◾ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ പരാതിയില്‍നിന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പിന്‍മാറിയത് ശക്തമായ സമ്മര്‍ദ്ദം താങ്ങാനാകാതെയെന്ന് ഗുസ്തി താരം സാക്ഷി മാലിക്. പെണ്‍കുട്ടിയുടെ കുടുംബത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയാണ് മൊഴി മാറ്റിച്ചതും പരാതി പിന്‍വലിപ്പിച്ചതും. കുറ്റപത്രം കണ്ടശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. ബ്രിജ് ഭൂഷണെതിരെ തെളിവുകളുണ്ട്. സാക്ഷി മാലിക് വ്യക്തമാക്കി.
◾വിദ്യാര്‍ത്ഥികളുടെ ഹാജരും പഠനപുരോഗതിയും രക്ഷിതാക്കളുടെ മൊബൈല്‍ ഫോണില്‍ അറിയിക്കുന്ന കൈറ്റിന്റെ 'സമ്പൂര്‍ണ പ്ലസ് ' ആപ്പ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. നിലവില്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും വിവിധ സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തുന്ന 'സമ്പൂര്‍ണ' സ്‌കൂള്‍ മാനേജ്മെന്റ് പോര്‍ട്ടലിന്റെ തുടര്‍ച്ചയായി കൈറ്റ് തയ്യാറാക്കിയ ' സമ്പൂര്‍ണ പ്ലസ് മൊബൈല്‍ ആപ്' ആണ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തത്.
◾ക്യൂബയിലെ പഞ്ചകര്‍മ്മ ആശുപത്രിയില്‍ സേവനം ചെയ്യുന്നവര്‍ക്കു കേരളം പഞ്ചകര്‍മ്മ ചികിത്സയില്‍ പരിശീലനം നല്‍കുന്നതടക്കം ആരോഗ്യ മേഖലയില്‍ സഹകരണത്തിനു ധാരണ. ക്യൂബന്‍ ആരോഗ്യ ഉപമന്ത്രി ടാനിയ മാര്‍ഗരിറ്റ ക്രൂസ് ഹെര്‍ണാണ്ടസുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണു ധാരണ.
◾സിപിഎമ്മിനു മാധ്യമ വിരുദ്ധ നിലപാടെന്ന പ്രചാരണത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി നേരിടാന്‍ സിപിഎം തീരുമാനിച്ചു. താഴെത്തട്ടില്‍ സാമൂഹ്യ മാധ്യമ ഇടപെടല്‍ ശക്തമാക്കും. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
◾ഏഴു വര്‍ഷമായി കേരളത്തില്‍ നടക്കുന്ന കൊള്ളകളുടെ ലേറ്റസ്റ്റ് വെര്‍ഷനാണ് എഐ ക്യാമറ കുംഭകോണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 85 കോടി രൂപയ്ക്കു തീരേണ്ട പദ്ധതിയാണ് തട്ടിക്കൂട്ട് കമ്പനികളെ ഉപയോഗിച്ച് 232 കോടിയോളം രൂപയ്ക്കു തീര്‍ത്തത്. കുടുംബത്തിനു വേണ്ടി കക്കാന്‍ നടക്കുന്ന ഒരുപാട് പാര്‍ട്ടി സെക്രട്ടറിമാര്‍ സിപിഎമ്മിലുണ്ട.് എന്നാല്‍ കുടുംബവുമായി കക്കാന്‍ നടക്കുന്ന ഒരേയൊരു നേതാവേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉള്ളൂവെന്നും ചെന്നിത്തല.
◾കെഎസ്ആര്‍ടിസിക്ക് 41 അംഗ അഡൈ്വസറി ബോര്‍ഡ് രൂപീകരിച്ചു. തൊഴിലാളി സംഘടന പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍, ഗതാഗത വിദഗ്ധര്‍, മോട്ടോര്‍ വാഹന വകുപ്പ്, റോഡ് സുരക്ഷ അതോറിറ്റി, പോലീസ്, കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ എന്നിവരാണ് ബോര്‍ഡിലുള്ളത്.
