ഖത്തർ ലോകകപ്പ് നേടിയത് മെസ്സിയുടെ കരിയറിലെ മാത്രമല്ല ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായിരുന്നു. ഇപ്പോഴിതാ ഖത്തറിൽ കിരീടം നേടിയ അർജന്റീന ടീമിലെ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും സ്വർണ ഐഫോണുകൾ സമ്മാനിക്കാൻ പോവുകയാണ് മെസ്സി. സ്വർണം പൊതിഞ്ഞ 35 ഐഫോണുകളാണ് മെസ്സി വാങ്ങിയതെന്ന് ദി സൺ റിപ്പോർട്ട് ചെയ്തു.
24 കാരറ്റ് ഉള്ള 35 ഐഫോണുകളുടെ വില 175,000 പൗണ്ടാണ് (ഏകദേശം 1.73 കോടി രൂപ). ഓരോ കളിക്കാരന്റെയും പേരും ജേഴ്സി നമ്പറും അർജന്റീന ലോഗോയും പ്രിന്റ് ചെയ്ത പ്രത്യേക ഐഫോണുകളാണിത്. ഇവ ശനിയാഴ്ച പാരീസിലെ മെസ്സിയുടെ വസതിയിൽ എത്തിച്ചു.
ഐ ഡിസൈൻ ഗോൾഡ് എന്ന സ്ഥാപനമാണ് മെസ്സിക്കായി ഗോൾഡ് ഐഫോണുകൾ ഡിസൈൻ ചെയ്തത്. "ഐ ഡിസൈൻ ഗോൾഡിന്റെ ഏറ്റവും വിശ്വസ്തരായ ഉപഭോക്താക്കളിൽ ഒരാളാണ് മെസ്സി. ലോകകപ്പ് ഫൈനൽ കഴിഞ്ഞ് ഏതാനും ആഴ്ചകൾക്ക് ശേഷം അദ്ദേഹം ഞങ്ങളെ ബന്ധപ്പെട്ടു. ഈ ചരിത്ര വിജയം ആഘോഷിക്കാൻ എല്ലാ കളിക്കാർക്കും സ്റ്റാഫിനും പ്രത്യേക സമ്മാനം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. വാച്ചുകൾ വേണ്ട എന്നും വ്യക്തമാക്കി.
അതിനാല്‍ അവരുടെ പേരുകള്‍ ആലേഖനം ചെയ്ത സ്വര്‍ണ ഐഫോണുകള്‍ നല്‍കാമെന്ന് ഞാന്‍ നിര്‍ദേശിക്കുകയായിരുന്നു. അദ്ദേഹത്തിന് ആ ആശയം ഇഷ്ടമായി.'' - ഐ ഡിസൈന്‍ ഗോള്‍ഡ് സിഇഒ ബെന്‍ ലയണ്‍സ് പറഞ്ഞു.