Click to learn more 👇

മരുന്നുസംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം കൊവിഡ് കാലത്ത് മരുന്നുവാങ്ങിയ അഴിമതി അന്വേഷിക്കുന്നതിനിടെ, സര്‍ക്കാരിന്റെ സ്ഥിരം പരിപാടിയെന്ന് വി ഡി സതീശന്‍


 തിരുവനന്തപുരം: കിൻഫ്ര പാര്‍ക്കില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത് ബ്ളീച്ചിംഗ് പൗഡറില്‍ നിന്നാണെന്ന് പറയുന്നത് അവിശ്വസനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'കൊവിഡ് കാലത്ത് മരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍ രണ്ട് സ്ഥലത്ത് തീപിടിത്തം നടന്നത്. കൊല്ലത്തും തിരുവനന്തപുരത്തും ഉണ്ടായ തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ മരുന്ന് കത്തി നശിച്ചു. ഇതിനുപിന്നില്‍ അട്ടിമറിയുണ്ട്. ബ്ളീച്ചിംഗ് പൗഡറില്‍ നിന്ന് തീപിടിത്തമുണ്ടായെന്നത് ആശ്ചര്യം ഉണ്ടാക്കുന്നതാണ്. രണ്ട് സ്ഥലങ്ങളിലും ആവശ്യത്തിനുള്ള സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല.

തീപിടിത്തം സര്‍ക്കാരിന്റെ സ്ഥിരം പരിപാടിയാണ്. സ്വര്‍ണക്കടത്തും റോഡ് ക്യാമറയും വിവാദമായപ്പോള്‍ സെക്രട്ടറിയേറ്റിലെ ബന്ധപ്പെട്ട സെഷനുകളില്‍ തീപിടിത്തം ഉണ്ടായത് എന്തുകൊണ്ടാണ്. നിര്‍ണായക രേഖകള്‍ നശിപ്പിക്കാനുള്ള തന്ത്രമാണ് തീപിടിത്തത്തിന് പിന്നില്‍. ഗൗരവമുള്ള അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമാണ്. അഴിമതി കേസുകളിലടക്കം എല്ലാ അന്വേഷണങ്ങളും സ്വാധീനിക്കപ്പെടുകയാണ്. 

രണ്ട് വര്‍ഷത്തിനിടെ ഒൻപത് എം ഡി മാര്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ മാറി മാറി വന്നു. ആവശ്യത്തില്‍ കൂടുതല്‍ മരുന്നുവാങ്ങി കമ്മീഷനടിക്കുകയാണ് ചെയ്യുന്നത്. പര്‍ച്ചേസിനുപിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. അഴിമതി കേന്ദ്രങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ഓടിയൊളിക്കുകയാണ്'- വി ഡി സതീശൻ വ്യക്തമാക്കി.

പുലര്‍ച്ചെ 1.30ന് വലിയ ശബ്ദത്തോടെ ഗോഡൗണില്‍ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. സുരക്ഷാജീവനക്കാരൻ മാത്രമേ അപ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ. നിലവില്‍ തീ നിയന്ത്രണ പൂര്‍ണമായി അണച്ചിട്ടുണ്ട്.

തീയണക്കാനുള്ള ശ്രമത്തിനിടെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞു വീണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു. ആറ്റിങ്ങള്‍ സ്വദേശി രഞ്ജിത് (32) ആണ് മരിച്ചത്. രഞ്ജിത്തിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.