തിരുവനന്തപുരം: വെള്ളറടയില്‍ വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയ 13 വയസ്സുകാരി പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ അകന്ന ബന്ധുവും പോലീസ് ഉദ്യോഗസ്ഥനുമായ വ്യക്തി അറസ്റ്റിലായി. പ്രതിക്കെതിരെ പോക്സോ ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഭാര്യയും കുട്ടികളുമുള്ള പ്രതി പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സംഭവം പുറത്തായതോടെ പ്രതി ജോലിചെയ്യുന്ന പൊലീസ് സ്റ്റേഷനില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മാരായമുട്ടം സ്വദേശിയും മറയൂര്‍ സ്റ്റേഷനിലെ സിപിഒയുമായ ദിലീപ് (43 ) ആണ് ആര്യങ്കോട് പൊലീസിൻ്റെ പിടിയിലായത്. പെണ്‍കുട്ടിയെ മാസങ്ങള്‍ക്കു മുൻപ് തന്നെ പ്രതി നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പീഡന വിവരം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യം പെണ്‍കുട്ടി രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ബന്ധുത്വം മുതലെടുത്താണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിക്കൊണ്ടിരുന്നത്.
കഴിഞ്ഞദിവസം പെണ്‍കുട്ടിക്ക് അതിയായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വീട്ടില്‍ വച്ച് വയറുവേദനയ്ക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കിയെങ്കിലും വേദനയ്ക്ക് കുറവുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയായതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇക്കാര്യം ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.
ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും പെണ്‍കുട്ടിയോട് ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയുമായിരുന്നു. തൻ്റെ ബന്ധുവായ ദിലീപ് തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് പെണ്‍കുട്ടി നല്‍കിയതിനെ തുടര്‍ന്ന് ദിലീപിനെതിരെ പൊലീസ് കേസെടുത്തു. ഈ സമയം മറയൂര്‍ പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലായിരുന്നു ദിലീപ്. പോലീസ് കേസെടുത്തതിന് തുടര്‍ന്ന് സംഘം മറയൂരില്‍ എത്തി ദിലീപിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു . പ്രതിയായ പൊലീസുകാരനെതിരെ പോക്സോ കേസ് ചുമത്തിയതായി വെള്ളറട പൊലീസ് അറിയിച്ചു.