മുഴം കണക്കിന് മുല്ലപ്പൂവ് വിറ്റാല്‍ ഇനി 2000 രൂപ പിഴ


 മുഴം കണക്കിന് മുല്ലപ്പൂവ് വിറ്റാല്‍ 2000 രൂപ പിഴ ഈടാക്കും. തൃശൂര്‍ നഗരത്തില്‍ മുല്ലപ്പൂവ് മുഴം കണക്കാക്കി വിറ്റതിന് പിഴ ഈടാക്കി ലീഗല്‍ മെട്രോളജി വിഭാഗം.

തൃശൂര്‍ സ്വദേശി വെങ്കിടാചലം നല്‍കിയ പരാതിയിലാണ് ലീഗല്‍ മെട്രോളജി നടപടി സ്വീകരിച്ചത്.

പൂക്കടകളില്‍ കാലങ്ങളായി മുഴം കണക്കാക്കിയാണ് മുല്ലപ്പൂവ് വില്‍ക്കുന്നത്. എന്നാല്‍ ഇനി മുതല്‍ ഒരു മുഴം പൂവെന്ന് ചോദിച്ചാല്‍ ലഭിക്കുക മീറ്റര്‍ കണക്കിനാകും. മുഴം കണക്കാക്കുന്നതിലൂടെ ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് വെങ്കിടാചലം നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. മുഴം എന്നത് അളവുകോല്‍ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മുല്ലപ്പൂമാലയാണെങ്കില്‍ സെന്റീമീറ്റര്‍, മീറ്റര്‍ എന്നിവയും പൂക്കളായിട്ടാണെങ്കില്‍ ഗ്രാം, കിലോ ഗ്രാം എന്നിവയുമാണ് അളവ് മാനദണ്ഡം.

വെങ്കിടാചലത്തിന്റെ പരാതിയിന്മേല്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിലാണ് തൃശൂര്‍ കിഴക്കേക്കോട്ടയിലെ പൂക്കടയ്‌ക്ക് 2000 രൂപ പിഴ ഈടാക്കിയത്. ഇനി മുതല്‍ മുഴം കണക്ക് പറഞ്ഞ് പൂവ് വിറ്റാല്‍ പിഴ ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പൂച്ചന്തകളില്‍ പരിശോധന കര്‍ശനമാക്കിയതോടെ വില്‍പ്പനയ്‌ക്കായി സ്‌കെയില്‍ ഉപയോഗിച്ച്‌ തുടങ്ങിയിരിക്കുകയാണ് പൂക്കച്ചവടക്കാര്‍.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.