ബ്യൂണസ് അയേഴ്‌സിലെ പ്രശസ്തമായൊരു റെസ്റ്റോറന്റില്‍ കുടുംബസമേതം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു താരം. എന്നാല്‍, മെസി എത്തിയ വിവരം അറിഞ്ഞ് ആയിരങ്ങളാണ് അങ്ങോട്ട് ഒഴുകിയെത്തിയത്.
ബ്യൂണസ് അയേഴ്‌സിലെ പാലെര്‍മോ ജില്ലയിലുള്ള ഡോന്‍ ജൂലിയോ റെസ്‌റ്റോറന്റിലാണ് ഭാര്യ അന്റോണില റൊക്കുസ്സോയ്ക്കും മക്കള്‍ക്കുമൊപ്പം മെസി എത്തിയത്. രഹസ്യമായായിരുന്നു വരവെങ്കിലും സംഗതി പാളി. സൂപ്പര്‍ താരം ഭക്ഷണം കഴിക്കാനെത്തിയ വിവരം നാടാകെ പാട്ടായി. ഇതോടെ റെസ്‌റ്റോറന്റിലേക്ക് ആരാധകരുടെ ഒഴുക്കായി.
Cuando Messi va a cenar a la esquina de tu casa: pic.twitter.com/6VV4nrHPdy
ഇഷ്ടതാരത്തെ ഒരുനോക്കുകാണാന്‍ ചുറ്റും ആരാധകര്‍ തടിച്ചുകൂടി. ആരാധകരെ റെസ്‌റ്റോറന്റിനകത്തേക്ക് കടത്തിവിട്ടില്ലെങ്കിലും താരകുടുംബത്തിന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായി. ആര്‍പ്പുവിളികളും മെസിയുടെ പേരുവിളിച്ച് മുദ്രാവാക്യം വിളികളുമായി ആരാധകരുടെ ആഘോഷമായിരുന്നു അവിടെ. ഖത്തര്‍ ലോകകപ്പിനിടെ അര്‍ജന്റീന ടീമിന്‍രെ അനൗദൗഗിക ഗീതമായി മാറിയ 'മുച്ചാച്ചോസ്' ഒരേ ശബ്ദത്തില്‍ പാടി ആള്‍ക്കൂട്ടം.
മണിക്കൂറുകളോളം താരം റെസ്‌റ്റോറന്റിനകത്ത് കുടുങ്ങി. ഒടുവില്‍ പുലര്‍ച്ചെ 1.45ഓടെ പൊലീസ് സംഘം പണിപ്പെട്ട് ജനക്കൂട്ടത്തെ നിയന്ത്രിച്ചാണ് മെസിയെയും കുടുംബത്തെയും പുറത്തിറങ്ങാന്‍ സഹായിച്ചത്. ഈ സമയത്തും ആരാധകര്‍ തൊട്ടുനോക്കാനും കൈകൊടുക്കാനും താരത്തിനുനേരെ പൊതിയുകയായിരുന്നു. തുടര്‍ന്ന് പോര്‍ഷെ കാറിലാണ് മെസി സ്ഥലംവിട്ടത്.
The scenes in Argentina outside a restaurant where Messi was having dinner at 🇦🇷
pic.twitter.com/Hlb2q0I59Q
ലോകകപ്പ് വിജയത്തിനു പിന്നാലെ ജന്മനാടായ റൊസാരിയോയിലെത്തിയപ്പോഴും സമാനമായ അനുഭവം നേരിട്ടിരുന്നു മെസി. ബ്യൂണസ് അയേഴ്‌സില്‍ നടന്ന ടീമിന്റെ വിജയാഘോഷ മാര്‍ച്ച് കഴിഞ്ഞ് നാട്ടിലെത്തിയ താരത്തെ ആരാധകക്കൂട്ടം പൊതിയുകയായിരുന്നു.
പാനമയ്‌ക്കെതിരായ അര്‍ജന്റീനയുടെ സൗഹൃദമത്സരത്തിനായാണ് മെസി നാട്ടിലെത്തിയത്. വെള്ളിയാഴ്ച ബ്യൂണസ് അയേഴ്‌സിലെ എല്‍ മോണ്യുമെന്റല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. 83,000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം കാണാന്‍ 15 ലക്ഷത്തോളം പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അര്‍ജന്‍രീനയ്ക്കു വേണ്ടി നൂറുഗോള്‍ നേട്ടം എന്ന നിര്‍ണായക നാഴികക്കല്ലിനരികെയാണ് മെസിയുള്ളത്. പാനമയ്‌ക്കെതിരെ രണ്ട് ഗോള്‍ നേടാനായാല്‍ ഈ അപൂര്‍വനേട്ടം താരത്തിന് സ്വന്തം പേരിലാക്കാനാകും