തെറ്റായ കമാന്‍ഡ്; DGP-ക്ക് നല്‍കിയ ഗാര്‍ഡ് ഓഫ് ഓണറില്‍ പിഴവ്, സല്യൂട്ട് തെറ്റി; നടപടി വേണമെന്ന് ആവശ്യം; വീഡിയോ


 തിരുവനന്തപുരം: സംസ്ഥാന പോലീസ് മോധാവി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹേബിന് നല്‍കിയ ഗാര്‍ഡ് ഓഫ് ഓണറില്‍ ഗുരുതര പിഴവ്.

കമാൻഡ് നല്‍കിയ പോലീസ് ഉദ്യോഗസ്ഥൻ തെറ്റായ കമാൻഡ് നല്‍കിയതോടെ സല്യൂട്ട് തെറ്റി. വെള്ളിയാഴ്ച പോലീസ് ആസ്ഥാനത്ത് വച്ച്‌ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണറിലാണ് പിഴവുണ്ടായത്.

അറ്റൻഷനില്‍ നില്‍ക്കുന്ന സേനയ്ക്ക് വീണ്ടും അറ്റൻഷൻ എന്ന കമാൻഡ് വന്നതോടെ സേന അംഗങ്ങള്‍ ആശയക്കുഴപ്പത്തിലായതാണ് പിഴവിന് കാരണം. പകുതി പേര്‍ തോക്ക് ഉയര്‍ത്തി. ചിലര്‍ നിന്ന നില്‍പ്പില്‍ തന്നെ നിന്നു. കമാൻഡ് തെറ്റിയെന്ന് മനസ്സിലായതോടെ പോലീസ് മേധാവി സല്യൂട്ട് നല്‍കി മടങ്ങി.

പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിന്റെ ദൃശ്യങ്ങള്‍ നിലവില്‍ പുറത്ത് വന്നിട്ടുണ്ട്. വീഴ്ച പറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന ആവശ്യം പോലീസ് ഗ്രൂപ്പുകളില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഡി.ജി.പിമാരുടെ യാത്രയയപ്പിലും സമാനമായ വീഴ്ചകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നടപടികള്‍ ഉണ്ടായിരുന്നില്ല.

ഡി.ജി.പിമാരായ അനന്തകൃഷ്ണൻ, ഡോ ബി. സന്ധ്യ എന്നിവര്‍ക്ക് മേയ് 31 നല്‍കിയ യാത്രയയപ്പിലാണ് സമാനമായ വീഴ്ചകള്‍ ഉണ്ടായത്. ആകാശത്തേക്ക് വെടി വയ്ക്കുന്ന സമയത്ത് എല്ലാ പോലീസുകാരുടേയും തോക്കില്‍ നിന്നും ഒരേ സമയത്ത് വെടിയുതിര്‍ക്കണമെന്നാണ്. 

എന്നാല്‍ വനിതാ പോലീസ് സേനാവിഭാഗത്തില്‍ ഉണ്ടായിരുന്നവരില്‍ ചിലരുടെ തോക്കില്‍ നിന്നും വെടി ഉതിര്‍ന്നിരുന്നില്ല. 

ഇവരെ പരിശീലനത്തിന് അയക്കണമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും അത് നടപ്പാക്കിയില്ല. ഈ വിവാദം നിലനില്‍ക്കെയാണ് പുതിയൊരു വിവാദം കൂടെ പോലീസ് സേനയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിരിക്കുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.