ഒരുമിച്ച്‌ പോയവര്‍ ഒരുമിച്ച്‌ ഉറങ്ങും; ഒരു കുടുംബത്തിലെ 11 പേര്‍ക്കായി ഒറ്റ ഖബര്‍


 താനൂര്‍ ബോട്ടപകടത്തില്‍ ഒരു കുടുംബത്തില്‍നിന്ന് മരിച്ച 11 പേരെ ഒരു ഖബറില്‍ അടക്കം ചെയ്യും. 

പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബത്തിലെ 11 പേരെയാണ് ഒരേ ഖബറില്‍ അടക്കം ചെയ്യുക.

പരപ്പനങ്ങാടി ആവിയില്‍ ബീച്ച്‌ കുന്നുമ്മല്‍ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്‌ന (18), ഷഫല (13), ഷംന (12), ഫിദ ദില്‍ന (7), സഹോദരന്‍ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), നൈറ (7), റുഷ്ദ (ഒന്നര) എന്നിവരാണ് ഒരു വീട്ടില്‍നിന്ന് മരിച്ചത്. സൈതലവിയുടെ ബന്ധുക്കളായ ജല്‍സിയ (45), ജരീര്‍ (12), ജന്ന (എട്ട്) എന്നിവരാണ് മരിച്ച മറ്റു മൂന്നുപേര്‍.

മരിച്ചവരില്‍ ഒമ്ബതുപേര്‍ ഒരു വീട്ടിലും മൂന്നുപേര്‍ മറ്റൊരു വീട്ടിലുമാണ് താമസിച്ചിരുന്നത്. കുടുംബത്തിലെ 15 പേര്‍ ഒരുമിച്ചാണ് വിനോദയാത്രക്ക് പോയത്.

ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് താനൂര്‍ പൂരപ്പുഴയില്‍ ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ചത്. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്മാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.