Click to learn more 👇

സ്വന്തം ഇരട്ടസഹോദരനെ വയറ്റില്‍ ചുമന്നത് 36 വര്‍ഷം; നാഗ്പൂരിലെ 'ഗര്‍ഭിണിയായ പുരുഷന്‍'!


 സ്വന്തം ഇരട്ടയെ വയറ്റില്‍ ചുമന്ന് ഒരാള്‍ ജീവിച്ചത് 36 വര്‍ഷം. നാഗ്പൂരിലെ സഞ്ജു ഭഗത് എന്നയാളാണ് ശാസ്ത്രലോകത്തിന് അത്ഭുതമായത്.

പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയുടേതിന് സമാനമായ വയറുമായിട്ടായിരുന്നു സഞ്ജു ജീവിച്ചത്. 1963 ല്‍ ജനിച്ച സഞ്ജു കൂട്ടുകാര്‍ക്കിടിയിലും നാട്ടുകാര്‍ക്കിടിയലും ‘ഗര്‍ഭിണിയായ പുരുഷൻ’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

അതിവിചിത്രമെന്ന് തോന്നുന്ന സംഭവ കഥയാണ് ഇദ്ദേഹത്തിന്റേത്. കുട്ടിക്കാലത്ത് ആരോഗ്യവാനായിരുന്നെങ്കിലും സമപ്രായക്കാരായ കുട്ടികളില്‍ നിന്ന് അല്‍പം കൂടി വലിയ വയറായിരുന്നു സഞ്ജുവിന്റേത്. എന്നാല്‍, അന്ന് അതൊന്നും വീട്ടുകാര്‍ ശ്രദ്ധിച്ചില്ല. ഇരുപത് വയസ്സിനു ശേഷമാണ് സഞ്ജുവിന് തന്റെ വളര്‍ന്നു കൊണ്ടിരുന്ന വയര്‍ ഒരു പ്രശ്നമായി തുടങ്ങിയത്.

കര്‍ഷകനായിരുന്ന സഞ്ജു ആദ്യമൊന്നും ഇത് അത്ര കാര്യമാക്കിയിരുന്നില്ല. ദരിദ്ര കുടുംബത്തെ പുലര്‍ത്തേണ്ട ഉത്തരവാദിത്തം സ്വന്തം ചുമലിലായതിനാല്‍ ആരോഗ്യകാര്യത്തില്‍ അത്ര ശ്രദ്ധ പുലര്‍ത്തിയിരുന്നില്ല. ഇതിനിടയില്‍ ബലൂണ്‍ പോലെ വയര്‍ വലുതാകാനും തുടങ്ങി. ഇത് കൂട്ടുകാര്‍ക്കിടയിലും നാട്ടുകാര്‍ക്കിടിയലും പരിഹാസത്തിനും കാരണമായി.

ഒടുവില്‍ വീര്‍ത്തു വന്ന വയര്‍ കാരണം ശ്വസനം പോലും പ്രയാസമായതോടെയാണ് സഞ്ജു ഡോക്ടറെ സമീപിക്കുന്നത്. 1999 ലായിരുന്നു ഇത്. സഞ്ജുവിനെ പരിശോധിച്ച മുംബൈയിലെ ഡോക്ടര്‍ അജയ് മേഹ്ത ആദ്യം കരുതിയത് വയറ്റില്‍ ട്യൂമര്‍ എന്നായിരിക്കുമെന്നാണ്. എന്നാല്‍, കൂടുതല്‍ പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഡോക്ടറെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

സഞ്ജുവിന്റെ വയറ്റിനുള്ളില്‍ മറ്റൊരാള്‍ കൂടിയുണ്ടെന്നായിരുന്നു ഡ‍ോക്ടറുടെ കണ്ടെത്തല്‍. പരിശോധനയില്‍ ഉള്ളിലുള്ള മാംസപിണ്ഡത്തിന് അവയവങ്ങള്‍ പോലും ഉണ്ടെന്ന കണ്ടെത്തി. കൈകാലുകള്‍, ജനനേന്ദ്രിയത്തിന്റെ ചില ഭാഗം, മുടിയുടെ ചില ഭാഗം, താടിയെല്ലുകള്‍ എന്നിവയെല്ലാമുള്ള പാതി വളര്‍ച്ചയിലുള്ള മനുഷ്യ കുഞ്ഞിനെയാണ് ഡോ. അശോക് മെഹ്ത സഞ്ജു ഭഗത്തിന്റെ വയറ്റില്‍ കണ്ടെത്തിയത്.

തന്റെ മെഡിക്കല്‍ കരിയറില്‍ അത്ഭുതവും പരിഭ്രമവും ആശയക്കുഴപ്പവുമെല്ലാം ഒന്നിച്ചുണ്ടാക്കിയ സംഭവമായിരുന്നു ഇതെന്ന് ഡോക്ടര്‍ പറയുന്നു.

സ‍ഞ്ജുവിന്റെ അവസ്ഥ “വാനിഷിംഗ് ട്വിൻ സിൻഡ്രോം” ആണെന്നായിരുന്നു ആദ്യം കരുതിയതെന്ന് ഡോക്ടര്‍ പറയുന്നു. ഗര്‍ഭാവസ്ഥയില്‍ ഇരട്ടകളില്‍ ഒന്ന് മറ്റേ കുഞ്ഞിന്‍റെ ശരീരത്തോട് ചേരുന്ന അവസ്ഥയാണ് “വാനിഷിംഗ് ട്വിൻ സിൻഡ്രോം” . ഇത് പലപ്പോഴും മറുക് രൂപത്തില്‍ മറ്റേ കുഞ്ഞിന്‍റെ ശരീരത്തില്‍ എവിടെയെങ്കിലും കാണപ്പെടാം.

എന്നാല്‍, കൂടുതല്‍ പരിശോധനയിലാണ് fetus in fetu എന്ന അവസ്ഥയാണ് സഞ്ജു ഭഗത്തിന്റേതെന്ന് മനസ്സിലായത്. ഒരു കുഞ്ഞിന്റെ വയറ്റില്‍ മറ്റൊരു കുഞ്ഞ് വളരുന്ന അവസ്ഥയാണ് ഫീറ്റസ് ഇൻ ഫീറ്റു. അഞ്ച് ലക്ഷത്തില്‍ ഒരാള്‍ക്കു മാത്രം സംഭവിക്കുന്ന അപൂര്‍വ അവസ്ഥയാണിത്.

സഞ്ജുവിന്റെ ജനന ശേഷം അദ്ദേഹത്തിന്റെ ഇരട്ട അയാള്‍ക്കുള്ളില്‍ തന്നെ ഒരു പരാന്നഭോജിയെ പോലെ വളരുകയായിരുന്നു. എന്തായാലും ശസ്ത്രക്രിയയിലൂടെ 36 വര്‍ഷം താൻ വയറ്റില്‍ ചുമന്നു നടന്ന ഇരട്ടയെ സഞ്ജു ഉപേക്ഷിച്ചു. സര്‍ജറിക്കു ശേഷം തന്റെ വയറ്റില്‍ വളര്‍ന്ന മാംസപിണ്ഡത്തെ കാണേണ്ടെന്ന തീരുമാനത്തിലായിരുന്നു രോഗിയെന്നും ഡോക്ടര്‍ പറയുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.