Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (08/11/2025)


 

2025 | നവംബർ 8 | ശനി | തുലാം 22 | 


◾  തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ ഭരണസമിതി?. കെ ജയകുമാര്‍ ഐഎഎസ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം ഇന്നുണ്ടാകും. മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിര്‍ദേശപ്രകാരമാണ് കെ ജയകുമാറിന്റെ പേര് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വലിയ രീതിയുലുള്ള പ്രതിരോധത്തില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.



◾  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം, വെല്ലുവിളി എന്നതിനേക്കാള്‍ വലിയ അവസരമായി കാണുന്നുവെന്നും സീസണ്‍ ഭംഗിയാക്കാനാണ് ആദ്യ പ്രയോറിറ്റി എന്നും കെ ജയകുമാര്‍ ഐഎഎസ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേല്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ജയകുമാറിന്റെ പ്രതികരണം. വിശ്വാസികളുടെ വിശ്വാസത്തെ കാത്തുരക്ഷിക്കണമെന്നും സര്‍ക്കാര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസവും കാക്കണം എന്നാണ് ജയകുമാര്‍ പ്രതികരിച്ചത്. നാളെയാണ് ഉത്തരവ് വരുന്നതെങ്കില്‍ നാളത്തന്നെ അല്ലെങ്കില്‍ മറ്റന്നാള്‍ തന്നെ പോയി ചുമതലയേല്‍ക്കുമെന്നും ജയകുമാര്‍ പ്രതികരിച്ചു.


◾  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. നിലവിലെ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അടക്കമുള്ളവരെ മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ പ്രസിഡന്റിനെ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.


◾  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ വെള്ളിയാഴ്ച അറസ്റ്റിലായ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്.ബൈജുവിനെ റിമാന്‍ഡ് ചെയ്തു. ശബരിമല കട്ടിളപ്പാളി കേസിലെ നാലാം പ്രതിയാണ് കെഎസ് ബൈജു. മുരാരി ബാബുവിനെ തിങ്കളാഴ്ച വരെ എസ്ഐടി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഡി.സുധീഷ് കുമാര്‍ 12ാം തീയതി വരെ എസ്ഐടി കസ്റ്റഡിയിലാണുള്ളത്. പോറ്റി നവീകരിച്ച് തിരികെ എത്തിച്ച കട്ടിളപ്പാളികള്‍ പരിശോധിച്ച് ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


◾  ശബരിമല സ്വര്‍ണക്കൊള്ളയില്‍ സമരം തുടരാന്‍ കോണ്‍ഗ്രസ്. 12ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ശബരിമല സ്വര്‍ണ കവര്‍ച്ചയില്‍ ഹൈക്കോടതിയുടെ നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നും സണ്ണി ജോസഫ് പറഞ്ഞു.


◾  സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ബിജെപി. മതംനോക്കി ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ സംവരണം നല്‍കാനാണ് തീരുമാനം. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കാനാണ് ബിജെപി സര്‍ക്കുലറില്‍ പറയുന്നത്. ബിജെപിയുടെ സര്‍ക്കുലറിനെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രൂക്ഷമായി വിമര്‍ശിച്ചു . പരാജയ ഭീതിയില്‍ ബിജെപി എന്തും ചെയ്യുമെന്നും, എന്നാല്‍ കേരളത്തില്‍ വലിയ വേരോട്ടം ഒരിക്കലും ബിജെപിക്ക് ഉണ്ടാവില്ല എന്നും വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ശിവന്‍കുട്ടി പറഞ്ഞു.


◾  സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയ്ക്ക് പാലക്കാട് തുടക്കം. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. 14 ജില്ലകളില്‍ നിന്നായി പതിനായിരത്തോളം ശാസ്ത്ര പ്രതിഭകളാണ് പങ്കെടുക്കുന്നത്. ശാസ്ത്രം, ഗണിതം, ഐടി, പ്രവൃത്തി പരിചയം, സാമൂഹ്യശാസ്ത്രം, വൊക്കേഷണല്‍ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. മന്ത്രിമാരായ വി ശിവന്‍ കുട്ടി, എംബി രാജേഷ് എന്നിവര്‍ക്കൊപ്പം പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലും ചടങ്ങില്‍ പങ്കെടുത്തു.