◾അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 20 സീറ്റും നേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിജയിച്ചാല്‍ ക്രെഡിറ്റ് എല്ലാവര്‍ക്കുമായിരിക്കും. തോറ്റാല്‍ മുഴുവന്‍ ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുമെന്നും വിഡി സതീശന്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ഒരുപാടു മാറി. ഗ്രൂപ്പുകളുടെ അതിപ്രസരം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ഇടുക്കി ജില്ലയ്ക്കരികിലേക്കു ട്രെയിന്‍ സര്‍വീസ്. ഇടുക്കി ജില്ലാ അതിര്‍ത്തിക്കടുത്ത ബോഡിനായ്ക്കന്നുരില്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങി. മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പുതിയ ട്രെയിന്‍ സര്‍വീസ് പ്രയോജനമാകും. ബോഡി നായ്ക്കന്നൂര്‍ - മധുര മീറ്റര്‍ ഗേജ് റെയില്‍പ്പാത ബ്രോഡ്‌ഗേജാക്കാനായി 2010 ല്‍ സര്‍വീസ് അവസാനിപ്പിച്ചിരുന്നു. 13 വര്‍ഷം നീണ്ട പണി പൂര്‍ത്തിയാക്കിയാണ് ബോഡിനായ്ക്കന്നൂരില്‍നിന്നു ട്രെയിന്‍ സര്‍വീസ് തുടങ്ങിയത്.
◾കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനീഷ് കോടിയേരിയുടെ ഹര്‍ജി ബെംഗളൂരു കോടതി തള്ളി. കേസില്‍ ബിനീഷ് കോടിയേരി പ്രതിയായി തുടരും.
◾മദ്യപിച്ച് ഒരാളുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച പോലീസുകാരനെ മര്‍ദിച്ചതിനു സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലായിരുന്നു സംഭവം. സിപിഎം ബ്രാഞ്ച് സെക്രട്ടറി സെല്‍വരാജ്, സെല്‍വരാജന്റെ സഹോദരന്‍ സുന്ദരന്‍, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. ടെലി കമ്മ്യൂണിക്കേഷന്‍ സിപിഒ ആര്‍ ബിജുവിനാണ് മര്‍ദ്ദനമേറ്റത്.
◾കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യുയുസി ആള്‍മാറാട്ട കേസിലെ പ്രതിയായ മുന്‍ പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജുവിന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. ഷൈജു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്. കേസ് 20 നു പരിഗണിക്കും.
◾അരിക്കൊമ്പനെ കേരളത്തിലേക്കു തിരികെയെത്തിക്കണമെന്ന എറണാകുളം സ്വദേശിനി റബേക്ക ജോസഫിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ആനയെ എവിടേക്കു വിടണമെന്ന് തീരുമാനിക്കേണ്ടത് വനം വകുപ്പാണെന്നും കോടതി പറഞ്ഞു.
◾എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക തുറക്കാന്‍ ധാരണ. സിനഡ് തീരുമാനിച്ചതും മാര്‍പാപ്പ അംഗീകരിച്ചതുമായ വിശുദ്ധ കുര്‍ബാനയര്‍പ്പണം മാത്രമേ ബസിലിക്കയില്‍ അനുവദിക്കൂ. എന്നാല്‍ ജനാഭിമുഖ കുര്‍ബാനയേ അനുവദിക്കൂവെന്ന് പാരീഷ് കൗണ്‍സില്‍ നിലപാടെടുത്തിരിക്കുകയാണ്.
◾കൊല്ലത്ത് കാട്ടുപൂച്ചയുടെ കടിയേറ്റയാള്‍ വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റു മരിച്ചു. കൊല്ലം നിലമേല്‍ സ്വദേശിയും ടാപ്പിംഗ് തൊഴിലാളിയുമായ 48 കാരന്‍ മുഹമ്മദ് റാഫിയാണ് മരിച്ചത്.
◾മലപ്പുറം കോട്ടക്കലില്‍ മിന്നലേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. ചങ്കുവെട്ടി സ്വദേശി അന്‍സാറിന്റെ മകന്‍ ഹാദി ഹസന്‍ (13) ആണ് മരിച്ചത്.
