28 കാരിയായ യുവതിയെ മന്ത്രവാദ ചടങ്ങുകള്‍ക്കായി ഭര്‍ത്താവും ബന്ധുക്കളും നിര്‍ബന്ധിച്ചെന്നും സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുവതിയുടെ എതിര്‍പ്പ് അവഗണിച്ച് പ്രതികള്‍ സ്ത്രീയുടെ ആര്‍ത്തവ രക്തം അഘോരി പൂജയുടെ ഭാഗമായി ശേഖരിച്ച് 50000 രൂപയ്ക്ക് വിറ്റെന്ന് വിശാരന്ത് വാഡി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ദത്താത്രയ ഭപ്ക പറഞ്ഞു.
സ്ത്രീയുടെ പരാതിയെത്തുടര്‍ന്ന് അവരുടെ ഭര്‍ത്താവ്, ഭര്‍തൃമാതാവ്, ഭര്‍തൃപിതാവ്, ഭര്‍തൃസഹോദരന്‍, മരുമകന്‍ എന്നിവര്‍ക്കെതിരെ സെക്ഷന്‍ 377 പ്രകാരം കേസെടുത്തു.
2019-ലായിരുന്നു വിവാഹം. അന്നുമുതല്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടതായി യുവതി പരാതിയില്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.
2022 ഓഗസ്റ്റില്‍ പ്രതികള്‍ ചില മന്ത്രവാദത്തിന്റെ ഭാഗമായി യുവതിയുടെ ആര്‍ത്തവ രക്തം ബലമായി എടുത്ത് കുപ്പിയില്‍ നിറച്ചതായി പരാതിയില്‍ പറയുന്നു. ഭര്‍തൃസഹോദരന് പ്രതിഫലമായി 50,000 രൂപ ലഭിച്ചെന്നും യുവതി പരാതിയില്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
2022 ഓഗസ്റ്റില്‍ ബീഡ് ജില്ലയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും കൂടുതല്‍ അന്വേഷണത്തിനായി കേസ് ബീഡ് പോലീസിന് കൈമാറുകയും ചെയ്തു.