◾  അടുത്ത വര്‍ഷം മുതല്‍ ശാസ്ത്ര മേളയ്ക്ക് ഏറ്റവും കൂടുതല്‍ പോയിന്റ് വാങ്ങുന്ന ജില്ലയ്ക്ക് സ്വര്‍ണ്ണ കപ്പ് നല്‍കുമെന്നും ശാസ്ത്രമേളയില്‍ വിജയികള്‍ക്ക് നല്‍കുന്ന കാഷ് പ്രൈസ് ഉയര്‍ത്തുന്ന കാര്യം ആലോചിക്കുമെന്നും പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ 57-മത് സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം പാലക്കാട് ഗവ.മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


◾  സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ് നടന്നതായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ കണ്ടെത്തല്‍. കായികമേളയില്‍ മെഡല്‍ നേടിയ ഉത്തര്‍പ്രദേശുകാരി ജ്യോതി ഉപാധ്യ പ്രായത്തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തല്‍. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍, 200 മീറ്റര്‍ മത്സരങ്ങളില്‍ ജ്യോതി വെള്ളി മെഡല്‍ നേടിയിരുന്നു. ഈ ഇനങ്ങളില്‍ നാലാം സ്ഥാനം നേടിയ മത്സരാര്‍ഥികളാണ് നേരത്തേ സംഘാടകര്‍ക്ക് പരാതി നല്‍കിയത്.


◾  എറണാകുളം- ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം പുറത്തുവിട്ട് ദക്ഷിണ റെയില്‍വേ. ട്രെയിന്‍ നമ്പര്‍ 26651 / 26652 വന്ദേഭാരത് ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് നടത്തുക. ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. നവംബര്‍ 11 മുതലാണ് എറണാകുളം ജങ്ഷനില്‍ നിന്ന് കെഎസ്ആര്‍ ബെംഗളൂരു സ്റ്റേഷനിലേക്കും തിരിച്ചും സര്‍വീസ് നടത്തുക.


◾  കേരളത്തിലെ മുഴുവന്‍ തെരുവ്നായ്ക്കളെ മാറ്റുകയെന്നത് പ്രായോഗികമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. എബിസി ഷെല്‍ട്ടര്‍ തുടങ്ങുന്നതിനെതിരെ പോലും പ്രതിഷേധമാണെന്ന് പറഞ്ഞ മന്ത്രി പിന്നെങ്ങനെയാണ് തെരുവ് നായക്കളെ മുഴുവന്‍ മാറ്റാന്‍ കഴിയുകയെന്നും ചോദിച്ചു. സുപ്രീം കോടതിയുടെ വിധി പകര്‍പ്പ് കൈയില്‍ കിട്ടിയിട്ടില്ലെന്നും തെരുവ്നായ്ക്കളെ മുഴുവന്‍ മാറ്റണമെന്ന നിര്‍ദേശം വന്നാല്‍ അപ്പോള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


◾  മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ സന്ദര്‍ശനത്തിന് തുടക്കമായി. ഇന്ന് പുലര്‍ച്ചയോടെ അദ്ദേഹം യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ എത്തി.  ഇന്ന് വൈകുന്നേരം നടക്കുന്ന ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി നാളെ വൈകുന്നേരം പ്രവാസികളെ അഭിസംബോധന ചെയ്യും. യുഎഇ സന്ദര്‍ശനത്തോടെ മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം പൂര്‍ത്തിയാകും. സൗദി അറേബ്യ കൂടി സന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല.


◾  തിരുവനന്തപുരത്ത് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നല്‍കി. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈന്‍മെന്റാണ് അംഗീകരിച്ചത്. പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കും. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.



◾  കവര്‍ച്ച കേസ് പ്രതി പൊലീസ് ജീപ്പില്‍ നിന്നും ചാടിപ്പോയി. വ്യവസായിയെ ആക്രമിച്ച് വാഹനം കവര്‍ച്ച ചെയ്ത കേസിലെ പ്രതിയായ സുഹാസ് ആണ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. സുല്‍ത്താന്‍ ബത്തേരി പൊലീസ് തൃശ്ശൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് വെച്ചാണ് ഇയാള്‍ പൊലീസ് വാഹനത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.


◾  ന്യൂയോര്‍ക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാന്‍ മംദാനിക്ക് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും പ്രചോദനമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. 'ഒരു ചെറുപ്പക്കാരന്‍ അല്ലെങ്കില്‍ ഒരു ചെറുപ്പക്കാരി എന്നാണ് ന്യൂയോര്‍ക്കിന്റെ മേയര്‍ ആയി വരിക എന്ന് ആര്യാ രാജേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ട വേളയില്‍ മംദാനി എക്‌സില്‍ കുറിച്ചിരുന്നുവെന്നും അന്ന് മുതല്‍ അദ്ദേഹം ന്യൂയോര്‍ക്ക് മേയറാകാനുള്ള ശ്രമം ആരംഭിച്ചെന്നും ഗോവിന്ദന്‍ പറഞ്ഞു.


