Click to learn more 👇

കള്ളനെ പിടികൂടാന്‍ കോളേജ് ടോയ്‌ലറ്റില്‍ ക്യാമറ; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍


ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കോളേജില്‍ ശൗചാലയത്തിനുള്ളില്‍ സിസിടിവി ക്യാമറ സ്ഥാപിച്ച സംഭവത്തില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം.

അധികൃതരുടെ ഭാഗത്ത് നിന്ന് 'സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം' ആരോപിച്ച്‌ അസംഗറിലെ ഡിഎവി പിജി കോളേജ് വിദ്യാര്‍ഥികളാണ് പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കോളേജ് പരിസരത്ത് നിന്ന് ടാപ്പുകള്‍ കാണാതാകുന്നത് പതിവായതോടെ മോഷ്ടാവിനെ കണ്ടെത്തുന്നതിനായി ശൗചാലയങ്ങളുടെ പുറത്ത് കോളേജ് അധികൃതര്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ടോയ്‌ലറ്റുകളുടെ പുറത്ത് ക്യാമറകള്‍ സ്ഥാപിച്ചതറിഞ്ഞതോടെ വിദ്യാര്‍ഥികള്‍ രോഷാകുലരാകുകയായിരുന്നു. ഒരു ക്യാമറ ശൗചാലയത്തിനുള്ളിലായിരുന്നു ഘടിപ്പിച്ചിരുന്നത്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്, കോളേജ് അധികൃതരുടെ വിവേകം തരംതാണിരിക്കുകയാണ്- വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.

സ്ഥിരമായി വാട്ടര്‍ ടാപ്പുകള്‍ മോഷണം പോകുന്നത് തടയുന്നതിന് വേണ്ടിയാണ് ക്യാമറകള്‍ സ്ഥാപിച്ചതെന്നും അബദ്ധവശാലാണ് ഒരു ക്യാമറ ശൗചാലയത്തിനുള്ളില്‍ ഘടിപ്പിച്ചതെന്നും കോളേജ് അധികൃതര്‍ വിശദീകരണം നല്‍കി. ശൗചാലയത്തിനുള്ളില്‍ സ്ഥാപിച്ച ക്യാമറ ഉടന്‍തന്നെ നീക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ടാപ്പുകളുടെ മോഷണം തടയാന്‍ ഇതരമാര്‍ഗം സ്വീകരിച്ചതായി കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. അധികൃതരില്‍ നിന്ന് വിഷയം സംബന്ധിച്ച്‌ അനുകൂലനിലപാട് ലഭിച്ചതോടെ വിദ്യാര്‍ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചാതായാണ് റിപ്പോര്‍ട്ടുകള്‍.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.