പൂജാരിയെ പറ്റിച്ച് 68 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയില്‍. മണ്ണാർക്കാട് പയ്യനടം കുണ്ടുതൊടിക്ക വീട്ടില്‍ മുബീന (35) ആണ് അറസ്റ്റിലായത്
കൊച്ചിയിലെ ലുലു മാളില്‍ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
മനിശ്ശേരി മനയിലെ ബ്രഹ്മദത്തൻ നമ്ബൂതിരിപ്പാടിന്റെ ഏകമകള്‍ ഡോ. നിഖിതയാണ് താൻ എന്നായിരുന്നു മുബീന പൂജാരിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഐ.വി.എഫ് ആശുപത്രിയില്‍ പാർട്ണറാക്കാം എന്നു പറഞ്ഞാണ് മുബീന പണം തട്ടിയെടുത്തത്.
ഡോക്ടറാണെന്നും കോടികളുടെ സ്വത്തിന്റെയും അവകാശിയാണെന്നും യുവതി പൂജാരിയെ പറഞ്ഞുവിശ്വസിപ്പിച്ചു. പുരുഷൻമാരായ അവകാശികളില്ലാത്തതിനാല്‍ പൂജാരിയെ ദത്തെടുക്കാൻ തയാറെന്ന് പറഞ്ഞാണ് യുവതി ഇരയുടെ വിശ്വാസം നേടിയത്. തുടർന്ന് സ്റ്റാമ്ബ് പേപ്പറില്‍ ദത്തെടുക്കല്‍ രേഖയും തയ്യാറാക്കി.
താൻ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടറാണെന്ന് പറഞ്ഞ് സഹപ്രവർത്തകരുടെ സഹായത്തോടെ പൂജാരിയെ ആശുപത്രിയിലും വിളിച്ചു കണ്ടു. ഐ.വി.എഫ് ആശുപത്രി തുടങ്ങാനാണ് പദ്ധതി എന്നും അതില്‍ പങ്കാളിയാക്കാമെന്നും വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതാണെന്ന് പൊലീസ് പറഞ്ഞു.
മുബീനയുടെ പക്കല്‍ നിന്ന് ലക്ഷക്കണക്കിന് രൂപയും സ്വർണാഭരണങ്ങളും പൊലിസ് പിടിച്ചെടുത്തു. ഇവരുടെ ലിവിംഗ് ടുഗദെർ പങ്കാളിയായ ആലപ്പുഴ സ്വദേശി ശ്യാം (33) നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഒമ്ബതാം ക്ലാസ് വരെ മാത്രമുള്ള വിദ്യാഭ്യാസമുള്ള മുബീന സമാന രീതിയില്‍ നിരവധി പേരെ വഞ്ചിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

