തിരുവനന്തപുരം: വെഞ്ഞാറമൂട് ആലന്തറ സുമാ ഭവനില്‍ കെ സുകുമാരന്റെ വീട്ടിലെ കിണറ്റില്‍ നിന്നും ലഭിക്കുന്നത് വെള്ളത്തിന് പകരം പെട്രോള്‍.
കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രതിഭാസം തുടങ്ങിയിട്ട്. കുറെ നാളുകളായി വെള്ളത്തിന് രുചി വ്യത്യാസം ഉണ്ടായിരുന്നതിനാല്‍ പൈപ്പ് വെള്ളമായിരുന്നു ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി ഈ കുടുംബം ഉപയോഗിച്ചിരുന്നത്.
രണ്ടു ദിവസം മുൻപ് കിണറ്റില്‍ നിന്നും പെട്രോളിന്റെ രൂക്ഷ ഗന്ധം അനുഭവപ്പെടാൻ തുടങ്ങി. വെള്ളത്തിന് നിറവ്യത്യാസവും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ കിണറില്‍ നിന്നും പെട്രോളിന്റെ നിറവും മണവും ഉള്ള ജലമാണ് ലഭിക്കുന്നതെന്ന് വീട്ടുകാര്‍ പറയുന്നു. ഇവിടെ മാത്രമല്ല സമീപത്തെ കുറച്ചു വീടുകളിലും കിണറ്റിലെ അവസ്ഥ ഇതുതന്നെ.
ഇവരുടെ വീട്ടില്‍ നിന്ന് 300 മീറ്റര്‍ മാറി എം സി റോഡിന് മറുവശത്തായി ഒരു പെട്രോള്‍ പമ്ബ് ഉണ്ട്. കിണറ്റിലെ വെള്ളത്തിന് പെട്രോളിന്റെ ഗന്ധം ഉണ്ടെന്ന് പമ്ബ് അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് പമ്ബ് അധികൃതര്‍ എത്തി കിണര്‍ അടച്ചിടുകയും വീട്ടുകാര്‍ക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. പമ്ബിലെ ടാങ്കിന് ചോര്‍ച്ചയില്ലെന്നും അളവില്‍ വ്യത്യാസമില്ലെന്നും പമ്ബ് അധികൃതര്‍ പറയുന്നു. വിദഗ്ദ്ധര്‍ എത്തി പരിശോധന നടത്തി.