◾കോഴിക്കോട് വടകരയില്‍ ഇടിമിന്നലില്‍ വീടിന്റെ ഭിത്തി തകര്‍ന്നു. വടകര കോട്ടപ്പള്ളിയിലെ കുനി ഇല്ലത്ത് ശ്രീധരന്‍ നമ്പൂതിരിയുടെ വീടിനാണ് ഇടിമിന്നലേറ്റത്.
◾തര്‍ക്കത്തിനിടെ സിഐടിയു ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ നേതാവ് കുഴഞ്ഞു വീണു മരിച്ചു. ഷൊര്‍ണൂര്‍ നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ പി. സിന്ധുവിന്റെ ഭര്‍ത്താവും ഓട്ടോ തൊഴിലാളി യൂണിയന്‍ യൂണിറ്റ് നേതാവുമായ നെടുങ്ങോട്ടൂര്‍ കാപ്പില്‍ വീട്ടില്‍ പുഷ്പരാജനാണ് കുഴഞ്ഞു വീണു മരിച്ചത്.
◾മലയാളി യുവാവ് ലണ്ടനില്‍ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളിനഗര്‍ സ്വദേശി അരവിന്ദ് ശശികുമാര്‍ (37) ആണ് സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമില്‍ മരിച്ചത്. ഒപ്പം താമസിച്ചിരുന്ന 20 വയസുകാരനായ മലയാളി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ഷാര്‍ജയില്‍ എന്‍ജിനീയറായ മലയാളി യുവതി ഷോക്കേറ്റ് മരിച്ചു. പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് വീട്ടിലെ കുളിമുറിയില്‍ മരിച്ചത്.
◾പനിക്ക് ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശികളായ ദമ്പതികളുടെ അഹല്യ എന്ന് പേരായ ഒരു വയസുകാരി കുഞ്ഞാണ് മരിച്ചത്.
◾കണ്ണൂര്‍ ബേബി ബീച്ചിനടുത്ത് യുവതി കടലില്‍ ചാടി. താവക്കര സ്വദേശിനിയും ജ്വല്ലറി ജീവനക്കാരിയുമായ റോഷിതയാണ് കടലില്‍ ചാടിയത്. ആത്മഹത്യ ചെയ്യുകയാണെന്നു വാട്‌സ്ആപ് സ്റ്റാറ്റസില്‍ സൂചന നല്‍കിയ ശേഷമാണ് റോഷിത കടലില്‍ ചാടിയത്.
◾മൂന്നാറില്‍ തോട്ടം തൊഴിലാളി വീട്ടില്‍ മരിച്ച നിലയില്‍. മാട്ടുപ്പെട്ടി എസ്റ്റേറ്റില്‍ കുട്ടിയാര്‍ ഡിവിഷനില്‍ രാജയുടെ മകന്‍ പാണ്ടിയാണ് മരിച്ചത്. മദ്യപാനിയായിരുന്ന പാണ്ടിയുമായി വഴക്കിട്ട് കഴിഞ്ഞ ദിവസം ഭാര്യ ഗായത്രി വീടുവിട്ടു പോയിരുന്നു.
◾കാസര്‍കോട് പാണത്തൂര്‍ പരിയാരത്ത് വീടിന് മുകളിലേക്ക് ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറില്‍ ഉണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഹസൈനാര്‍ എന്നയാളുടെ വീട് ഭാഗികമായി തകര്‍ന്നു.
◾കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരില്‍ തെരുവുനായ മധ്യവയസ്‌ക്കന്റെ കീഴ്ചുണ്ട് കടിച്ചുപറിച്ചു. പരിക്കുകളോടെ തിമിരി കുതിരംചാലിലെ കെകെ മധുവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾തലശേരി റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍വേ സിഗ്നല്‍ കേബിള്‍ മുറിച്ച് മോഷ്ടിച്ചു വില്‍ക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയിലായി. തമിഴ്നാട് വില്ലുപുരം സ്വദേശി ചിന്ന പൊന്നുവും ചങ്ങാതിയായ സേലം സ്വദേശി പെരുമെയുമാണു പിടിയിലായത്. ആക്രി പെറുക്കി ജീവിക്കുന്നവരാണ് ഇരുവരും.
◾35 കേസുകളില്‍ പ്രതിയായ പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി തൃശൂര്‍ പൊലീസ് അറസ്റ്റു ചെയ്തു.