◾  രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികള്‍ നടന്ന കോര്‍പ്പറേഷനാണ് തിരുവനന്തപുരം നഗരസഭയെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തിരുവനന്തപുരത്തിന്റെ വികസനത്തിനായി കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന്റെ പ്രതിനിധിതന്നെ മേയര്‍ സ്ഥാനത്തേക്ക് വരണമെന്നും കെ. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.


◾  വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും സ്‌കൂളുകളിലും പൊതുവായ സ്വാഗതഗാനം വേണമെന്നത് സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ട് മന്ത്രി വി.ശിവന്‍കുട്ടി. ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്രചിന്തയുള്ള, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാകണം സ്വാഗതഗാനമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.


◾  തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്കും ഭാരവാഹികള്‍ക്കും ചുമതലകള്‍ വീതിച്ചു നല്‍കി കെപിസിസി പ്രസിഡന്റ്. മൂന്ന് മേഖലകള്‍ തിരിച്ചാണ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്ക് ചുമതല നല്‍കിയത്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള അഞ്ചു ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന തെക്കന്‍ മേഖലയുടെ ചുമതല പിസി വിഷ്ണുനാഥിനാണ്. എപി അനില്‍കുമാറിനെ ഇടുക്കി മുതല്‍ മലപ്പുറം വരെയുള്ള അഞ്ചു ജില്ലകള്ളുള്ള മധ്യമേഖലയുടെ ചുമതല നല്‍കി. കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള വടക്കന്‍ മേഖലയുടെ ചുമതലയാണ് ഷാഫി പറമ്പിലിന്.


◾  വാര്‍ത്താ സമ്മേളനത്തില്‍ ശരീര അധിക്ഷേപം നടത്തിയ വ്ലോഗര്‍ക്ക് മറുപടിയുമായി നടി ഗൗരി കിഷന്‍. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ് ഗൗരി രൂക്ഷമായി പ്രതികരിച്ചത്. സിനിമയുടെ പ്രചാരണത്തിനായുള്ള വാര്‍ത്താസമ്മേളനത്തിനിടെയാണ് സംഭവം. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തരമാണെന്ന് പറഞ്ഞ ഗൗരി ജി കിഷന്‍ നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും ചോദിച്ചു. എന്നാല്‍, വാര്‍ത്താസമ്മേളനത്തില്‍ ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകന്‍ അബിന്‍ ഹരിഹരനും നായകന്‍ ആദിത്യ മാധവനും ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചു. അദേഴ്സ് എന്ന തമിഴ് സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് സംഭവം.


◾  ശരീര അധിക്ഷേപം നേരിട്ട നടി ഗൗരി കിഷന്  പിന്തുണയുമായി ഗായിക ചിന്മയി. നടന്മാരോട് ഇത്തരം ചോദ്യം ആരും ചോദിക്കാറില്ലെന്നും എന്തുകൊണ്ടാണ് നടിമാരോട് ചോദിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നുമാണ് ചിന്മയി എക്‌സില്‍ പ്രതികരിച്ചത്. അതേസമയം നടിക്കെതിരെ അധിക്ഷേപം നടത്തിയപ്പോള്‍ മിണ്ടാതിരുന്നത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് നടന്‍ ആദിത്യ മാധവന്‍. മൗനം ബോഡി ഷെയ്മിങിനുള്ള പിന്തുണ അല്ലെന്നും അരങ്ങേറ്റ ചിത്രം ആയതിനാല്‍ പകച്ചുപോയി. എല്ലാവരും ബഹുമാനം അര്‍ഹിക്കുന്നുണ്ട്. ഉടന്‍ പ്രതികരിക്കേണ്ടതായിരുന്നു. ക്ഷമ ചോദിക്കുന്നുവെന്ന് ആദിത്യ മാധവന്‍ പറഞ്ഞു.



