അട്ടക്കുളങ്ങര ടി.സി. 39/2211 ശ്രീവല്ലിയിൽ ദേവിക (24) തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് ഗോപീകൃഷ്ണൻ (31) അറസ്റ്റിലായി. ഭർതൃവീട്ടിൽ വച്ചാണ് പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതെന്ന് പോലീസ് പറഞ്ഞു. ഭർത്താവിന്റെ മർദനത്തിൽ യുവതിയുടെ ഒരു ചെവിയുടെ കേൾവിശക്തി കുറഞ്ഞതായി പോലീസിന് വിവരം ലഭിച്ചു.
ഒരാഴ്ച മുമ്പ് ഗോപീകൃഷ്ണൻ ദേവികയുടെ മുഖത്തടിച്ചതിനെ തുടർന്ന് ദേവികയുടെ ഒരു ചെവിയിലെ കേൾവിശക്തി 40 ശതമാനമായി കുറഞ്ഞു. ദേവിക ഗർഭിണിയായതിനാൽ ഇതിനുള്ള മരുന്നുകൾ കഴിക്കാൻ കഴിഞ്ഞില്ല. വിവാഹശേഷം ദേവികയെ ഗോപീകൃഷ്ണൻ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ഫോർട്ട് പോലീസ് പറഞ്ഞു.
സ്ത്രീധന പീഡന നിയമപ്രകാരം ഉൾപ്പെടെ ഫോർട്ട് പൊലീസ് കേസെടുത്ത് ഗോപീകൃഷ്ണനെ റിമാൻഡ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ദേവികയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇതേത്തുടർന്ന് മകളുടെ മരണം അസ്വാഭാവികമാണെന്നും ഭർതൃവീട്ടുകാരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ദേവികയുടെ പിതാവ് ഷാജി ഫോർട്ട് പോലീസിൽ പരാതി നൽകി.
2021 സെപ്റ്റംബർ 16 നായിരുന്നു ഗോപീകൃഷ്ണന്റെയും ദേവികയുടെയും വിവാഹം. മരിക്കുമ്പോൾ ദേവിക മൂന്ന് മാസം ഗർഭിണിയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഫോർട്ട് സി.ഐ. രാകേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഭർത്താവിന്റെ പങ്ക് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.