ഉളിക്കലിലെ ജോസ് (68) മരിച്ചത് കാട്ടാനയുടെ ചവിട്ടേറ്റ് തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
നെഞ്ചിന് ചവിട്ടേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ആനയെ തുരത്തുന്നതിനിടയില്‍ അബദ്ധത്തില്‍ മുന്നില്‍പ്പെട്ടതാണെന്നാണ് വനംവകുപ്പിന്റെ നിഗമനം.
ഇന്ന് രാവിലെയാണ് സെന്റ് ജോസഫ് ലത്തീൻ പള്ളിയുടെ പറമ്ബില്‍ ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. ജോസിന്റെ ആന്തരികാവയവങ്ങളടക്കം പുറത്തുവന്ന നിലയിലായിരുന്നു. കര്‍ണാടക വനത്തില്‍ നിന്നാണ് കൊമ്ബൻ ഉളിക്കല്‍ ടൗണിലെത്തിയത്. രാവിലെ ആറു മണിയോടെ മണ്ഡപപ്പറമ്ബിലെ ലോട്ടറി തൊഴിലാളി സ്‌നേഹ രാജനാണ് ആദ്യം കണ്ടത്.
ടൗണിനു സമീപത്തെ സെന്റ് ജോസഫ് ദേവാലയത്തിന്റെ കൃഷിയിടത്തിലാണ് എത്തിയത്. ആ സമയം പ്രഭാത കുര്‍ബാനയായിരുന്നു. ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കി വിശ്വാസികളെ തിരിച്ചയച്ചു. പതിനൊന്ന് മണിയോടെ ആനയെ പടക്കം പൊട്ടിച്ച് തുരത്താൻ ശ്രമം തുടങ്ങി.
പലതവണ പടക്കം പൊട്ടിച്ചതോടെ ആന ഉളിക്കല്‍ ബസ് സ്റ്റാൻഡ് വഴി അമരവയല്‍ ഭാഗത്തേക്ക് ഓടി വയത്തൂരില്‍ നിലയുറപ്പിച്ചു. നാലു മണിയോടെ മഴ പെയ്തതിനാല്‍ ആനയെ തുരത്തുന്നതിനുള്ള ശ്രമം നിര്‍ത്തി. ആന കടന്നുപോയ വഴിയില്‍ കൃഷിനാശമുണ്ടായി. കാട്ടാന തിരികെ കാട് കയറിയെന്ന് വനംവകുപ്പ് അറിയിച്ചു. ഇന്നലെ മുഴുവൻ നീണ്ട ദൗത്യത്തിനൊടുവിലാണ് കാട്ടാനയെ തുരത്താനായത്.