◾  വാര്‍ത്താസമ്മേളനത്തില്‍ നടി ഗൗരി കിഷന് നേരെ ബോഡി ഷെയ്മിംഗ് പരാമര്‍ശം ഉണ്ടായതില്‍ പ്രതിഷേധവുമായി തമിഴിലെ അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘം. ഗൗരി ജി കിഷന് നേര്‍ക്കുണ്ടായ പരാമര്‍ശത്തില്‍ നടികര്‍ സംഘം ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നടികര്‍ സംഘം പ്രസിഡണ്ട് നാസര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഇന്നലെ ആ മോശം ചോദ്യം ഉയര്‍ത്തിയ അതേ ആള്‍ പത്ത് വര്‍ഷം മുന്‍പ് മറ്റൊരു നടിക്കെതിരെയും മോശം ചോദ്യം ചോദിച്ചിട്ടുണ്ടെന്നും ആര്‍ക്കും ഒരു യുട്യൂബ് ചാനല്‍ തുടങ്ങി ഒരു മാധ്യമപ്രവര്‍ത്തകന്റെ മേല്‍വിലാസത്തില്‍ ഇത്തരം പരിപാടികള്‍ക്ക് എത്താന്‍ കഴിയുന്ന കാലമാണിതെന്നും ഇത് മുന്നില്‍ക്കണ്ട് ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടക്കണമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.


◾  ബിഹാറിലെ റെക്കോഡ് പോളിംഗില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ അമ്പരപ്പെന്ന് റിപ്പോര്‍ട്ടുകള്‍. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം ഉയര്‍ന്നത് എന്‍ഡിഎ തരംഗത്തിന്റെ സൂചനയെന്ന് ബിജെപി വിലയിരുത്തി. സ്ത്രീകളുടെ വന്‍ പിന്തുണ എന്‍ഡിഎയ്ക്ക് കിട്ടിയെന്ന് ബിഹാറിലെ വനം, പരിസ്ഥിതി, സഹകരണ മന്ത്രി പ്രേം കുമാര്‍  പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം ജനം തള്ളിയെന്നും മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു. ബിഹാര്‍ കാണാന്‍ പോകുന്നത് വലിയ മാറ്റമാണെന്ന് ജന്‍സുരാജ് നേതാവ് പ്രശാന്ത് കിഷോറും പ്രതികരിച്ചു.


◾  വോട്ട് മോഷ്ടിച്ചാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്റെ പക്കല്‍ 'ധാരാളം തെളിവുകളുണ്ടെന്നും' ഈ സത്യം ജെന്‍സിക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. അതേസമയം നരേന്ദ്രന്റെയും നിതീഷിന്റെയും ട്രാക്ക് റെക്കോര്‍ഡില്‍' ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചതിന്റെ തെളിവാണ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ റെക്കോര്‍ഡ് പോളിംഗ് എന്ന് മോദി അവകാശപ്പെട്ടു. ബിഹാറില്‍ എന്തുകൊണ്ട് തോറ്റു എന്ന് വിശദീകരിക്കാനുള്ള നെറ്റ് പ്രാക്ടീസിലാണ് പ്രതിപക്ഷമെന്നും മോദി കൂട്ടിച്ചേര്‍ത്തു. 


◾  വന്ദേമാതരം' ആലപിക്കില്ലെന്ന നിലപാടില്‍ ഉറച്ച് സമാജ്വാദി പാര്‍ട്ടി എംഎല്‍എ അബു അസിം അസ്മി. വന്ദേമാതരത്തിന് മതപരമായ അര്‍ത്ഥങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എ ഗാനം ആലപിക്കില്ലെന്ന നിലപാട് സ്വീകരിച്ചത്. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ഏഴ് വരെ എല്ലാ സ്‌കൂളുകളിലും വന്ദേമാതരത്തിന്റെ പൂര്‍ണ്ണരൂപം ആലപിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.  


◾  ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡാറ്റ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സിസ്റ്റത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആയെന്ന് വ്യോമയാന മന്ത്രാലയവും അറിയിച്ചു. നവംബര്‍ 6 മുതല്‍ ആരംഭിച്ച തകരാര്‍ മൂലം ദില്ലി വിമാനത്താവളത്തില്‍ വൈകിയത് 800 വിമാന സര്‍വീസുകളാണ്.


◾  തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പല്‍ 'ഫ്യുജിയാന്‍' സൈന്യത്തിന്റെ ഭാഗമാക്കി ചൈന. ഇതോടെ ചൈനയുടെ വിമാനവാഹിനികളുടെ എണ്ണം മൂന്നായി. ചൈനയുടെ ആദ്യ ആദ്യ രണ്ട് കാരിയറുകളായ ലിയോണിങ്, ഷാന്‍ഡോങ് എന്നിവ റഷ്യന്‍ നിര്‍മിതമാണ്. എന്നാല്‍, ഫ്യുജിയാന്‍ ചൈന സ്വന്തമായി നിര്‍മിച്ചതാണ്.



