കൊച്ചി: നഗരത്തിലെ ഡി.ജെ പാര്‍ട്ടികളില്‍ മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണിയായ മോഡലിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
ചേര്‍ത്തല അര്‍ത്തുങ്കല്‍ നടുവിലപറമ്ബില്‍ വീട്ടില്‍ റോസ് ഹെമ്മയാണ് (ഷെറിന്‍ ചാരു-29) പിടിയിലായത്. ഇവരില്‍ നിന്ന് 1.90 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. സ്‌നോബാള്‍ എന്ന കോഡിലാണ് ഇവര്‍ മയക്കുമരുന്ന് വിറ്റിരുന്നത്.
ഓണ്‍ ലൈനിലൂടെ ബുക്ക് ചെയ്ത കൊച്ചിയിലെ മുറിയില്‍ (ഓയോ റൂം) നിന്ന് ഹെമ്മയുടെ പ്രധാന ഇടനിലക്കാരനെ എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അസി. കമ്മിഷണര്‍ ബി. ടെനിമോന്റെ മേല്‍നോട്ടത്തിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ടീം പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഹെമ്മയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. മയക്കുമരുന്നുമായി ഹെമ്മ ഇടപ്പളിയിലെത്തുമെന്ന് ഇയാള്‍ വെളിപ്പെടുത്തിയതോടെ അന്വേഷണ സംഘം കാത്തുനിന്നു. രാത്രി പാടിവട്ടത്തെത്തിയ ഹെമ്മയെ കൈയോടെ പിടികൂടുകയായിരുന്നു.
അടുത്തിടെ മയക്കുമരുന്നുമായി പിടിയിലായ യുവതീ യുവാക്കള്‍ ആഡംബര വാഹനങ്ങളിലെത്തുന്ന ഹെമ്മയെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നെങ്കിലും ഗുണ്ടാ സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുള്ളതിനാല്‍ പേടിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറഞ്ഞിരുന്നില്ല.
മയക്കുമരുന്നുമായി പുറത്തിറങ്ങുന്ന ഹെമ്മ ഉപഭോക്താക്കളുടെ വാഹനങ്ങളിലാണ് യാത്ര ചെയ്തിരുന്നത്. മറ്റാരുടെയെങ്കിലും ഫോണിലായിരിക്കും ഇടപാടുറപ്പിക്കുക. പിടിക്കപ്പെടാതിരിക്കാനാണ് ഓയോ റൂമെടുക്കുന്നത്. പകല്‍ സമയം മുറിയില്‍ കിടന്നുറങ്ങും. ഇവര്‍ക്ക് കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.