◾എറണാകുളം രവിപുരത്ത് ബെവ്കോ മദ്യശാലയില്‍ പെട്രോള്‍ ബോംബേറ്. മദ്യം വാങ്ങാനെത്തിയവര്‍ വഴക്കുണ്ടാക്കിയാണ് പെട്രോള്‍ ബോംബെറിഞ്ഞത്. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
◾കട്ടപ്പനയില്‍ സ്‌കൂള്‍ വിദ്യാര്‍ഥി താമസിച്ചിരുന്ന മുറിയില്‍നിന്നു മുപ്പതിനായിരം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാനക്കാരനായ വിദ്യാര്‍ഥിയുടെ മുറിയില്‍നിന്നും പാന്‍ മസാലകള്‍ കണ്ടെത്തിയത്. രണ്ടു കൂട്ടാളികളെയും പിടികൂടി.
◾ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ പതിനഞ്ചര ഗ്രാം എംഡിഎംഎ യുമായി മൂന്നു പേര്‍ പിടിയില്‍. കോട്ടയം സ്വദേശി വിജയ് പ്രകാശ് (23) തൃശൂര്‍ സ്വദേശി ആദിത് (20), കൊല്ലം സ്വദേശി നിയാസ് (22) എന്നിവരാണ് പിടിയിലായത്.
◾ബാലികയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് 51 വര്‍ഷം കഠിന തടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതിയാണ് പിന്നോക്ക വിഭാഗക്കാരിയെ പീഡിപ്പിച്ച ഷോളയൂര്‍ സ്വദേശി 55 കാരനായ അഗസ്റ്റിനെ ശിക്ഷിച്ചത്.
◾ഒടുവില്‍ തമിഴ്നാട്ടില്‍ ഗവര്‍ണറുമായി താത്കാലിക സന്ധി. അറസ്റ്റിലായ മന്ത്രി സെന്തില്‍ വി. ബാലാജിയുടെ വൈദ്യുതി വകുപ്പ് മന്ത്രി തങ്കം തെന്നരശനും എക്സൈസ് മുത്തുസ്വാമിക്കും കൈമാറാന്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി അനുമതി നല്‍കി. അറസ്റ്റിലായ മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍നിന്നു നീക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
◾തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തിന് അനുവാദം നല്‍കി. ഇതോടെ ആശുപത്രിയില്‍ മന്ത്രിയുടെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തേക്കും. സെന്തില്‍ ബാലാജിയുടെ സഹോദരന്‍ അശോക് കുമാറിനേയും ഭാര്യ നിര്‍മ്മലയെയും എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. ആദായ നികുതി വകുപ്പിനു പിന്നാലെയാണ് ഇഡിയും സമന്‍സ് അയച്ചത്. ഇതേസമയം, സെന്തില്‍ ബാലാജിയെ വകുപ്പില്ലാ മന്ത്രിയായി തുടരാനുള്ള ഉത്തരവ് തമിഴ്നാട് സര്‍ക്കാര്‍ പുറത്തിറക്കി.
◾ഗായകന്‍ മിഖാ സിംഗ് നടി രാഖി സാവന്തിനെ ബലമായി ചുംബിച്ചെന്ന കേസ് ബോംബെ ഹൈക്കോടതി റദ്ദാക്കി. സമ്മതമില്ലാതെ മിഖാ സിംഗ് ബലമായി തന്റെ ജന്മദിന പാര്‍ട്ടിയില്‍ രാഖിയെ ചുംബിച്ചെന്നായിരുന്നു കേസ്. തന്റെ സമ്മതത്തോടെയാണ് മിഖാ സിംഗ് ചുംബിച്ചതെന്ന് രാഖി സാവന്ത് മുംബൈ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയതിനെത്തുടര്‍ന്നാണ് കേസ് റദ്ദാക്കിയത്.
◾ഓസ്‌കര്‍ ജേതാവായ ഹോളിവുഡ് താരം അല്‍ പാച്ചിനോ 83 ാം വയസില്‍ പിതാവായി. 29 കാരിയായ കാമുകിയും നിര്‍മ്മാതാവുമായ നൂര്‍ അല്‍ഫലായാണ് ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. റോമന്‍ പാച്ചിനോ എന്നാണ് പേരിട്ടത്. അല്‍ പാച്ചിനോയ്ക്കു മറ്റു രണ്ടു ബന്ധങ്ങളിലായി മൂന്നു കുട്ടികള്‍ വേറെയുണ്ട്.
