Click to learn more 👇

18ാം വയസില്‍ അരുംകൊല, ജീവപര്യന്തം ശിക്ഷ വിധിച്ചതിന് പിന്നാലെ മുങ്ങി; ഒടുവില്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി അച്ചാമ്മ പിടിയിലായി


 കൊച്ചി: മാവേലിക്കര മാങ്കാംകുഴി മറിയാമ്മ കൊലക്കേസില്‍ പ്രതിയായ അച്ചാമ്മ ഒടുവില്‍ പൊലീസ് പിടിയിലായി. സംഭവത്തിന് ശേഷം 33 വര്‍ഷങ്ങള്‍ക്കിപ്പുറവും ശിക്ഷാവിധി പ്രഖ്യാപിച്ച്‌ 27 വര്‍ഷങ്ങള്‍ക്ക് ശേഷവുമാണ് റെജി എന്ന അച്ചാമ്മ (51) അറസ്റ്റിലായത്.

കൊച്ചിയില്‍ ഏറെനാളായി മിനി രാജു എന്ന പേരില്‍ ഒളിവില്‍ താമസിച്ച്‌ വരികയായിരുന്നു ഇവര്‍. പല്ലാരിമംഗലത്ത് കാടുവെട്ടിവിള മിനി രാജു എന്നായിരുന്നു ഇവരുടെ വിലാസം.

1990 ഫെബ്രുവരി 21ന് മാങ്കാംകുഴി തെക്കേതില്‍ പാപ്പച്ചന്റെ ഭാര്യയായ മറിയാമ്മയെ(61) വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അടുക്കളയില്‍ ഉപയോഗത്തിനുള്ള കത്തികൊണ്ട് കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചാണ് മറിയാമ്മയെ അച്ചാമ്മ കൊലപ്പെടുത്തിയത്. ഒൻപതോളം കുത്തുകള്‍ മറിയാമ്മയ്‌ക്ക് ഏറ്റിരുന്നു. മറിയാമ്മയുടെ മൂന്നര പവന്റെ മാലയും കമ്മലും ഇവര്‍ മോഷ്‌ടിച്ചു. ഇതില്‍ ചെവി അറുത്താണ് കമ്മല്‍ തട്ടിയെടുത്തത്.

വീട്ടില്‍ ജോലിചെയ്‌തിരുന്ന അച്ചാമ്മയെ മറിയാമ്മയ്‌ക്ക് മകളെപ്പോലെ വിശ്വാസമായിരുന്നു. അച്ചാമ്മ കൊല നടത്തിയെന്ന് അന്ന് ആര്‍ക്കും വിശ്വസിക്കാനായില്ല. കേസില്‍ അറസ്‌റ്റിലായ അച്ചാമ്മയെ 1993ല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ മാവേലിക്കര കോടതി വിട്ടയച്ചു. എന്നാല്‍ 1996 സെപ്‌തംബര്‍ 11ന് പ്രോസിക്യൂഷൻ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇവരെ ജീവപര്യന്തം ശിക്ഷിച്ചു. ഇതിനുപിന്നാലെ മുങ്ങിയ അച്ചാമ്മ, മിനി എന്ന പേരില്‍ പലയിടത്തും വീട്ടുജോലിക്കാരിയായി നിന്നു.

പിന്നീട് തമിഴ്‌നാട് തക്കല സ്വദേശിയായ കെട്ടിട നിര്‍മ്മാണ തൊഴിലാളിയുമായി പരിചയപ്പെട്ട അച്ചാമ്മ 1999ല്‍ ഇയാളെ വിവാഹം ചെയ്‌ത് കുറച്ച്‌ നാള്‍ തക്കലയില്‍ താമസിച്ചു. പിന്നെ കോതമംഗലത്ത് പല്ലാരിമംഗലം പഞ്ചായത്തില്‍ അടിവാട്ട് എന്നയിടത്ത് കുടുംബസമേതം താമസമായി. ഇവിടെ ഒരു തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലി നോക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിവീണത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.