Click to learn more 👇

'വാഴക്കുലയില്ലാത്ത വൈലോപ്പിള്ളിക്ക് ചങ്ങമ്പുഴയുടേത് കൊടുക്കുന്നതല്ലേ സോഷ്യലിസം'; ട്രോൾ മഴയിൽ ചിന്താ ജെറോം


ശമ്പള വിവാദം തുടരുന്നതിനിടെ യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം മറ്റൊരു വിവാദത്തിൽ. തന്റെ പിഎച്ച്‌ഡി പ്രബന്ധത്തിലെ ഗുരുതരമായ പിഴവാണ് ചിന്താ ജെറോമിനെ വീണ്ടും വിവാദത്തിലേക്ക് തള്ളിവിട്ടത്.  മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ‘വാഴക്കുല’ എന്ന കാവ്യത്തിന്റെ രചയിതാവായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്ഥാനത്ത് വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരാണ് പ്രബന്ധത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

വാർത്ത പുറത്തുവന്നതോടെ ഡോക്ടറേറ്റ് നേടിയ ചിന്തയ്ക്കും അത് നൽകിയ കേരള സർവകലാശാലയ്ക്കും ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.  

2021ലാണ് ചിന്തയ്ക്ക് ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ’എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടുന്നത്. എങ്ങനെയാണ് തെറ്റ് സംഭവിച്ചതെന്ന് അറിയില്ലെന്ന് വിവാദത്തിന് ശേഷം ചിന്ത പ്രതികരിച്ചു.

എന്തായാലും ചിന്തയും വൈലോപ്പിള്ളിയുടെ വാഴയും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിട്ടുണ്ട്. ഒരു കുല നേന്ത്രപ്പഴം പോലും നൽകാൻ മടിക്കുന്നത് സ്വാർത്ഥതയുടെ രാഷ്ട്രീയമാണ്.  ചങ്ങമ്പുഴയിലെ വാഴത്തൈ എടുത്ത് വൈലോപ്പിള്ളിക്ക് നൽകിയ സഖാവ് ചിന്തയ്ക്ക് ഡോക്ടറേറ്റ് നൽകിയ ഉന്നതവിദ്യാഭ്യാസ വകുപ്പിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്.