ചെന്നൈ: അടുത്തിടെ തിയേറ്ററുകളിലെത്തിയ അജിത്ത് ചിത്രം തുനിവിലെ രംഗം അനുകരിച്ച് ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.
തമിഴ്നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം. നായ്ക്കൻപട്ടി സ്വദേശി ഖലീൽ റഹ്മാൻ (25) ആണ് പിടിയിലായത്.
ദാഡിക്കൊമ്ബ് റോഡിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കാണ് കൊള്ളയടിക്കാൻ ശ്രമിച്ചത്. ജീവനക്കാരെ കെട്ടിയിട്ട് കവർച്ച നടത്താനായിരുന്നു പദ്ധതി. ഇതിനായി കത്തിയും വെട്ടുന്ന ബ്ലേഡും കുരുമുളക് സ്പ്രേയും പ്ലാസ്റ്റിക് കയറുമായി ബാങ്കിലെത്തി. തുടർന്ന് ബാങ്കിലെ ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കെട്ടിയിട്ടു. ഇതിനിടെ ഒരു ജീവനക്കാരൻ പുറത്തിറങ്ങി നാട്ടുകാരെ വിവരമറിയിച്ചു. പിന്നീട് നാട്ടുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഖലീലിനെ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ബാങ്ക് കവർച്ച ദൃശ്യങ്ങളുള്ള സിനിമകളും സീരിയലുകളും താൻ കാണാറുണ്ടെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഇങ്ങനെയാണ് ബാങ്ക് കൊള്ളയടിക്കാൻ പദ്ധതി തയ്യാറാക്കിയത്. തുനിവ് കണ്ടതോടെ ആത്മവിശ്വാസം വർധിച്ചതായി ഇയാൾ പോലീസിനോട് പറഞ്ഞു.