കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ ആസ്തി സംബന്ധിച്ച കണക്കുകൾ പുറത്ത്. ഗുരുവായൂരപ്പന്റെ പേരിൽ വിവിധ ബാങ്കുകളിലായി 1737.04 കോടി രൂപയുടെ നിക്ഷേപം.
271.05 ഏക്കർ ഭൂമിയും സ്വന്തമായുണ്ട്. ദേവസ്വത്തിന്റെ സ്വത്തുവിവരങ്ങൾ അറിയണമെന്നാവശ്യപ്പെട്ട് എറണാകുളത്തെ പ്രോപ്പർ ചാനൽ പ്രസിഡന്റ് എം.കെ.ഹരിദാസ് നൽകിയ വിവരാവകാശ അപേക്ഷയുടെ മറുപടിയിലാണ് ഗുരുവായൂർ ദേവസ്വം സ്വത്ത് വിവരം വെളിപ്പെടുത്തിയത്.
അതേസമയം, രത്നങ്ങൾ, സ്വർണം, വെള്ളി എന്നിവയുടെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്താനാകില്ലാ എന്ന് ഗുരുവായൂർ ദേവസ്വം കോടതിയിൽ വ്യക്തമാക്കി. ഇതിനെതിരെ എം കെ ഹരിദാസ് അപ്പീൽ നൽകി.
പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സർക്കാരിൽ നിന്ന് ധനസഹായം ലഭിച്ചിട്ടില്ലെന്ന് 2016ൽ ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു.
2018-19 പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ 10 കോടി രൂപ തിരികെ ലഭിച്ചിട്ടില്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. ഗുരുവായൂർ ക്ഷേത്രം കൈമാറിയ പണം തിരികെ നൽകണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ക്ഷേത്രവികസനത്തിൽ ദേവസ്വം ബോർഡ് കാണിക്കുന്ന അലംഭാവം മൂലമാണ് സ്വത്തുക്കളെക്കുറിച്ച് അറിയാനുള്ള വിവരാവകാശം സമർപ്പിച്ചതെന്നും ഹരിദാസ് പറഞ്ഞു.
ഗുരുവായൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ആശുപത്രിയിൽ സൗകര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ഹരിദാസിന്റെ ആരോപണത്തോട് ദേവസ്വം ബോർഡ് പ്രതികരിച്ചിട്ടില്ല.