◾  ഇന്തോനേഷ്യയിലെ നോര്‍ത്ത് ജക്കാര്‍ത്തയിലെ ഒരു സ്‌കൂള്‍ കോംപ്ലക്‌സിനുള്ളിലെ പള്ളിയിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും വിശ്വാസികളും ഉള്‍പ്പെടെ കുറഞ്ഞത് 54 ഓളം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് കെലാപ ഗാഡിംഗ് പ്രദേശത്തെ നാവിക സേനയുടെ വളപ്പില്‍ ജുമാ നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്.വിശദാംശങ്ങള്‍ പൊലീസ് ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല.


◾  പാകിസ്താന്‍ രഹസ്യമായി ആണവായുധങ്ങള്‍ പരീക്ഷിക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമീപകാല പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ. രഹസ്യവും നിയമവിരുദ്ധവുമായ ആണവ പ്രവര്‍ത്തനങ്ങള്‍ പാക് ചരിത്രത്തിന്റെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.


◾  ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടലിലേക്ക് കടന്നിരിക്കുകയാണ് അമേരിക്ക. ഗവണ്‍മെന്റ് ഷട്ട് ഡൗണ്‍ 38-ാം ദിവസത്തിലേക്ക് കടന്നു. ഒക്ടോബര്‍ ഒന്നിനാണ് ഷട്ട്ഡൗണ്‍ പ്രാബല്യത്തില്‍ വന്നത്. സര്‍ക്കാര്‍ ചിലവുകള്‍ക്കായുള്ള ധന അനുമതി ബില്‍ സെനറ്റില്‍ പരാജയപ്പെട്ടതോടെയാണ് അമേരിക്ക അടച്ചുപൂട്ടലിലേക്ക് കടന്നത്.


◾  വ്യവസായ മേഖലയിലേക്ക് കാര്‍ഗോ വിമാനം ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13ആയി. യുപിഎസിന്റെ കാര്‍ഗോ വിമാനമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടത്.   അമേരിക്കയിലെ കെന്റക്കിയിലെ ലൂയിസ് വില്ലേ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു കാര്‍ഗോ വിമാനം ടേക്ക് ഓഫിന് പിന്നാലെ തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരും അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.


◾  യുഎസില്‍ താമസിക്കാന്‍ വിസയ്ക്ക് അപേക്ഷിക്കുന്ന വിദേശ പൗരന്മാര്‍ക്ക് പ്രമേഹം, അമിതവണ്ണം, ഹൃദ്രോഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍ അപേക്ഷകള്‍ നിരസിക്കപ്പെട്ടേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ വിസ അപേക്ഷകള്‍ നിരസിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.  പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് പുറത്തിറക്കിയത്. ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ പൊതുബാധ്യത ആവാന്‍ സാധ്യതയുണ്ടെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിരീക്ഷണം.


◾  അമേരിക്കയിലെ മേരിലാന്റിലുള്ള സൈനിക താവളമായ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ നിരവധി പേര്‍ക്ക് അസ്വാസ്ഥ്യം. ഇവിടെ ഡെലിവര്‍ ചെയ്ത പെട്ടി തുറന്നതിന് പിന്നാലെ വെളുത്ത പൊടി അന്തരീക്ഷത്തില്‍ പരന്നതോടെയാണ് സംഭവം. പിന്നാലെ ഇവിടെയുള്ള ഒരു കെട്ടിടം പൂര്‍ണമായി ഒഴിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി സൈനിക താവളത്തില്‍ നിന്ന് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.


◾  വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ. ഉത്തര കൊറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് ഹ്രസ്വദൂര മിസൈലാണ് വിക്ഷേപിച്ചതെന്നും ഏകദേശം 700 കിലോമീറ്റര്‍ സഞ്ചരിച്ചെന്നും ദക്ഷിണ കൊറിയന്‍ സൈന്യം വ്യക്തമാക്കി. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ അങ്ങേയറ്റം പൊറുക്കാനാവാത്തത് എന്ന് യുഎസ് വിശേഷിപ്പിച്ചു. ജര്‍മനിയും മിസൈല്‍ പരീക്ഷണത്തെ അപലപിച്ചു. അതേസമയം മിസൈല്‍ പരീക്ഷണത്തെ പിന്തുണച്ച് റഷ്യ രംഗത്തെത്തി.



