തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് ബജറ്റില്‍ പ്രഖ്യാപിച്ചതിലും വില കൂടും. വിറ്റു വരവ് നികുതിയിലാണ് വര്‍ധനയുണ്ടാകുന്നത്.
500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 30 രൂപ കൂടും. ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 50 രൂപയാണ് വര്‍ധിക്കുന്നത്. വില കൂട്ടിയത് നഷ്ടം മറികടക്കാനെന്നാണ് ബിവറേജസ് കോര്‍പറേഷന്‍ വിശദീകരണം.
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ 20 രൂപ കൂട്ടും എന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 20 രൂപക്ക് പകരം 30 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 ന് പകരം 50 രൂപയായി വര്‍ധിപ്പിക്കുമെന്നാണ് അറിയിപ്പ്. സാമൂഹിക സുരക്ഷയുടെ ഭാഗമായാണ് ബജറ്റില്‍ സെസ് ചുമത്തിയത്.
കഴിഞ്ഞ ഡിസംബര്‍ പതിനേഴിന് 10 മുതല്‍ 20 രൂപവരെ വില കൂടിയതിന് പിന്നാലെയാണ് പുതിയ വര്‍ധന. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്, പെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കുന്നതിനുവേണ്ടിയാണ് ഈ വര്‍ധനയെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഇതിന്റെ മുകളിലാണ് ബെവ്കോ വീണ്ടും വില കൂട്ടുന്നത്.