◾പറക്കുന്ന വിമാനത്തിന്റെ മുന്‍വശത്തിടിച്ചു ചില്ലു തകര്‍ന്ന് കോക്പിറ്റിനകത്തേക്കു പതിച്ച പക്ഷിയില്‍നിന്ന് ഇറ്റിറ്റുവീണ ചോരയില്‍ കുളിച്ച് പൈലറ്റ്. ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിലാണ് സംഭവം. പൈലറ്റ് മനസാന്നിദ്ധ്യം വിടാതെ വിമാനത്തെ ലാന്‍ഡ് ചെയ്യിച്ചു.
◾പ്രശസ്തമായ ആഷസ് ക്രിക്കറ്റ് പരമ്പരക്ക് തുടക്കം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 393 ന് 8 എന്ന നിലയില്‍ അപ്രതീക്ഷിതമായി ഡിക്ലയര്‍ ചെയ്തു. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 14 റണ്‍സെടുത്തിട്ടുണ്ട്. 118 റണ്‍സെടുത്ത മുന്‍ നായകന്‍ ജോ റൂട്ടിന്റെ മുപ്പതാം ടെസ്റ്റ് സെഞ്ച്വറിയാണ് ആദ്യ ദിനത്തിന്റെ ഹൈലൈറ്റ്.
◾കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന ലാഭവിഹിതത്തില്‍ റെക്കോഡ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ അന്തിമ ഡിവിഡന്റ് നിര്‍ദേശ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2022-23) 67 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നായി 63,056 കോടി രൂപ സര്‍ക്കാരിന് ഡിവിഡന്‍ഡായി ലഭിക്കും. ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ലാഭവിഹിതമാണിത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 50,583 കോടി രൂപയായിരുന്നു ലാഭവിഹിതം. 25 ശതമാനത്തിനടുത്ത് വര്‍ധനയുണ്ട്. ഗെയ്ല്‍, ഹിന്ദുസ്ഥാന്‍ കോപ്പര്‍, ബാമര്‍ ലാറി തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭവിഹിതം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതുകൂടി ചേര്‍ക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന ലാഭവിഹിതതുക ഇനിയും ഉയരും. 2014 ല്‍ ലഭിച്ച 42,150 കോടി രൂപയാണ് ഇതിനു മുന്‍പുള്ള ഏറ്റവും ഉയര്‍ന്ന ലാഭവിഹിതം. 2022-23 സാമ്പത്തിക വര്‍ഷത്തിലെ പൊതുമേഖലാ ബാങ്കുകളുടേയും ധനകാര്യ സ്ഥാപനങ്ങളുടേയും മാത്രം ലാഭവിഹിതം 18,000 കോടി രൂപ വരും. ധനകാര്യ-ഇതര പൊതുമേഖലാ സ്ഥാപനങ്ങളായ ഒ.എന്‍.ജി.സി, കോള്‍ ഇന്ത്യ, എന്‍.റ്റി.പി.സി, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നിവയില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കുക 45,000 കോടി രൂപയുടെ ലാഭവിഹിതമാണ്. കേന്ദ്രത്തിന് പൊതുമേഖലാ ബാങ്കുകളിലുള്ള ഓഹരി വിഹിതത്തിന്റെ അടിസ്ഥാനത്തിലാണ് ഡിവിഡന്‍ഡ് നല്‍കുന്നത്. പൊതുമേഖലയിലെ 67 ലിസ്റ്റഡ് സ്ഥാപനങ്ങളും കൂടി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരിയുടമകള്‍ക്ക് മൊത്തം നല്‍കുന്നത് 1.02 ലക്ഷം കോടി രൂപയുടെ ഡിവിഡന്‍ഡാണിത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 84,665 കോടി രൂപയായിരുന്നു.
