ബരാബങ്കി: സ്ത്രീകളെ മാത്രം ലക്ഷ്യമിട്ട് ആക്രമണം നടത്തുന്ന പരമ്പര കൊലയാളിക്കുള്ള തിരച്ചിൽ ഉത്തർപ്രദേശ് പൊലീസ് ശക്തമാക്കി.
ഒളിവിൽപ്പോയ പ്രതിയെ ആറ് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്.
50നും 60നും ഇടയിൽ പ്രായമുള്ള മൂന്ന് സ്ത്രീകളെയാണ് ഇയാൾ കഴിഞ്ഞ ദിവസങ്ങളിൽ ക്രൂരമായി കൊലപ്പെടുത്തിയത്.
മൂവരും ഒരേ രീതിയിൽ ആക്രമിക്കപ്പെട്ടതിനാൽ സംഭവത്തിന് പിന്നിൽ സീരിയൽ കില്ലറാണെന്ന് പോലീസ് സംശയിക്കുന്നു. തിരിച്ചടിക്കാൻ കഴിയാത്ത സ്ത്രീകളെ തിരഞ്ഞുപിടിച്ച് മുഖത്തും തലയിലും മുറിവേൽപ്പിച്ച് കൊല്ലുന്നു. അതിനുശേഷം മൃതദേഹം നഗ്നമാക്കും. ഇതാണ് മൂന്ന് കൊലപാതകങ്ങളുടെയും പൊതു സവിശേഷത.
ഡിസംബർ ആറിന് അയോധ്യയിലെ ഖുഷേതി ഗ്രാമത്തിലാണ് ആദ്യ കൊലപാതകം നടന്നത്. രണ്ടാമത്തെ മൃതദേഹം ഡിസംബർ 17 ന് ബാരാബങ്കിയിൽ കണ്ടെത്തി. മൂന്നാമത്തെ കൊലപാതകം ഡിസംബർ 30 നാണ് നടന്നത്. മൂന്ന് കൊലപാതകങ്ങളും നടന്നത് റാം സനേഹി പോലീസ് സ്റ്റേഷൻ പരിധിയിലാണ്. കൊലപാതകിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു.