യുഎസിലെ ടെക്സസില്‍ ഇന്ത്യൻ വിദ്യാർഥിനിയെ അപ്പാർട്ട്മെൻ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാ പ്രദേശ് സ്വദേശിയായ രാജലക്ഷ്മി യാർലഗഡ്ഡ (രാജി - 23) ആണ് മരിച്ചത്.
ടെക്സസിലെ എ ആൻ്റ് എം യൂണിവേഴ്സിറ്റി കോർപസ് ക്രിസ്റ്റിയില്‍നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം സജീവമായി ജോലി അന്വേഷിക്കുന്നതിനിടെയാണ് രാജലക്ഷ്മിയുടെ അന്ത്യം.
നവംബർ ഏഴിനാണ് രാജലക്ഷ്മി മരണപ്പെട്ടത്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി രാജലക്ഷ്മിക്ക് കടുത്ത ചുമയും നെഞ്ചുവേദനയും ഉണ്ടായിരുന്നതായി കസിനായ ചൈതന്യ വൈവികെ പറഞ്ഞു. നവംബർ ഏഴിന് രാവിലെ അലാം അടിച്ചിട്ടും അവള്‍ ഉണർന്നില്ലെന്ന് ചൈതന്യ പറഞ്ഞു. പിന്നീട് സുഹൃത്തുക്കള്‍ മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ആന്ധ്രയിലെ ബാപട്ല ജില്ലയിലുള്ള കർമേചേഡ് ഗ്രാമത്തില്‍ നിന്നുള്ള രാജലക്ഷ്മി കർഷകരായ തൻ്റെ മാതാപിതാക്കളെ സഹായിക്കാൻ വേണ്ടിയാണ് ഒരുപാട് സ്വപ്നങ്ങളുമായി യുഎസിലേക്ക് എത്തിയതെന്ന് ചൈതന്യ പറഞ്ഞു. അവളുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തെ മാനസ്സികമായും സാമ്ബത്തികമായും തളർത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
ആന്ധ്രയിലുള്ള രാജലക്ഷ്മിയുടെ കുടുംബത്തിന് സഹായം നല്‍കാനായി ചൈതന്യ ടെക്സസിലെ ഡെൻ്റണില്‍നിന്ന് ധനസമാഹരണം ആരംഭിച്ചു. ഓണ്‍ലൈൻ പ്ലാറ്റ്ഫോമായ ഗോ ഫണ്ട് മീ വഴിയാണ് ധനസമാഹരണം തുടങ്ങിയത്. മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാനും സംസ്കാരം നടത്താനുമുള്ള ചെലവിനുള്ള തുക കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ധനസമാഹരണം. കൂടാതെ, വിദ്യാഭ്യാസ വായ്പ അടച്ചുതീർത്ത് മാതാപിതാക്കള്‍ക്ക് സാമ്ബത്തിക സഹായം നല്‍കാനും ധനസമാഹരണത്തിലൂടെ ലക്ഷ്യമിടുന്നു. ഇതുവരെ 1,25,000ത്തിലധികം ഡോളർ (ഏകദേശം 1.11 കോടി രൂപ) ലഭിച്ചിട്ടുണ്ട്.
രാജലക്ഷ്മിയുടെ മരണകാരണം കണ്ടെത്താനുള്ള പരിശോധന യുഎസില്‍ ആരംഭിച്ചു. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനായി ടെക്സസിലെ ഇന്ത്യൻ സമൂഹം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ കോണ്‍സുലേറ്റും ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂർത്തിയാക്കാൻ സഹായം നല്‍കിയേക്കും.

