തൃശൂര്‍: ഉറങ്ങിക്കിടന്ന ഭാര്യയെ കമ്ബിപാര കൊണ്ട് തലയ്ക്കടിച്ചു കൊന്ന ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
തൃശൂര്‍ ചേറൂര്‍ കല്ലടിമൂലയിലാണ് സംഭവം. സംശയരോഗമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പുലര്‍ച്ചെയായിരുന്നു സംഭവം. ഒരുമണിയോടെ വിയ്യൂര്‍ സ്റ്റേഷനിലെത്തിയ ഉണ്ണികൃഷ്ണനെന്ന അന്പതു കാരന്‍ ഭാര്യയെ കമ്ബിപാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു എന്ന് അറിയിക്കുകയായിരുന്നു. പ്രതിയുമായി വീട്ടിലെത്തിയ പൊലീസിന് മൊഴി സത്യമെന്ന് ബോധ്യപ്പെട്ടു. കിടപ്പുമുറിയില്‍ ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍റെ ഭാര്യ സുലി. പൊലീസെത്തിയശേഷമാണ് വീട്ടിലുണ്ടായിരുന്ന മകന്‍ വിവരം അറിഞ്ഞത്. ചെറിയ അനക്കം കണ്ടതോടെ സുലിയെ തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
ദീര്‍ഘകാലം പ്രവാസിയായിരുന്ന ഉണ്ണികൃഷ്ണന്‍ മൂന്നു ദിവസം മുന്പാണ് നാട്ടിലെത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഇയാള്‍ നല്‍കിയ മൊഴി. കുറച്ചുകാലം മുമ്ബാണ് ഉണ്ണികൃഷ്ണനും സുലിയും കല്ലടിമൂലയിലേക്ക് താമസം മാറുന്നത്. പാടത്തോട് ചേര്‍ന്ന ആളൊഴിഞ്ഞ പ്രദേശമായതിനാല്‍ പെട്ടന്നാരുടെയും ശ്രദ്ധയെത്താത്ത സ്ഥലമാണ്. രാവിലെ പൊലീസെത്തിയപ്പോഴാണ് അരും കൊല നാട്ടുകാര്‍ അറിഞ്ഞത്.
ഒരു കോടിയോളം രൂപ ഇയാള്‍ അയച്ചു കൊടുത്തിരുന്നു. ഈ തുക അവരുടെ കയ്യിലുണ്ടായിരുന്നില്ല. മാത്രമല്ല, കടവും ഉണ്ടായിരുന്നു. ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. അയല്‍പക്കക്കാരുമായി ബന്ധമില്ലാത്ത സാഹചര്യമായിരുന്നു.
കൊല നടത്തിയതിന് ശേഷം ഇയാള്‍ സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഉണ്ണിക്കൃഷ്ണൻ പൊലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്.