കണ്ണൂര്‍: പൊള്ളാച്ചിയിലെ കോളേജ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവും ഭാര്യയും പിടിയില്‍. കോയമ്ബത്തൂര്‍ ഇടയാര്‍പാളയം സ്വദേശിനി സുബ്ബലക്ഷ്മി (20) ആണ് കൊല്ലപ്പെട്ടത്.
കേസില്‍ ഇടയാര്‍പാളയം സ്വദേശി സുജയ് (30), മലയാളിയായ ഭാര്യ രേഷ്മ (25) എന്നിവരാണ് പിടിയിലായത്.
മേയ് രണ്ടിനാണ് യുവതിയെ ദമ്ബതികളുടെ അപ്പാര്‍ട്ടുമെന്റില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊള്ളാച്ചിയിലെ സ്വകാര്യ കോളേജില്‍ ബി കോം വിദ്യാര്‍ത്ഥിനിയാണ് സുബ്ബലക്ഷ്മി. യുവതിയുടെ കാമുകനായിരുന്നു സുജയ്. കാമുകനെ കാണാനായി അപ്പാര്‍ട്ട്‌മെന്‍റിലെത്തിയ സുബ്ബലക്ഷ്മിയെ ദമ്ബതികള്‍ കൊലപ്പെടുത്തുകയായിരുന്നു.
അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഒച്ചയും ബഹളവും കേട്ട അയല്‍വാസികളാണ് വിവരം പൊലീസിലറിയിച്ചത്. ഇതിനിടെ ദമ്ബതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു. ഇരുവരും കണ്ണൂരിലെത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു. ലോഡ്‌ജില്‍വച്ചാണ് പ്രതികളെ പിടികൂടിയത്. ഇവരെ തമിഴ്നാട് പൊലീസിന് കൈമാറി.