കൊച്ചി: പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി.
60 ജിഎസ്എമ്മിൽ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ സർക്കാർ നിരോധിച്ചിരുന്നു. ഇതിന് സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി.
പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിന്റെ ഭാഗമായി 60 ജിഎസ്എമ്മിൽ താഴെയുള്ള ക്യാരി ബാഗുകൾ സർക്കാർ നിരോധിച്ചു. ഇതു സംബന്ധിച്ച് വ്യാപാര സ്ഥാപനങ്ങൾക്ക് നിർദേശം നൽകുകയും ഇതിനെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇതിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നത്.
പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടപ്രകാരം നിരോധനമോ നിയന്ത്രണമോ കൊണ്ടുവരാൻ കേന്ദ്ര സര്‍ക്കാരിനാണ് അധികാരമെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ സർക്കാർ നടപടി നിയമപരമായി നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.