തൃശൂർ: ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും നൽകാത്തതിന് ഹോട്ടലുടമ ദമ്പതികൾക്ക് ക്രൂര മർദനം.
ചൂണ്ടലിൽ കറി ആൻഡ് കോ എന്ന ഹോട്ടൽ നടത്തുന്ന തിരുവനന്തപുരം സ്വദേശി സുധി (42), ഭാര്യ ദിവ്യ (40) എന്നിവർക്കാണ് മർദനമേറ്റത്. കേച്ചേരി തൂവാനൂരിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്.
ഓർഡർ ചെയ്ത ബിരിയാണിയെ ചൊല്ലിയുള്ള തർക്കവും കൈകഴുകുന്ന സ്ഥലത്ത് വൃത്തിക്കുറവുണ്ടെന്നും പറഞ്ഞാണ് ഇവരെ മർദിച്ചത്.
ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിയേറ്റ സുധിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് പുതുശേരി സ്വദേശിയായ യുവാവ് ദമ്പതികളുടെ ഹോട്ടലിലെത്തി ബിരിയാണി ഓർഡർ ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ബിരിയാണിയിൽ മുട്ടയും പപ്പടവും ചോദിച്ചാണ് തുടക്കം പിന്നെ ദിവ്യ മുട്ടയും പപ്പടവും കൊടുത്തു. പിന്നീട് കൈകഴുകുന്ന സ്ഥലം വൃത്തിഹീനമാണെന്ന് പറഞ്ഞ് യുവതിയുമായി വാക്കുതർക്കത്തിലേർപ്പെടുകയും മുഖത്തടിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
സംഭവം സുധി ചോദ്യം ചെയ്തതോടെ അക്രമി ഓടി രക്ഷപ്പെട്ടു. പിന്തുടരുന്നതിനിടെ സുധിയുടെ തലയ്ക്ക് അടിയേറ്റു. സമീപത്തെ നിർമാണ സ്ഥലത്ത് നിന്ന് ഇരുമ്പ് പൈപ്പ് എടുത്ത് ആക്രമിക്കുകയായിരുന്നുവെന്ന് ദമ്പതികൾ ആരോപിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ സുധിയുടെ തലയിൽ എട്ടോളം തുന്നലുകളുണ്ട്. ചൂണ്ടല്‍ പുതുശ്ശേരി സ്വദേശിയാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ദമ്പതികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കുന്നംകുളം പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.