക്കേണ്ടത് അനിവാര്യമാണ്. ചര്‍മത്തില്‍ നിന്ന് കൊളാജന്‍ നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് വെയിലുമായുള്ള സമ്പര്‍ക്കമാണ്. ഇത് കൊളാജന്‍ തകര്‍ക്കുന്ന എന്‍സൈമുകളുടെ ഉത്പാദനത്തെ പ്രേരിപ്പിക്കുന്നതാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോഴെല്ലാം സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണമെന്നത് വളരെ പ്രധാനമാണ്. പുകവലി ചര്‍മത്തിന്റെ ആരോഗ്യത്തിന് ഹാനീകരമാണ്. ഇത് രക്തയോട്ടം പരിമിതപ്പെടുത്തുകയും വീക്കം ഉണ്ടാക്കുകയും കൊളാജന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് നയിക്കുകയും ചെയ്യും. കൊളാജന്‍ ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ വെള്ളം അനിവാര്യമാണ്. നിര്‍ജലീകരണം ചര്‍മ്മത്തിലെ കൊളാജന്‍ നഷ്ടപ്പെടുന്നതിന്റെ വേഗത കൂട്ടും. അതുകൊണ്ട് ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വെള്ളരിക്ക, തണ്ണിമത്തന്‍, ഓറഞ്ച് തുടങ്ങിയ വെള്ളമടങ്ങിയ പഴങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് ചര്‍മത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ശരീരത്തെ റിപ്പെയര്‍ ആന്‍ റീജനറേറ്റ് എന്ന പ്രക്രിയയിലൂടെ കൊണ്ടുപോകുന്നത് ഉറക്കമാണ്. ഉറങ്ങുമ്പോള്‍ ചര്‍മ്മത്തില്‍ കൊളാജന്‍ ഉത്പാദനം നടക്കും. എന്നും ഏഴ്-എട്ട് മണിക്കൂര്‍ ഉറങ്ങുന്നത് കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. സമ്മര്‍ദം കൂടുന്നത് ചര്‍മ്മത്തിന് കൊളാജന്‍ നഷ്ടപ്പെടാന്‍ കാരണമാകും. മെഡിറ്റേഷന്‍, യൊഗ, ശ്വസന വ്യായാമങ്ങള്‍ തുടങ്ങിയവ സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. നടത്തം, വ്യായാമം എന്നിങ്ങനെയുള്ള ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും സമ്മര്‍ദത്തെ കുറയ്ക്കാന്‍ സഹായിക്കും.

