Click to learn more 👇

'പൂമ്ബാറ്റ' ഒടുവില്‍ കൂട്ടില്‍ കുടുങ്ങി! സിനിമാക്കഥകളില്‍ കാണുമോ ഇങ്ങനെയൊരു തട്ടിപ്പുവീര, സിനിയുടെ കുറ്റകൃത്യങ്ങള്‍


 തൃശൂര്‍: പൂമ്ബാറ്റ സിനി... പേര് കേള്‍ക്കുമ്ബോള്‍ കൗതുകം തോന്നുമെങ്കിലും ഒട്ടും നിസാരക്കാരിയല്ല ഈ നാല്‍പ്പത്തിയെട്ടുകാരി.

തൃശ്ശൂര്‍ ജില്ലയില്‍ മാത്രം കവര്‍ച്ചയും തട്ടിപ്പും ഉള്‍പ്പടെ 35 കേസുകളില്‍ പ്രതിയാണ് സിനി ഗോപകുമാര്‍ എന്ന പൂമ്ബാറ്റ സിനി. ഇതിലേറെ കേസുകള്‍ എറണാകുളം ജില്ലയിലുമുണ്ട്. ഒടുവില്‍ സിനിയെ തൃശ്ശൂര്‍ പൊലീസ് പൂട്ടിയിരിക്കുകയാണ്. കാപ്പ ചുമത്തി പൂമ്ബാറ്റ സിനിയെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകൻ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച്‌ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജയാണ് പൂമ്ബാറ്റ സിനിക്ക് കാപ്പ നിയമപ്രകാരം ആറു മാസത്തേക്ക് ജയില്‍ശിക്ഷ വിധിച്ചത്.

പിന്നാലെ ഒല്ലൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തൈക്കാട്ടുശേരിയിലെ വാടക വീട്ടില്‍ നിന്ന് സിനിയെ അറസ്റ്റ് ചെയ്തു. ആളുകളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തതിനും മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടിയെടുത്തതിനും തുടങ്ങി നിരവധി തട്ടിപ്പുകേസുകളിലെ പ്രതിയാണ് എറണാകുളം സ്വദേശിനിയായ പൂമ്ബാറ്റ സിനി. താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം മദ്യവും മയക്കുമരുന്നുകളും നല്‍കി ഗുണ്ടാ സംഘങ്ങളെ സംഘടിപ്പിക്കുന്നതും ഇവരുടെ രീതിയായിരുന്നു.

വലിയ മുതലാളിയാണെന്നും സ്വന്തമായി റിസോര്‍ട്ടുകള്‍ ഉണ്ടെന്നുമൊക്കെ ഇരകളെ പറഞ്ഞ് വിശ്വസിപ്പിക്കുന്നതാണ് സിനിയുടെ തന്ത്രം. പണം തട്ടിയെടുത്തതായി ഇരകള്‍ക്ക് തോന്നാതിരിക്കാൻ പല തരത്തിലുള്ള സംഭവങ്ങളാണ് ഇവര്‍ അവതരിപ്പിക്കുക. പണം മുഴുവൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി കൊണ്ടുപോയി എന്നാകും ചിലപ്പോള്‍ പറയുക. മറ്റു ചിലപ്പോള്‍ ഗുണ്ടകളെ വിട്ട് പരാതിക്കാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കും. ആലപ്പുഴ ജില്ലയിലായിരുന്നു ഇവരുടെ ആദ്യകാല കുറ്റകൃത്യങ്ങള്‍. പിന്നീട് അവരുടെ താവളം എറണാകുളത്തേക്കും അവിടെനിന്നും തൃശ്ശൂരിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.

കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലടച്ചിട്ടുണ്ടെങ്കിലും ഇത്രയും തട്ടിപ്പുകേസുകള്‍ നടത്തിയിട്ടും ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു കേസിലും ഇതുവരേയും ശിക്ഷിക്കപ്പെട്ടിരുന്നില്ല. തട്ടിയെടുക്കുന്ന പണം മുഴുവനും ആര്‍ഭാട ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു. കണ്ണമാലിയില്‍ സ്വര്‍ണനിര്‍മ്മിതമായ നടരാജ വിഗ്രഹം വില്‍ക്കാനുണ്ടെന്ന് കാണിച്ച്‌ വ്യാപാരിയില്‍ നിന്നും 30 ലക്ഷം രൂപ തട്ടിയ കേസ്, എറണാകുളം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് കോണ്‍സ്റ്റബിളാണെന്നു പറഞ്ഞ് തൊട്ടടുത്തുള്ള ജ്വല്ലറിയില്‍ നിന്നും 45.75 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയും ബാങ്കില്‍ നിന്ന് പണം എടുത്ത് വരാം എന്നു പറഞ്ഞ് അവിടെ നിന്ന് മുങ്ങിയ കേസ് എന്നിവയാണ് എറണാകുളത്തെ പ്രമാദമായ കേസുകള്‍. 

തൃശൂര്‍ ജില്ലയില്‍ മാത്രം എട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിലായി 32 കേസുകള്‍ ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2012ല്‍ കാസര്‍ഗോഡ് നിന്നുള്ള ട്രെയിൻയാത്രക്കിടെ പരിചയപ്പെട്ട തൃശ്ശൂരിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയില്‍ നിന്നും 11 പവൻ സ്വര്‍ണം തട്ടിയെടുത്തതാണ് ആദ്യ കേസ്. പിന്നാലെ പുതുക്കാട് കിണറില്‍ നിന്ന് സ്വര്‍ണവിഗ്രഹം കണ്ടെത്തിയത് വില്‍പ്പന നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ 10 ലക്ഷം തട്ടി.

2017 ല്‍ പുതുക്കാട് സ്വദേശിയെ സ്വര്‍ണ ബിസിനസില്‍ പാര്‍ട്ണര്‍ ആക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ പ്രവാസിയുടെ കൈയില്‍ നിന്നും തട്ടിയത് 74 ലക്ഷമാണ്. മറ്റൊരു പുതുക്കാടു കാരനില്‍ നിന്ന് ഇതേ കാര്യം പറഞ്ഞ് തട്ടിയത് 72 ലക്ഷം. 2017ല്‍ വൻ ആര്‍ഭാടത്തോടെ മകളുടെ വിവാഹം നടത്തിയിരുന്നു. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കിയത് ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങളായിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.