◾  പരിക്കേറ്റ് പുറത്തായെങ്കിലും ഇന്ത്യന്‍ ഓപ്പണര്‍ പ്രതിക റാവലിന് വനിതാ ലോകകപ്പ് ജേതാക്കള്‍ക്കുള്ള മെഡല്‍ ലഭിച്ചു. ഐസിസി ചെയര്‍മാന്‍ ജയ് ഷായുടെ ഇടപെടലിനെ തുടര്‍ന്നാണ് പ്രതികയ്ക്കും മെഡല്‍ ലഭിച്ചത്. നിയമപ്രകാരം ലോകകപ്പിനിടെ ഒരു താരം ടീമില്‍നിന്നു പുറത്തായാല്‍, ആ താരത്തിന് വിജയികള്‍ക്കുള്ള മെഡല്‍ ലഭിക്കില്ല. 15 അംഗ ടീമിനാണ് മെഡലുകള്‍ ലഭിക്കുക. ആറു മത്സരങ്ങളില്‍നിന്ന് 308 റണ്‍സുമായി തിളങ്ങിയ പ്രതിക, ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണുള്ളത്. ഒരു സെഞ്ചറിയും അര്‍ധ സെഞ്ചറിയും നേടിയ പ്രതികയുടെ ഇന്നിങ്സുകള്‍ സെമി ഫൈനല്‍ ഉറപ്പിക്കുന്നതില്‍ ഇന്ത്യയ്ക്കു നിര്‍ണായകമായിരുന്നു. ഈ സാഹചര്യത്തിലാണ് ജയ് ഷാ ഇടപെട്ട് പ്രതികയ്ക്കും മെഡല്‍ ലഭ്യമാക്കിയത്.


◾  സ്വര്‍ണ പണയം പോലെ വെള്ളി വായ്പയും അനുവദിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നു. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതലാകും വെള്ളി വായ്പ നടപ്പില്‍ വരിക. ഇക്കാര്യത്തില്‍ കൃത്യമായ ചട്ടക്കൂട് ഒരുക്കിയിരിക്കുകയാണ് ആര്‍.ബി.ഐ. വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ എന്നിവയ്ക്കാണ് വെള്ളി പണയംവാങ്ങി വായ്പ കൊടുക്കാന്‍ അനുമതിയുള്ളത്. പണയമായി വാങ്ങുമ്പോള്‍ കൃത്യമായ പരിശോധന വേണമെന്ന് ആര്‍.ബി.ഐ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. പരമാവധി 10 കിലോഗ്രാം വെള്ളി വരെ ഈടായി സ്വീകരിക്കാം. വെള്ളി കോയിനുകളാണെങ്കില്‍ ഈടായി സ്വീകരിക്കാവുന്നത് പരമാവധി 500 ഗ്രാം ആണ്. രണ്ടര ലക്ഷം രൂപ വരെ വായ്പ നല്കുകയാണെങ്കില്‍ പണയംവച്ച വെള്ളിയുടെ വിപണിവിലയുടെ 85 ശതമാനം വരെ നല്കാം. അഞ്ചു ലക്ഷം രൂപ വരെയാണെങ്കില്‍ വിപണി വിലയുടെ 80 ശതമാനം വരെയാകും ഇത്. അഞ്ചു ലക്ഷത്തിന് മുകളിലാണ് വായ്പയായി നല്കുന്നതെങ്കില്‍ 75 ശതമാനം തുകയെ നല്കാന്‍ പാടുള്ളൂ. വെള്ളിയില്‍ പതിപ്പിച്ചിരിക്കുന്ന വില കൂടിയ കല്ലുകള്‍ വായ്പയ്ക്കായി പരിഗണിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. വെള്ളിയില്‍ നിക്ഷേപിച്ച ഇടിഎഫുകള്‍ക്ക് വായ്പ ലഭിക്കില്ല. പണയംവച്ച വെള്ളി വീണ്ടും വച്ച് വായ്പ എടുക്കാന്‍ സാധിക്കില്ല. വായ്പയുടെ തിരിച്ചടവ് 12 മാസം കൊണ്ട് പൂര്‍ത്തിയാക്കണം.