◾പ്രഭാസ് ചിത്രം 'ആദിപുരുഷ്' തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ ചിത്രം നേപ്പാളില്‍ വിവാദമായിരിക്കുകയാണ്. ചിത്രം പ്രദര്‍ശിപ്പിക്കില്ല എന്നാണ് നിലപാട്. ഒരു ഡയലോഗിന്റെ കാര്യത്തിലാണ് ഭരണകൂടം അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. ആദിപുരുഷ് സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 'ജാനകി ഇന്ത്യയുടെ മകളാണ്' എന്ന വാചകമാണ് പ്രശ്‌നമായത്. ആദിപുരുഷ് സീതയുടെ ജന്മസ്ഥലത്തെ കുറിച്ചുള്ള തെറ്റ് തിരുത്തിയില്ലെങ്കില്‍ തലസ്ഥാന പ്രദേശത്ത് ഒരു ഇന്ത്യന്‍ സിനിമയും പ്രദര്‍ശിപ്പിക്കില്ല എന്നാണ് കാഠ്മണ്ഡു മെട്രോപൊളിറ്റന്‍ സിറ്റി മേയര്‍ ബാലെന്‍ ഷാ പ്രഖ്യാപിച്ചത്. ഇത് നേപ്പാളില്‍ മാത്രമല്ല, ഇന്ത്യയിലും ശരിയല്ലെന്ന് മേയര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മാറ്റിയില്ലെങ്കില്‍ കാഠ്മണ്ഡു മെട്രോപൊളിറ്റന്‍ സിറ്റിയില്‍ മറ്റൊരു ഹിന്ദി സിനിമയും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പോസ്റ്റില്‍ പറഞ്ഞു. നേപ്പാള്‍ സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞുവയ്ക്കാന്‍ തീരുമാനമെടുത്തു കഴിഞ്ഞു. ആദിപുരുഷ് ട്രെയ്‌ലറില്‍ സീതയെ ഇന്ത്യയുടെ പുത്രി എന്നാണ് പരാമര്‍ശിക്കുന്നത്. രാമായണം അനുസരിച്ച്, നേപ്പാളിലെ ജനക്പൂരിലാണ് സീത ജനിച്ചത്.
◾ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് പ്രൊജക്റ്റ് കെ. സിനിമയില്‍ കമല്‍ഹാസന്‍ പ്രഭാസുമായി ഒന്നിക്കുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, പ്രൊജക്റ്റ് കെയില്‍ പ്രതിനായക വേഷം ചെയ്യാന്‍ കമല്‍ഹാസന്‍ ഓക്കെ പറഞ്ഞതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തിന് പ്രതിഫലമായി വന്‍ തുകയാണ് ലഭിക്കുന്നത്. പ്രൊജക്ട് കെ സിനിമയുടെ ഷൂട്ടിംഗ് 70% പൂര്‍ത്തിയായതായി നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു, ചിത്രം 2024 സംക്രാന്തി റിലീസിനുള്ള തയ്യാറെടുപ്പിലാണെന്നും പറയപ്പെടുന്നു. സംവിധായകന്‍ നാഗ് അശ്വിന്‍ നയിക്കുന്ന ഈ മാസ്റ്റര്‍പീസില്‍ പ്രഭാസിനൊപ്പം ദീപിക പദുക്കോണും ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടും. മുതിര്‍ന്ന നിര്‍മ്മാതാവായ അശ്വിനി ദത്താണ് വന്‍ ബജറ്റില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്.
