കൊച്ചി: എം.ഡി.എം.എയുമായി ദമ്ബതികളടക്കം നാലുപേര്‍ പൊലീസ് പിടിയിലായി.
കോതമംഗലം സ്വദേശി റിജു ഇബ്രാഹിം റയ്യാന്‍, ഭാര്യ ഷാനിമോള്‍,തിരുവനന്തപുരം കീഴാരുര്‍ സ്വദേശി അനീഷ്, തൃശൂര്‍ എളനാട് സ്വദേശി അല്‍ബര്‍ട്ട് എം.ജോണ്‍ എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റുചെയ്തത്.
പ്രതികളില്‍ നിന്ന് 18.79 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്.
തീവ്രവാദവിരുദ്ധ സ്‌ക്വാഡിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്. തൃക്കാക്കര സ്റ്റേഷനില്‍ ലഹരിക്കേസില്‍ പ്രതിയാണ് റിജു.
കൊച്ചിയിലെത്തിച്ച് വിവിധ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചായിരുന്നു റിജു ലഹരിയിടപാട് നടത്തിയിരുന്നത്. മംഗലാപുരത്ത് നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. ചെറുകിട വില്പനയ്ക്കായി എം.ഡി.എം.എ വാങ്ങാന്‍ എത്തിയതായിരുന്നു അനീഷും ആല്‍ബര്‍ട്ടും. റിജുവിന്റെ സുഹൃത്താണ് അനീഷ്. ഭാര്യയ്ക്ക് ലഹരി ഇടപാടുമായി ബന്ധമില്ലെന്നും മകന് ബുക്കും മറ്റ് പഠനോപകരങ്ങളും വാങ്ങാന്‍ കൊച്ചിയിലേക്ക് ഒപ്പം കൂട്ടിയതാണെന്നുമാണ് റിജുവിന്റെ മൊഴി. ഭര്‍ത്താവ് ലഹരി ഉപയോഗിക്കുന്നത് അറിയാമെന്നും ലഹരിയിടപാടിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നുമാണ് ഷാനി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇവര്‍ക്കും മയക്കുമരുന്ന് വില്പനയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
എസ്.എച്ച്.ഒ മനുരാജിന്റെ നേതൃത്വത്തില്‍ എസ്.ഐ ജെ.എസ്. ശ്രീജു,സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനുപ് രവി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിയാസ്, ബേസില്‍ ജോണ്‍,നീതു എസ്.കുമാര്‍,കടവന്ത്ര സ്‌റ്റേഷനിലെ എ.എസ്.ഐ സനീഷ്. സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷ് എന്നവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.