തിരുവല്ല: കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയയിൽ വൈറലായ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷൻ യു.ഡി.എഫ്.
സ്ഥാനാർഥി അഡ്വ. വിബിത ബാബുവിനെതിരേ തട്ടിപ്പ് കേസിൽ പൊലീസ് എഫ്ഐആർ. രജിസ്റ്റർ ചെയ്തു. മാത്യു സി സെബാസ്റ്റ്യൻ (75) നൽകിയ വിശ്വാസവഞ്ചന കേസിൽ വിബിത ഒന്നാം പ്രതിയും അച്ഛൻ ബാബു തോമസ് രണ്ടാം പ്രതിയുമാണ്.
വിബിതയുടെയും ബാബു തോമസിന്റെയും വിബിതയുടെ സുഹൃത്തിന്റെയും അക്കൗണ്ടിലേക്ക് രണ്ട് വർഷത്തിനിടെ പലതവണ മാത്യു 14,16,294 രൂപ അയച്ചു. പണം തിരികെ ചോദിച്ചെങ്കിലും നൽകിയില്ല.
തുടർന്ന് കഴിഞ്ഞ ജൂണിൽ വക്കീൽ നോട്ടീസ് അയച്ചു. പണം തരില്ലെന്നും കഴിയുമെങ്കിൽ മേടിച്ചെടുത്തോ എന്നായിരുന്നു വിബിതയുടെ മറുപടിയെന്ന് മാത്യുവിന്റെ പരാതിയിൽ പറയുന്നു. തിരുവല്ല പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്തു.
ഒരു സുഹൃത്ത് വഴിയാണ് വിബിത യുഎസിൽ താമസിക്കുന്ന മാത്യുവിനെ പരിചയപ്പെടുന്നത്. കൂടാതെ, സ്വത്ത് സംബന്ധമായ കേസുമായി ബന്ധപ്പെട്ട്, ജൂലൈ 19 നും കഴിഞ്ഞ ജനുവരി ഏഴിനുമിടയില്‍ മണി ട്രാന്‍സ്‌ഫര്‍ വഴി 8,78,117 രൂപയും 2021 മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 15 വരെ 1,41,985 രൂപയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെന്ന പേരില്‍ പിതാവ് ബാബുവിന്റെ അക്കൗണ്ടിലേക്ക് 2020 നവംബര്‍ 29 മുതല്‍ ഡിസംബര്‍ 23 വരെ 2,91,984 രൂപയും 2020 നവംബര്‍ 10 ന് വിബിതയുടെ നിര്‍ദേശാനുസരണം സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് 1,04,208 രൂപയും അടക്കം 14,16,294 രൂപ നല്‍കിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
മാത്യുവിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നു വിബിത പറഞ്ഞു. കുറച്ച് പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി. ബാക്കി തുക തന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന ചെയ്തതുമാണ്.
സുഹൃത്ത് മുഖേനയാണ് പണം കൈമാറ്റം ചെയ്തതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ആ സുഹൃത്തിനെ കേസിൽ പ്രതി ചേർത്തിട്ടില്ല. തനിക്ക് എതിരെ നൽകിയത് തെറ്റായ പരാതിയാണെന്നും വിബിത പറഞ്ഞു.