Click to learn more 👇

വിദ്യാര്‍ഥിയെ തല്ലാന്‍ മറ്റുമതവിഭാഗത്തിലെ കുട്ടികളോട് പറഞ്ഞ് അധ്യാപിക; വീഡിയോ കാണാം


 

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ കുബപ്പുര്‍ ഗ്രാമത്തിലെ സ്കൂളില്‍ ഒരു മതവിഭാഗത്തിലെ കുട്ടിയെ തല്ലാൻ മറ്റുമതവിഭാഗത്തിലെ കുട്ടികളോട് പറഞ്ഞ് അധ്യാപിക.

സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചു. അടിയേറ്റ് കുട്ടി കരയുന്നതും വീഡിയോയിലുണ്ട്. രണ്ടാംക്ലാസ് വിദ്യാര്‍ഥിക്കാണ് അടിയേറ്റത്. സംഭവത്തില്‍ പോലീസ് വിദ്യാഭ്യാസ വകുപ്പിനോട് നടപടിയെടുക്കാൻ നിര്‍ദേശിച്ചിട്ടുണ്ട്.

അധ്യാപികയായ ത്രപ്തി ത്യാഗിയാണ് കുട്ടിയെ മറ്റു കുട്ടികളെക്കൊണ്ട് അടിപ്പിച്ചത്. പതുക്കെ അടിച്ച കുട്ടിയോട് ശക്തിയായി അടിക്കാനും അധ്യാപിക ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഗൃഹപാഠം പൂര്‍ത്തിയാക്കാത്തതിനാലാണ് അധ്യാപിക ഇങ്ങനെചെയ്തതെന്നാണ് പോലീസ് അറിയിച്ചത്. അധിക്ഷേപകരമായ കാര്യങ്ങള്‍ വീഡിയോയില്‍ പറയുന്നുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. വീഡിയോ പങ്കുവെക്കരുതെന്ന് ബാലാവകാശസംഘടന നിര്‍ദേശം നല്‍കി.

വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ വെള്ളിയാഴ്ചയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. കുട്ടി കരഞ്ഞുകൊണ്ടാണ് സ്കൂള്‍ വിട്ട് വീട്ടിലെത്തിയത്. അവനത് മാനസികമായി വലിയ ആഘാതമായി. കുട്ടികളോട് ഇങ്ങനെ പെരുമാറരുതെന്ന് മാതാവ് റുബീന പറഞ്ഞു. 


മകൻ പാഠങ്ങള്‍ മനഃപാഠമാക്കുന്നില്ലെന്ന് പറഞ്ഞ് അധ്യാപിക തന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയാണ്. മകൻ പഠിക്കാൻ മിടുക്കനാണ്. ട്യൂഷന് പോകുന്നുണ്ട്. എന്തുകൊണ്ടാണ് അവനോട് അങ്ങനെ പെരുമാറിയതെന്ന് മനസ്സിലാകുന്നില്ല. അധ്യാപികയില്‍ നിറയെ വിദ്വേഷമാണെന്നാണ് തോന്നുന്നത്. സ്കൂളിനെതിരേ കേസു കൊടുക്കാനില്ല.

ഏതായാലും മകനെ ആ സ്കൂളിലേക്ക് അയക്കുന്നില്ല. സ്കൂള്‍ ഫീ തിരിച്ചുതന്നെന്നും കുട്ടിയുടെ പിതാവ് മുഹമ്മദ് ഇര്‍ഷാദ് പറഞ്ഞു. 

സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ അപലപിച്ചു. കുട്ടികളുടെ മനസ്സില്‍ വിവേചനത്തിന്റെ വിഷം വിതയ്ക്കുകയാണെന്ന് രാഹുല്‍ഗാന്ധി എക്സില്‍ കുറിച്ചു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.