തിരുവല്ല: കെ.എസ്.ആര്‍.ടി.സി ബസ്സിനുള്ളില്‍ 17 വയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ മദ്ധ്യവയസ്‍കന്‍ പിടിയിലായി.
പത്തനംതിട്ട മൈലപ്ര മേക്കൊഴൂര്‍ പനയ്ക്കര വീട്ടില്‍ പി.കെ. ഷിജു (42) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സില്‍ ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു ഇയാള്‍ ലൈംഗിക അതിക്രമം നടന്നത്.
ആയൂരില്‍ നിന്ന് ബസില്‍ കയറി കോട്ടയത്തേക്ക് പോവുകയായിരുന്ന ഹയര്‍ സെക്കൻഡറി വിദ്യാര്‍ത്ഥിയെയാണ് ഷിജു ഉപദ്രവിച്ചത്. അടൂരില്‍ നിന്നും ബസ്സില്‍ കയറിയ ഇയാള്‍ വിദ്യാര്‍ഥിക്കൊപ്പം ഒരേ സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു. ബസ് പുറപ്പെട്ട് അല്‍പ സമയം കഴിഞ്ഞപ്പോള്‍ മുതല്‍ ഷിജു വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം ആരംഭിച്ചു.
ഇയാളുടെ പ്രവൃത്തികള്‍ സഹിക്കാനാവാതെ
വന്നതോടെ ചെങ്ങന്നൂരിന് സമീപം വെച്ച് വിദ്യാര്‍ത്ഥി ബഹളംവച്ചു. ഇതോടെ ബസ്സില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഷിജുവിനെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് തടഞ്ഞുവെച്ചു. തുടര്‍ന്ന് ബസ് തിരുവല്ല കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡില്‍ എത്തിയപ്പോള്‍ പൊലീസിന് കൈമാറുകയായിരുന്നു.