മുട്ടയിടുന്ന പലതരം ജീവികളെ കുറിച്ച് നമുക്ക് അറിയാം അല്ലേ? എന്നാല്‍, സ്രാവുകള്‍ മുട്ടയിടുന്ന ജീവികളാണ് എന്ന് അറിയാമായിരുന്നോ?
അതേ, ചിലയിനം സ്രാവുകള്‍ മുട്ടയിടുന്ന ജീവികളാണ്. ആറ് മുതല്‍ ഒമ്ബത് മാസം കൊണ്ടാണ് അവ വിരിയുന്നത്. സാധാരണ, കടലുകളില്‍ മുങ്ങിക്കിടക്കുന്ന പാറകളിലും പാറയിടുക്കുകളിലും ഒക്കെയാണ് ഇവ മുട്ടയിടുന്നത്. എന്നിരുന്നാലും ചിലപ്പോള്‍ അവ തിരകളില്‍ പെട്ട് കരകളിലേക്കും എത്താറുണ്ട്. അതുപോലെ ഒരു സ്രാവിന്റെ മുട്ട കണ്ടെത്തിയ വീഡിയോ അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
കടലില്‍ നിന്നും കടല്‍ക്കരയില്‍ നിന്നുമൊക്കെയുള്ള വസ്തുക്കള്‍ ശേഖരിക്കുന്ന റെബേക്ക (@california.shelling) എന്ന യുവതിയാണ് കാലിഫോര്‍ണിയ ബീച്ചില്‍ നിന്നും സ്രാവിന്റെ മുട്ട കണ്ടെത്തിയത്. അത് നല്ല മൃദുലമായതും സ്പോഞ്ചിയുമാണ് എന്നും റെബേക്ക പറയുന്നുണ്ട്. ഒപ്പം തന്നെ അതിന്റെ അകത്ത് ഭ്രൂണമുണ്ട് എന്നും റെബേക്ക പറയുന്നു.
ചില സ്രാവുകള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നു. എന്നാല്‍, ചിലയിനം സ്രാവുകള്‍ മുട്ടയിടാറാണ് എന്നും റെബേക്ക വിശദീകരിക്കുന്നുണ്ട്. കാലിഫോര്‍ണിയ ഹോണ്‍ ഷാര്‍ക്ക് അങ്ങനെ മുട്ടയിടുന്നവയുടെ കൂട്ടത്തില്‍ പെട്ടതാണ് എന്നും റെബേക്ക അടിക്കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.
നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. മിക്കവര്‍ക്കും അത് ഒരു സ്രാവിന്റെ മുട്ടയാണ് എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി. ആ അത്ഭുതം അവര്‍ കമന്റുകളില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ഒരു സ്രാവിന്റെ മുട്ടയാണ് എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു എന്നാണ് പലരും കുറിച്ചിരിക്കുന്നത്.
എന്നാല്‍, മറ്റ് ചിലര്‍ ഇങ്ങനെ സ്രാവിന്റെയോ കടലാമകളുടെയോ മുട്ടകള്‍ തീരത്ത് നിന്നും നിങ്ങള്‍ കണ്ടെടുക്കുകയാണ് എങ്കില്‍ പ്രദേശത്തെ അക്വാട്ടിക് സെന്ററിനെയോ മറൈൻ വൈല്‍ഡ് ലൈഫ് സെന്ററിനെയോ ബന്ധപ്പെടുന്നത് ഉചിതമാണ് എന്നും അഭിപ്രായപ്പെട്ടു.