അരവണ പായസത്തിൽ ഉപയോഗിക്കുന്ന ഏലം ഭക്ഷ്യയോഗ്യമല്ലെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്ന കീടനാശിനി ഏലത്തിൽ കണ്ടെത്തിയതായി എഫ്‌എസ്‌എസ്‌എഐ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കൊച്ചി സ്‌പൈസസ് ബോർഡ് ലാബിലെ പരിശോധനാഫലമാണ് റിപ്പോർട്ടിലുള്ളത്.
ഹൈക്കോടതിയുടെ നിർദേശപ്രകാരം കൊച്ചിയിലെ ലാബിലാണ് ഏലം പരിശോധിച്ചത്. ഈ റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ നിർദേശപ്രകാരം ഭക്ഷ്യസുരക്ഷാ കമ്മീഷണർ നൽകിയ റിപ്പോർട്ടിലും ഏലം ഭക്ഷ്യയോഗ്യമല്ലെന്ന് പറഞ്ഞിരുന്നു.
ഏലം വിതരണവുമായി ബന്ധപ്പെട്ട് അയ്യപ്പ സ്‌പൈസസ് നൽകിയ ഹർജിയിലാണ് കോടതി നടപടി. നേരത്തെ ഹൈക്കോടതിയുടെ നിർദേശപ്രകാരം തിരുവനന്തപുരത്തെ ലാബിൽ സുരക്ഷിതമല്ലാത്ത അളവിൽ ഏലക്കയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു.