കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്തപ്പോൾ പകർത്തിയ ചിത്രം ശ്രദ്ധയാകർഷിക്കുന്നു. സംഭവം വളരെ യാദൃശ്ചികമാണെന്ന് എംഎൽഎ പറയുന്നു.
നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്താൻ മറന്നു. ' അയ്യോ അത് മറന്നുപോയി' എന്നു പറഞ്ഞതാണ്. അത് തിരിഞ്ഞുനിന്ന് പറഞ്ഞത് എന്നോടായിപ്പോയി അതാണ് രംഗം. പിന്നെ സംഭാഷണങ്ങളൊന്നുമുണ്ടായിട്ടില്ല.' എംഎല്‍എ പറഞ്ഞു. മാതൃഭൂമി സ്റ്റാഫ് ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാരാണ് ചിത്രം പകർത്തിയത്.
‘മുഖ്യമന്ത്രി പിണറായി വിജയനും കെകെ രമ എംഎൽഎയും മുഖാമുഖം’ എന്ന അടിക്കുറിപ്പോടെയാണ് മാതൃഭൂമി ദിനപത്രം പോസ്റ്റ് ഷെയർ ചെയ്തത്. ചിത്രം കണ്ട് തന്നെ ഇതിനോടകം തന്നെ പലരും വിളിച്ചിട്ടുണ്ടെന്നും പലരും കൗതുകത്തോടെ ചിത്രത്തിലെ ഭാവം എന്താണെന്നാണ് ചോദിക്കുന്നതെന്നും എംഎൽഎ പുഞ്ചിരിയോടെ പറഞ്ഞു.
'ഭാവം എന്താണെന്ന് ആർക്കും മനസ്സിലാകുന്നില്ല. എന്റെ മുഖം മാത്രമാണ് ചിത്രത്തിലുള്ളത്.' എംഎൽഎ പറഞ്ഞു. ടിപി ചന്ദ്രശേഖരൻ വധത്തിന് ശേഷം ആദ്യമായാണ് കെ കെ രമ എംഎൽഎ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടുന്നത്. ആരോഗ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ആരോഗ്യ സബ്ജറ്റ് കമ്മിറ്റി അംഗമെന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തത്. കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ നിർമിച്ച കെട്ടിടം ഏറെ പ്രാധാന്യമുള്ളതാണെന്നും എംഎൽഎ പ്രതികരിച്ചു.