Click to learn more 👇

കൊടും ക്രൂരത! വ്യവസായിയുടെ വീട്ടില്‍ കവര്‍ച്ച; ഭാര്യയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു


 


കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ നാടിനെ നടുക്കി കൊടും ക്രൂരത. യുപിയില്‍ വ്യവസായിയുടെ വീട് കൊള്ളയടിച്ച്‌ മോഷണ സംഘം ഭാര്യയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു.

ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയിലെ ഒരു വ്യവസായിയുടെ ഭാര്യയെ ആണ് അഞ്ചംഗ മോഷണ സംഘം അതിക്രൂര പീഡനത്തിന് ഇരയാക്കിയത്. വീട് കൊള്ളയടിച്ച ശേഷം പ്രതികള്‍ യുവതിയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തെന്നാണ് പരാതി. വീട്ടിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍, രണ്ട് കിലോ വെള്ളി സാധനങ്ങള്‍, ഒന്നര ലക്ഷം രൂപ, സ്‌കൂട്ടര്‍, എല്‍ഇഡി ടിവി എന്നിവ കവര്‍ച്ചക്കാര്‍ മോഷ്ടിച്ചു. മോഷണത്തിന് ശേഷം വീട്ടിലിരുന്ന് ഇവര്‍ മദ്യം കഴിക്കുകയും, മദ്യലഹരിയില്‍ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

വ്യവസായി തന്‍റെ അമ്മയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം ഡോക്ടറെ കാണാൻ പുറത്ത് പോയ സമയത്താണ് അഞ്ചംഗ കവര്‍ച്ചാ സംഘം വീട്ടില്‍ അതിക്രമിച്ച്‌ കയറി കവര്‍ച്ച നടത്തിയത്.

മദ്യലഹരിയിലായിരുന്ന മോഷ്ടാക്കള്‍ തന്റെ ഭാര്യയെ ബലാത്സംഗം ചെയ്യുകയും ശരീരത്തില്‍ സിഗരറ്റ് കുറ്റി ഉപയോഗിച്ച്‌ കുത്തി പരിക്കേല്‍പ്പിച്ചതായും വ്യവസായി ആരോപിച്ചു. യുവതിയുടെ ശരീരത്തില്‍ പൊള്ളലേറ്റ നിരവധി പാടുകളുണ്ട്. 

വീട്ടിലെ മുറികളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാരകളുടെ പൂട്ട് തല്ലിപ്പൊളിച്ചാണ് മോഷണം നടത്തിയത്. കഴിഞ്ഞ ഒക്‌ടോബര്‍ 19 വ്യവസായിയുടെ വീട്ടില്‍ മോഷണം നടന്നിരുന്നു. അന്ന് കവര്‍ച്ചക്കാര്‍ ഇയാളെ ബന്ദിയാക്കി 80,000 രൂപ അടിച്ചെടുത്തു. സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തില്ല. പരാതി ഒതുക്കി തീര്‍ക്കാനാണ് പൊലീസ് ശ്രമിച്ചതെന്നാണ് വ്യവസായിയുടെ ആരോപണം. ആദ്യസംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് പൊലീസ് പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്തത്.

അന്ന് പൊലീസ് സമയബന്ധിതമായി കേസെടുത്ത് അന്വേഷണം നടത്തിയിരുന്നെങ്കില്‍ വീണ്ടും മോഷണം നടക്കില്ലായിരുന്നുവെന്നും ഭാര്യ അതിക്രൂര പീഡനത്തിന് ഇരയാക്കപ്പെടില്ലായിരുന്നുവെന്നും വ്യവസായി പറഞ്ഞു. ഇയാളുടെ പരാതിയില്‍ സ്റ്റേഷൻ ഇൻചാര്‍ജ് വികാസ് കുമാറിനെ പോലീസ് സൂപ്രണ്ട് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു. പ്രതികളെ ഉടൻ പിടികൂടുമെന്നും കൂട്ടബലാത്സംഗം, കവര്‍ച്ച തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.