◾  മോഹന്‍ലാല്‍ നായകനായെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'വൃഷഭ'. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകരിപ്പോള്‍. ഈ വര്‍ഷം ഡിസംബര്‍ 25 ന് ആണ് ചിത്രം റിലീസിനെത്തുക. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് ഒരു ഗംഭീര മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. രണ്ടു വ്യത്യസ്ത ലുക്കിലാണ് മോഹന്‍ലാലിനെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പഴയകാല യോദ്ധാവിന്റെ ലുക്കിലും, പുതിയകാലത്തെ എക്സിക്യൂട്ടീവ് ലുക്കിലും ആണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ആക്ഷന്‍, വൈകാരികത, പ്രതികാരം, പ്രണയം, വിധി എന്നിവ കോര്‍ത്തിണക്കി, ഒരച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്. സമര്‍ജിത് ലങ്കേഷ്, നയന്‍ സരിക, രാഗിണി ദ്വിവേദി, അജയ്, നേഹ സക്സേന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സാം സി എസ് ആണ് സംഗീതമൊരുക്കുന്നത്.


◾  പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്സന്റെ ബയോപിക് ചിത്രം 'മൈക്കല്‍' ആദ്യ ടീസര്‍ എത്തി. മൈക്കല്‍ ജാക്സന്റെ ജീവിതത്തെ ആസ്പദമാക്കി അന്റോയിന്‍ ഫുക്വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈക്കല്‍ ജാക്സന്റെ അനന്തരവനായ ജാഫര്‍ ജാക്സനാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. കോള്‍മാന്‍ ഡൊമിംഗോയും നിയ ലോങ്ങുമാണ് മൈക്കലിന്റെ മാതാപിതാക്കളെ അവതരിപ്പിക്കുന്നത്. ഏകദേശം 155 മില്യണ്‍ ഡോളര്‍ ബജറ്റിലാണ് ചിത്രം നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാകും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. 2026 ഏപ്രില്‍ 24ന് ചിത്രം തിയറ്ററിലെത്തും.


◾  ബിഎംഡബ്ല്യു എസ്യുവി എക്സ് 7 സ്വന്തമാക്കി സിനിമ താരം ഷീലു എബ്രഹാം. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്യുവികളിലൊന്നായ എക്സ് 7ന്റെ 40 ഐ എന്ന പെട്രോള്‍ മോഡലാണ് ഷീലു സ്വന്തമാക്കിയത്. ഏകദേശം 1.25 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. മൂന്ന് ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 381 പിഎസ് കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട്. എക്സ്‌ഡ്രൈവ് 40 ഐ എം സ്പോര്‍ട് എന്നീ മോഡലുകളിലാണ് എക്സ് 7 വില്‍പനയ്ക്ക് എത്തുന്നത്. എക്സ്ഡ്രൈവ് 40 ഡിയില്‍ 340 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമുള്ള 3 ലീറ്റര്‍ എന്‍ജിനുമാണ്. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് ഇരു എന്‍ജിനുകളിലും. വേഗം നൂറു കിലോമീറ്റര്‍ കടക്കാന്‍ പെട്രോള്‍ മോഡലിന് 5.8 സെക്കന്‍ഡും ഡീസല്‍ മോഡലിന് 5.9 സെക്കന്‍ഡും മാത്രം മതി. അഞ്ച് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ത്രീ പീസ് ഗ്ലാസ് പനോരമിക് സണ്‍റൂഫ്, പാര്‍ക്ക് അസിസ്റ്റ് തുടങ്ങിയ ആഡംബര സൗകര്യങ്ങളുണ്ട് പുതിയ വാഹനത്തില്‍.


◾  ലിയോ ടോള്‍സ്റ്റോയ് എന്ന എഴുത്തുകാരന്റെ ശല്യക്കാരിയായ ഭാര്യ എന്ന മേല്‍വിലാസമായിരുന്നു വളരെക്കാലം സോഫിയ ടോള്‍സ്റ്റോയിക്കുണ്ടായിരുന്നത്. സ്വന്തം ജീവിതത്തെക്കുറിച്ച് എഴുതാനും അത് പുറംലോകത്തെയറിയിക്കാനും സോഫിയ തയ്യാറാകുന്നതുവരെയും ആ കുപ്രചാരണം ഇളക്കംതട്ടാതെ തുടര്‍ന്നു. സോഫിയയുടെ ആത്മകഥാപരമായ രചനകള്‍ക്കൊപ്പം പുറത്തുവന്നത് ടോള്‍സ്റ്റോയ് എന്ന വിഖ്യാത എഴുത്തുകാരന്റെ അധികമാര്‍ക്കുമറിയാത്ത മറ്റൊരു മുഖമായിരുന്നു. ലോകസാഹിത്യത്തിലെതന്നെ അപൂര്‍വ്വമായ തുറന്നെഴുത്തുകളുടെ മലയാളപരിഭാഷ. 'സോഫിയ ടോള്‍സ്റ്റോയ്: ആത്മകഥയും ഡയറിക്കുറിപ്പുകളും'. പരിഭാഷ - ഡോ. രതി മേനോന്‍.


