ചൈനയില്‍ കിൻഡര്‍ ഗാര്‍ഡൻ വിദ്യാര്‍ത്ഥിയായ നാലു വയസ്സുകാരൻ തന്‍റെ സഹപാഠിയായ പെണ്‍കുട്ടിക്ക് സമ്മാനമായി നല്‍കിയത് 12.5 ലക്ഷം രൂപയില്‍ അധികം വിലമതിക്കുന്ന സ്വര്‍ണക്കട്ടികള്‍.
പെണ്‍കുട്ടിയെ തന്‍റെ ഭാവി വധുവായി സങ്കല്‍പ്പിച്ചാണ് നാലു വയസ്സുകാരന്‍റെ ഈ വിവാഹ സമ്മാനം. പെണ്‍കുട്ടി വീട്ടിലെത്തി ആവേശത്തോടെ സമ്മാനം മാതാപിതാക്കളെ കാണിച്ചപ്പോഴാണ് ഇവരുടെ പ്രണയകഥ വീട്ടുകാര്‍ പോലും അറിഞ്ഞത്.
തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ഗ്വാങ്‌ആനില്‍ എന്ന കൊച്ചു പെണ്‍കുട്ടിക്കാണ് തന്‍റെ സഹപാഠിയില്‍ നിന്നും അത്ഭുതപ്പെടുത്തുന്ന സമ്മാനം ലഭിച്ചത്. ഡിസംബര്‍ 22 -നാണ് സഹപാഠിയായ ബാലൻ ഗ്വാങ്‌ആനിലിന് സമ്മാനം നല്‍കിയത്. സമ്മാനം കണ്ട് അത്ഭുതപ്പെട്ടുപോയ പെണ്‍കുട്ടി വീട്ടിലെത്തിയതും ആവേശത്തോടെ മാതാപിതാക്കളെ തനിക്ക് കിട്ടിയ സമ്മാനം തുറന്നുകാണിച്ചു. സമ്മാനപ്പൊതിയില്‍ 100 ഗ്രാമിന്‍റെ രണ്ട് സ്വര്‍ണക്കട്ടികള്‍ കണ്ട മാതാപിതാക്കള്‍ അതിലേറെ അമ്ബരന്നു. പിന്നീട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് തന്‍റെ സുഹൃത്ത് തനിക്ക് വിവാഹ സമ്മാനമായി നല്‍കിയതാണ് ഇതെന്ന് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞത്.
ഉടൻതന്നെ അവര്‍ സമ്മാനപ്പെട്ടിയുമായി നില്‍ക്കുന്ന തങ്ങളുടെ മകളുടെ ഒരു വീഡിയോ ചിത്രീകരിച്ചു. വീഡിയോയില്‍ ഇത് എന്താണെന്ന അമ്മയുടെ ചോദ്യത്തിന് ഏറെ നിഷ്കളങ്കമായി എനിക്കറിയില്ലെന്ന് പെണ്‍കുട്ടി മറുപടി പറയുന്നത് കേള്‍ക്കാം. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സമ്മാനം നല്‍കിയ നാലു വയസ്സുകാരന്‍റെ മാതാപിതാക്കളുമായി ബന്ധപ്പെടുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. ഒപ്പം തൊട്ടടുത്ത ദിവസം തന്നെ സ്വര്‍ണക്കട്ടികള്‍ തിരിച്ചു നല്‍കാമെന്ന് ഉറപ്പും നല്‍കി.ഭാവിയിലെ ഭാര്യക്കുള്ള സമ്മാനമായാണ് സ്വര്‍ണ്ണക്കട്ടിയില്‍ സൂക്ഷിച്ചിരിക്കുന്നത് എന്ന് ഒരിക്കല്‍ തങ്ങള്‍ മകനോട് പറഞ്ഞതായാണ് ആണ്‍ കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്. അതുകൊണ്ടാവാം തനിക്ക് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ കണ്ടപ്പോള്‍ അവനത് സമ്മാനമായി നല്‍കിയതെന്നും മാതാപിതാക്കള്‍ പറയുന്നു. ഏതായാലും ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചിരി പടര്‍ത്തി ഇരിക്കുകയാണ് ഈ സംഭവം.