◾സ്വീഡിഷ് ആഡംബര വാഹന ബ്രാന്‍ഡായ വോള്‍വോ കാര്‍സ് പുതിയ സി40 റീചാര്‍ജ് പ്യുവര്‍ ഇലക്ട്രിക് കൂപ്പെ എസ്യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇത് ബ്രാന്‍ഡിന്റെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായിരിക്കും. ഒരൊറ്റ ടോപ്പ്-സ്പെക്ക് വേരിയന്റില്‍ ഇത് വാഗ്ദാനം ചെയ്യും. പുതിയ വോള്‍വോ സി40 റീചാര്‍ജ് ഓഗസ്റ്റില്‍ വിപണിയില്‍ എത്തും. ഡെലിവറികള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. സിഗ്നേച്ചര്‍ ബോഡി-നിറമുള്ള ക്ലോസ്-ഓഫ് ഫ്രണ്ട് ഫാസിയയാണ് കൂപ്പെയുടെ സവിശേഷത. ക്രിസ്റ്റല്‍ വൈറ്റ്, ഓനിക്സ് ബ്ലാക്ക്, ഫ്യൂഷന്‍ റെഡ്, ക്ലൗഡ് ബ്ലൂ, സേജ് ഗ്രീന്‍, ഫ്യോര്‍ഡ് ബ്ലൂ എന്നിങ്ങനെ ആറ് കളര്‍ ഓപ്ഷനുകളിലാണ് കൂപ്പെ പതിപ്പ് വാഗ്ദാനം ചെയ്യുന്നത്. വോള്‍വോ സി40 റീചാര്‍ജില്‍ 78കിലോവാട്ട് ബാറ്ററി പായ്ക്കുണ്ട്. സിംഗിള്‍ ഓള്‍-വീല്‍-ഡ്രൈവ് പതിപ്പും ഡ്യുവല്‍-ഇലക്ട്രിക് മോട്ടോറും ഇതിന്റെ സവിശേഷതയാണ്. സംയുക്ത പവറും ടോര്‍ക്കും യഥാക്രമം 405 ബിഎച്ച്പിയും 660 എന്‍എംയുമാണ്. ഒറ്റ ചാര്‍ജില്‍ 530 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു.
◾കുറ്റാന്വേഷണാഖ്യാനങ്ങളുടെ രീതിശാസ്ത്രം വിശദീകരിക്കുന്നതോടോപ്പം അവയുടെ നിര്‍മ്മിതിയിലെ സാംസ്‌കാരിക വിവക്ഷകള്‍ അന്വേഷിക്കുന്ന പുസ്തകം. ഒഴിച്ചു നിര്‍ത്താവുന്ന തരത്തില്‍ ഒരു ഇതരസ്വത്വം എങ്ങനെ രൂപപ്പെടുന്നുവെന്നും പരിചരിക്കപ്പെടുന്നുവെന്നും ജനപ്രിയമായ എഴുത്തിനെയും കാഴ്ചയെയും മുന്‍ നിര്‍ത്തി ചെയ്യുന്നു. കുറ്റാന്വേഷണ സാഹിത്യത്തെയും ദൃശ്യാഖ്യാനങ്ങളെയും സാംസ്‌കാരിക വിശകലനത്തിനു വിധേയമാക്കുന്ന മലയാളത്തിലെ ആദ്യത്തെകൃതി. 'അപസര്‍പ്പകാഖ്യാനങ്ങള്‍ - ഭാവനയും രാഷ്ട്രീയവും'. ഡോ ആര്‍ രാജശ്രീ. ലോഗോസ് ബുക്സ്. വില 133 രൂപ.
◾ഷുഗര്‍ നില നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണ് മല്ലി. മല്ലിയില്‍ പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിന്‍ എ, സി, കെ, ഫോളിക് ആസിഡ്, മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണെന്ന് അറിയപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ദിവസവും മല്ലിവെള്ളം കുടിക്കുന്നത് ശീലമാക്കാവുന്നതാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. മല്ലിയില്‍ ഹൈപ്പര്‍ ഗ്ലൈസെമിക് വിരുദ്ധ ഗുണങ്ങളുള്ള വിവിധ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനിലെ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മല്ലി രക്തത്തില്‍ നിന്ന് പഞ്ചസാര നീക്കം ചെയ്യുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കും. അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇന്‍സുലിന്‍ ഉല്‍പ്പാദനം നിയന്ത്രിക്കുന്നതിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കുന്നതിലും മല്ലി ഒരു പങ്കു വഹിക്കുന്നുണ്ട്. മല്ലി പാന്‍ക്രിയാറ്റിക് ബീറ്റാ സെല്ലുകളില്‍ നിന്ന് ഇന്‍സുലിന്‍ പുറത്തുവിടുന്നത് നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് അമേരിക്കന്‍ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നു. നാരുകളാല്‍ സമ്പുഷ്ടമായ മല്ലി ആരോഗ്യകരമായ മലവിസര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുകയും ശക്തമായ ആന്റിഓക്‌സിഡന്റ് ഫലങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ദഹനം വര്‍ധിപ്പിക്കുന്നതിലൂടെ മല്ലി രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിന് കാരണമാകും.