Click to learn more 👇

മുഖ്യമന്ത്രി ഡൽഹിയിലേക്ക്; പ്രധാനമന്ത്രിയെ കാണാൻ അനുമതി തേടി



ബഫർ സോൺ വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ മുഖ്യമന്ത്രി സമയം തേടി.  

ബഫർ സോൺ, വായ്പാ പരിധി ഉയർത്തൽ, കെ റെയിൽ തുടങ്ങിയ വിഷയങ്ങൾ കൂടികാഴ്ച്ചയിൽ  ചർച്ചയായേക്കും.  

രാഷ്ട്രപതി ദ്രൗപതി മുർഗുവിനെ കാണാനും മുഖ്യമന്ത്രി അനുമതി തേടിയിട്ടുണ്ട്.

നാളെ ആരംഭിക്കുന്ന ദ്വിദിന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഇന്ന് ഉച്ചയോടെ ഡൽഹിയിലെത്തും. ചീഫ് സെക്രട്ടറി വിപി ജോയിയും മുഖ്യമന്ത്രിക്കൊപ്പം ഡൽഹിയിലെത്തുന്നുണ്ട്.  കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് സമയം അനുവദിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

ബഫർ സോൺ വിഷയത്തിൽ വൻ പ്രതിഷേധമാണ് കേരളത്തിൽ നടക്കുന്നത്.  സർക്കാരിന് മുന്നിൽ പരാതികളുടെ പ്രളയമാണ്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സാറ്റലൈറ്റ് സർവേ റിപ്പോർട്ടിന്റെയും ഭൂപടത്തിന്റെയും അടിസ്ഥാനത്തിലാണ് പരാതികൾ. ബഫർ സോണിൽ വരുന്ന സ്വന്തം വീടുകളുടെയും കെട്ടിടങ്ങളുടെയും ഫോട്ടോകൾക്കൊപ്പമാണ് പല പരാതികളും.

വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയേക്കുമെന്നാണ് സൂചന. കെ-റെയിൽ വിഷയത്തിൽ കേന്ദ്രത്തിന്റെ എതിർപ്പ് മറികടക്കാനും യോഗത്തിൽ മുഖ്യമന്ത്രി ലക്ഷ്യമിടുന്നു.