◾  ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ നെല്ലിക്ക പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ കേമനാണ്. വിറ്റാമിന്‍ സി ഏറ്റവും കൂടുതല്‍ അടങ്ങിയ രണ്ടാമത്തെ ഫലമാണ് നെല്ലിക്ക. രക്തം ശുദ്ധീകരിക്കാനും വിഷാംശം പുറന്തള്ളാനുമൊക്കെ ദിവസവും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ എല്ലാവര്‍ക്കും നെല്ലിക്ക ഗുണം ചെയ്യില്ലതാനും. ചിലരില്‍ നെല്ലിക്ക അലര്‍ജി ഉണ്ടാക്കാം. മറ്റുചിലര്‍ വിപരീതഫലം ഉണ്ടാക്കാം. ഹൈപ്പര്‍ അസിഡിറ്റി ഉള്ളവര്‍ നെല്ലിക്കയുടെ ഉപയോഗം പരിമിതപ്പെടുത്തണം, പ്രത്യേകിച്ച് വെറും വയറ്റില്‍ ഒട്ടും കഴിക്കാന്‍ പാടില്ല. കാരണം അമ്ലഗുണം ഉള്ളതാണ് നെല്ലിക്ക. ഇത് നെഞ്ചിരിച്ചില്‍ ഉണ്ടാക്കും. ഇത് ഉദരപാളികളെ അസ്വസ്ഥപ്പെടുത്തുകയും വായുസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ കൂടിയ അളവില്‍ കഴിച്ചാല്‍ മലബന്ധം ഉണ്ടാകാനും കാരണമാകും. നെല്ലിക്കയ്ക്ക് ആന്റിപ്ലേറ്റ്‌ലെറ്റ് ഗുണങ്ങള്‍ ഉള്ളതിനാല്‍ രക്തം കട്ടപിടിക്കുന്നതിനെ ഇത് തടയുന്നു. ഏതെങ്കിലും ബ്ലഡ് ഡിസോര്‍ഡര്‍ ഉള്ള ആളാണെങ്കില്‍ നെല്ലിക്ക കഴിക്കുന്നത് അത്ര നല്ലതല്ല. ഇത് രക്തത്തിന്റെ കട്ടി കുറയ്ക്കുകയും കട്ട പിടിക്കുന്നതിനെ തടയുകയും ചെയ്യും. കരള്‍ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും നെല്ലിക്ക അത്ര നല്ലതല്ല. നെല്ലിക്കയിലെ വിറ്റാമിന്‍ സിയും ഉയര്‍ന്ന അസിഡിറ്റി സ്വഭാവവും ലിവര്‍ സിറോസിസ് പോലുള്ള കരള്‍ രോഗങ്ങളെ വഷളാക്കും. വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും നെല്ലിക്ക കഴിക്കുമ്പോള്‍ സൂക്ഷിക്കണം. നെല്ലിക്ക ജ്യൂസ് ഡൈയൂററ്റിക് ഗുണങ്ങള്‍ അടങ്ങിയതാണ്. വൃക്കയിലെ ചില കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുന്ന ചില ബയോആക്ടീവ് ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. വൃക്കരോഗികളില്‍ ഇത് സ്ഥിതി വഷളാക്കും. കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും നെല്ലിക്ക ഗുണകരമല്ല. നെല്ലിക്ക രക്തസമ്മര്‍ദം കുറയ്ക്കും. ഹൈപ്പോടെന്‍ഷന്‍ ഉള്ളവരില്‍ ഇത് ദോഷം ചെയ്യും. ഗര്‍ഭകാലത്ത് നെല്ലിക്ക കഴിക്കുന്നത് പല തരത്തിലും ദോഷം ചെയ്യാം. അസിഡിറ്റി, വയറുവീര്‍ക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. കൂടാതെ മൂത്രത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതിലൂടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാം. ഇത് ഗര്‍ഭകാലത്ത് ദോഷകരമാണ്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക