Click to learn more 👇

വില്ലനാകുന്നത് ഗാമോഫോബിയ; കേരളത്തിലെ പുരുഷൻമാര്‍ക്ക് പെണ്ണ് കിട്ടാനില്ല


 


രാജ്യത്തെ പുരുഷൻമാര്‍ക്ക് വിവാഹം കഴിക്കാൻ സ്ത്രീ പങ്കാളികളെ കിട്ടാനില്ല എന്ന തരത്തില്‍ പലവിധ സര്‍വേഫലങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

2018നു ശേഷമാണ് ഇങ്ങനെ ഒരു മാറ്റം കാണുന്നത് എന്നാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ സ്‌ത്രീ- പുരുഷ അനുപാതം 1084: 1000 ആണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നിട്ടും എന്തുകൊണ്ടായിരിക്കാം പുരുഷൻമാര്‍ക്ക് സ്‌ത്രീകളെ കിട്ടാനില്ലാത്തത്?

വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് മുപ്പത്തിയൊന്ന് മുതല്‍ തൊണ്ണൂറ്റിയെട്ട് ശതമാനംവരെ പെണ്‍കുട്ടികള്‍ വിവാഹത്തിന് താല്പര്യപ്പെട്ട് മുന്നോട്ടു വരുന്നില്ല എന്നാണ്. പ്രണയ വിവാഹങ്ങള്‍ കൂടുന്നതും ലിവിംഗ് ടുഗെതര്‍ വര്‍ദ്ധിക്കുന്നതും ജാതക പ്രശ്നങ്ങളും പോലുള്ള കാരണങ്ങള്‍ കൊണ്ടുമാത്രമല്ല പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ എണ്ണം കുറയുന്നത്. 

ഇന്നത്തെ കാലത്ത് മിക്ക പെണ്‍കുട്ടികളും ഇതിന് കാരണമായി പറയുന്നത് ഗാമോഫോബിയ ആണ്. വിവാഹത്തിനോടും ബന്ധങ്ങളോടും ഉള്ള ഭയമാണ് ഗാമോഫോബിയ. വിവാഹത്തിനെക്കുറിച്ചും കമ്മിറ്റ്മെന്റിനെക്കുറിച്ചുമൊക്കെ ചിന്തിക്കുമ്ബോള്‍ തന്നെ പലര്‍ക്കും പാനിക്ക് അറ്റാക്ക് ഉണ്ടാവുന്നു.


എന്താണ് ഗാമോഫോബിയ?

വിവാഹം, പ്രണയബന്ധം പോലുള്ള വലിയ ഉത്തരവാദിത്തങ്ങളില്‍ ഏര്‍പ്പെടാനുള്ള ഭയമാണ് ഗാമോഫോബിയ. മറ്റെല്ലാ ഫോബിയകളെയും പോലെ ഇതും ഒരു മാനസികാരോഗ്യ പ്രശ്‌നമാണ്. ഗാമാഫോബിയ സ്‌ത്രീകളിലും പുരുഷൻമാരിലും ഉണ്ടാകാറുണ്ടെങ്കിലും സ്‌ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. അഞ്ചുമുതല്‍ പത്തുശതമാനം പേരില്‍ ഈ മാനസികവൈകല്യം ഉണ്ടാകാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വിവാഹത്തിന്റെ ഗ്രീക്ക് നാമമാണ് 'ഗാമോസ്'. ഫോബിയ എന്നാല്‍ ഭയവും. ഇതില്‍ നിന്നാണ് ഗാമോഫോബിയ എന്ന വാക്ക് ഉണ്ടാവുന്നത്.

അടിസ്ഥാനമില്ലാത്ത ഭയം ഉള്ളവരാണ് ഗാമോഫോബിയ ഉള്ളവര്‍. ഇവര്‍ക്ക് നീണ്ടുനില്‍ക്കുന്ന സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കാൻ പോലും ഭയമായിരിക്കും. ഒരു ബന്ധം പെട്ടെന്ന് അവസാനിച്ചുപോകുമോയെന്ന ഭയമാണ് ഗാമോഫോബിയയുടെ പ്രധാനകാരണമായി കണക്കാക്കുന്നത്. പ്രണയബന്ധങ്ങള്‍ ഇല്ലാത്തവര്‍ ഇന്നത്തെ കാലത്ത് വളരെ ചുരുക്കമായിരിക്കും. അവയില്‍ തന്നെ മാനസിക- ശാരീരിക പീഡനങ്ങള്‍ ഏറ്റുവാങ്ങി ബന്ധം അവസാനിപ്പിക്കേണ്ടി വന്നവരുമുണ്ട്. ബന്ധം അവസാനിച്ചെങ്കിലും അതേല്‍പ്പിച്ച ആഘാതവും മുറിവും വര്‍ഷങ്ങളെടുത്തും ഉണങ്ങാത്തവരായിരിക്കും പലരും. ഇത്തരക്കാരിലും ഗാമോഫോബിയ ഉണ്ടാവും. ഇനിയും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വരുമോയെന്ന ഭയമായിരിക്കും വിവാഹത്തെക്കുറിച്ച്‌ ആലോചിക്കുമ്ബോള്‍ തന്നെ പലരും ഭയപ്പെടുത്തുന്നത്.

ഗാമോഫോബിയ ഉള്ളവ‌ര്‍ക്ക് സന്തുഷ്ടരായ ദമ്ബതികളെയും പ്രണയിതാക്കളെയും കാണുമ്ബോള്‍തന്നെ ഉത്കണ്ഠ അനുഭവപ്പെടാം. മറ്റുള്ളവരെ തന്നില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതും ബന്ധങ്ങള്‍ പെട്ടെന്ന് അവസാനിപ്പിക്കുന്നതും പുതിയൊരു ബന്ധത്തിലേയ്ക്ക് കടക്കാതിരിക്കുന്നതും ഇത്തരക്കാരില്‍ സാധാരണമാണ്.


ആ‌ര്‍ക്കൊക്കെ ഗാമോഫോബിയ ഉണ്ടാവാം?

ബോര്‍ഡര്‍ലൈൻ പേഴ്‌സണാലിറ്റി ഡിസോര്‍‌ഡര്‍(ബിപിഒ) ഉള്ളവരില്‍ ഗാമോഫോബിയയ്ക്കുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ബോര്‍ഡര്‍ലൈൻ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ എന്നത് ഒരു വ്യക്തിയുടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെ ബാധിക്കുന്ന ഒരു മാനസിക രോഗമാണ്. ഇത്തരത്തില്‍ വൈകാരിക നിയന്ത്രണം നഷ്ടപ്പെടുന്നത് സ്വത്വബോധത്തെയും മറ്റുള്ളവരുമായുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിക്കുന്നു. ബിപിഒ സ്ത്രീകളിലാണ് കൂടുതലായും കാണപ്പെടുന്നത്. ഉത്കണ്ഠാ രോഗം (ആൻസൈറ്റിയ) പാരമ്ബര്യമായി ലഭിക്കാനിടയുള്ള രോഗമായതിനാല്‍ ഗാമോഫോബിയയും അത്തരത്തില്‍ രൂപപ്പെടാൻ സാദ്ധ്യതയേറെയാണ്. മാത്രമല്ല, ജനിതകമാറ്റങ്ങളും പലവിധ ഫോബിയകളും ഉണ്ടാകുന്നതിന് കാരണമാവുന്നു.


ഗാമോഫോബിയയുടെ കാരണങ്ങള്‍

മാതാപിതാക്കളുടെ ബന്ധത്തിലെ തകര്‍ച്ച, മാതാപിതാക്കളുടെ വിവാഹമോചനം

പ്രണയബന്ധത്തിലോ വിവാഹത്തിലോ മുൻപ് നേരിട്ട തകര്‍ച്ചയും അനുഭവങ്ങളും

തെറ്റായ പങ്കാളിയെ തിരഞ്ഞെടുക്കുമോയെന്ന പേടി

സാംസ്‌കാരികവും മതപരവുമായ സമ്മര്‍ദ്ദങ്ങള്‍

ഗാമോഫോബിയയുടെ ലക്ഷണങ്ങള്‍

വിവാഹത്തെക്കുറിച്ച്‌ ആലോചിക്കുമ്ബോള്‍ തന്നെ വിറയല്‍ ഉണ്ടാവുക

തളര്‍‌ച്ചയും തലകറക്കവും

അമിതമായി വിയര്‍ക്കുക

നെഞ്ചിടിപ്പ് വര്‍ദ്ധിക്കുക

ശ്വാസതടസം നേരിടുക

വയറിളക്കം അനുഭവപ്പെടുക

ഗാമോഫോബിയ എങ്ങനെ നിര്‍ണ്ണയിക്കാം?

ഗാമോഫോബിയ നിര്‍ണ്ണയിക്കാൻ മാനസികാരോഗ്യ വിലയിരുത്തല്‍ നടത്തുകയാണ് സാധാരണയായി ചെയ്യുന്നത്. ഇതിന് ഒരു പ്രത്യേക പരിശോധനയില്ല. രോഗലക്ഷണങ്ങളെക്കുറിച്ചും മാനസികാരോഗ്യ ചരിത്രത്തെക്കുറിച്ചും മറ്റ് ഭയങ്ങളുണ്ടോയെന്നും മാനസികാരോഗ്യ വിദഗ്ദ്ധ ചോദിച്ച്‌ മനസിലാക്കുന്നു.

സൈക്കോതെറാപ്പി (ടോക് തെറാപ്പി)യുടെ വിഭാഗത്തില്‍ വരുന്ന കൊഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി (സിബിറ്റി)യാണ് ഗാമോഫോബിയയുടെ ചികിത്സയ്ക്കായി പ്രധാനമായും ഉപയോഗിക്കുന്നത്. എക്‌സ്‌പോഷര്‍ തെറാപ്പി, കൗണ്‍സലിംഗ് എന്നിവയും ഗാമോഫോബിയയുടെ ചികിത്സയില്‍ പ്രധാനമാണ്.


ഗാമോഫോബിയ ഗുരുതരമാകുന്നത് എപ്പോള്‍?

വിഷാദരോഗം, ആത്മഹത്യാപ്രവണത

ഉത്കണ്ഠ, പാനിക് അറ്റാക്ക്

ഉദ്ധാരണക്കുറവ്

സബ്‌സ്റ്റൻസ് യൂസ് ഡിസോര്‍ഡര്‍ അനുഭവപ്പെട്ടുതുടങ്ങിയാല്‍ ഡോക്ടറെ സമീപിക്കേണ്ടതുണ്ട്

ഗാമോഫോബിയയുമായി ബന്ധപ്പെട്ട് വരുന്ന മറ്റ് ഫോബിയകള്‍

ഫിലോഫോബിയ (പ്രണയത്തോടുള്ള ഭയം)

പിസ്റ്റാൻത്രോഫോബിയ (മറ്റുള്ളവരെ വിശ്വസിക്കാനുള്ള ഭയം അല്ലെങ്കില്‍ സ്നേഹിക്കുന്ന ഒരാളില്‍ നിന്ന് വേദനിപ്പിക്കപ്പെടുമോ എന്ന ഭയം)

ജെനോഫോബിയ (ലൈംഗികതയെയോ ലൈംഗിക അടുപ്പത്തെയോ കുറിച്ചുള്ള ഭയം)

ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.