Click to learn more 👇

ഇരട്ട ന്യൂനമര്‍ദ്ദം, ചക്രവാതച്ചുഴി; കേരളത്തില്‍ പലയിടത്തും മിന്നല്‍പ്രളയങ്ങള്‍ക്കും സാധ്യത; അതിശക്ത മഴയ്ക്കും സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്


 

തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള കേരള കര്‍ണാടക തീരങ്ങള്‍ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായി നിലനിന്നിരുന്ന ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി.


ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി തീവ്ര ന്യൂനമര്‍ദ്ദമായി മാറി ശക്തിപ്രാപിക്കാന്‍ സാധ്യത. മാന്നാര്‍ കടലിടുക്കിനു മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. തെക്കന്‍ ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്ന തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.


ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ പലയിടത്തും മിന്നല്‍പ്രളയങ്ങള്‍ക്കും സാധ്യതയുണ്ട്. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും ലക്ഷദ്വീപിലും ഞായറാഴ്ച തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.


ഒക്ടോബര്‍ 21-ഓടെ തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി, തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മദ്ധ്യഭാഗങ്ങളിലും അതിനോട് ചേര്‍ന്ന പടിഞ്ഞാറന്‍-മദ്ധ്യ ബംഗാള്‍ ഉള്‍ക്കടലിലുമുള്ള ഭാഗങ്ങളിലും തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത. കേരളത്തില്‍ ഒക്ടോബര്‍ 24 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക