Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (22/10/2024)


 


2024 | ഒക്ടോബർ 22 | ചൊവ്വ | തുലാം 6 | 


◾ തനിക്ക് വിശ്രമിക്കാന്‍ സമയമില്ലെന്നും ഇന്ത്യയുടെ സ്വപ്നങ്ങള്‍ പൂര്‍ത്തികരിക്കാനുള്ള പരിശ്രമത്തിലാണ് തന്റെ സര്‍ക്കാരെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ അഞ്ചുവര്‍ഷം ആഗോളതലത്തില്‍ വിവിധ ആശങ്കകളുയര്‍ന്ന സമയമാണെന്നും ആ ആശങ്കകള്‍ക്കിടയിലും ഇന്ത്യ പ്രതീക്ഷയുടെ കിരണമായെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇനി മുതല്‍ വിജയത്തിന്റെ അളവുകോല്‍ 'നമ്മള്‍ നേടാന്‍ ആഗ്രഹിക്കുന്നതെന്താണോ അതായിരിക്കുമെന്നും 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന കാഴ്ചപ്പാട് ഈ ചിന്താഗതിയുടെ ഭാഗമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


◾ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു മുന്നണി യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയെന്നും ഇപ്പോള്‍ നവീന്റെ കുടുംബത്തോടൊപ്പം നില്‍ക്കേണ്ട സമയമാണെന്നും മറിച്ചുള്ള പ്രസ്താവനകള്‍ എല്‍.ഡി.എഫ് നേതാക്കന്‍മാര്‍ നടത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.


◾ മുഖ്യമന്ത്രി ഒരു ചുക്കും ചെയ്യാത്ത പോങ്ങനാണെന്നും പിണറായി വിജയന്‍ ബിജെപിയുടെ നിയന്ത്രണത്തിലാണെന്നും കെപിസിസി പ്രസിണ്ട്. അഴിമതി കാണിച്ചിട്ടും കേന്ദ്ര അന്വേഷണം ഇല്ലെന്നും എട്ട് വര്‍ഷമായി ഭരിച്ചിട്ട് കേരളത്തില്‍ എന്തുണ്ടാക്കിയെന്നും  കെപിസിസി അധ്യക്ഷന്‍ ചോദിച്ചു.


◾ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് എല്‍ഡിഎഫിന്റെ വോട്ട് യുഡിഎഫിന് മറിച്ചു എന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോ പ്രതികരിക്കാന്‍ തയ്യാറാകാത്തത് വസ്തുതകളെ അംഗീകരിക്കലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനം എടുക്കേണ്ട ആയുധങ്ങള്‍ യുഡിഎഫും എല്‍ഡിഎഫും ആദ്യം തന്നെ എടുക്കുകയാണെന്നും കെ. സുരേന്ദ്രന്‍ പരിഹസിച്ചു.


◾ ഷാഫി പറമ്പില്‍ ശൈലി മാറ്റണമെന്ന് കോണ്‍ഗ്രസ് നേതൃത്വം. പാലക്കാട്ടെ പ്രചാരണം ജില്ലാ നേതൃത്വവുമായി കൂടിയാലോചിച്ച് മാത്രം മതിയെന്നും സ്വന്തം നിലയില്‍ പ്രചാരണം വേണ്ടെന്നുമാണ് നിര്‍ദേശം. ഷാഫിയുടെ പ്രവര്‍ത്തന ശൈലി സംബന്ധിച്ച നേതാക്കളുടെ വ്യാപക പരാതിയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം. എന്നാല്‍, തന്നെ ആരും താക്കീത് ചെയ്തിട്ടില്ലെന്നാണ് ഷാഫി പറമ്പില്‍ പറയുന്നത്. ആരോപണങ്ങളില്‍ തളരില്ലെന്നും കൂടുതല്‍ ഊര്‍ജത്തോടെ മുന്നോട്ട് പോകുമെന്നും ഷാഫി പറഞ്ഞു.


◾ തോല്‍വി മുന്‍കൂട്ടി കണ്ടവന്റെ വിഭ്രാന്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണത്തിന് പിന്നിലുള്ളതെന്നും എന്നാല്‍ കെ സുധാകരന്റേത് പക്വതയുടെ ശബ്ദമെന്നും പിവി അന്‍വര്‍ എംഎല്‍എ. ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് ഡി. എം.കെ സ്ഥാനാര്‍ഥി എന്‍.കെ സുധീറിനെ യു.ഡി.എഫ് പിന്തുണയ്ക്കണമെന്ന പി.വി അന്‍വറിന്റെ ആവശ്യത്തില്‍ പി.വി അന്‍വര്‍ തമാശ പറയരുതെന്നും സൗകര്യമുണ്ടെങ്കില്‍ യു.ഡി.എഫിനെ പിന്തുണച്ചാല്‍ മതിയെന്നും സതീശന്‍ പറഞ്ഞതിനെതിരായാണ് അന്‍വറിന്റെ പ്രതികരണം. ചേലക്കരയില്‍ സുധീറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ മാറ്റമില്ലെന്നും പാലക്കാടിന്റെ കാര്യം ഗൗരവമായി നാളെ ചേരുന്ന കണ്‍വന്‍ഷനില്‍ ആലോചിക്കുമെന്നും അന്‍വര്‍ ഫേസ് ബുക്കില്‍ കുറിച്ചു.


◾ പി .വി. അന്‍വര്‍ ഒരു വെല്ലുവിളിയല്ലെന്നും ഇടതുപക്ഷം വിട്ടതോടെ അദ്ദേഹം അജണ്ടയിലേ ഇല്ലെന്നും എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. മുന്‍ തിരഞ്ഞെടുപ്പില്‍ പാലക്കാട്ട് ഷാഫിക്ക് വോട്ടുചെയ്യുക എന്ന നിലപാട് സി.പി.എം. സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


◾ കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തെത്തിയതോടെ മുന്‍വിമര്‍ശനങ്ങളില്‍ കുറ്റസമ്മതം നടത്തി പാലക്കാട്ടെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി. സരിന്‍. പല വിമര്‍ശനങ്ങളും വ്യക്തിപരമായ തീരുമാനങ്ങള്‍ ആയിരുന്നില്ലെന്നും നിയോഗിക്കപ്പെട്ട ചുമതലയില്‍ ഉള്ളതിനാല്‍ അതിന്റെ ഭാഗമായിരുന്നുവെന്നും സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിങ്ങളാല്‍ 'സഖാവേ'എന്ന വിളി കേള്‍ക്കാന്‍ ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്നും സരിന്‍ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.


◾ കല്‍പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി പാലക്കാട് മുന്‍ എം.എല്‍.എയും വടകര എം.പിയുമായ ഷാഫി പറമ്പില്‍. പാലക്കാടിനെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ള ഉത്സവമാണെന്നും സംസ്ഥാനത്തിനു പുറത്തുനിന്നും ആളുകള്‍ വരുന്നതാണെന്നും അതേ തീയതില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്നും ഷാഫി പറമ്പില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു.


◾ യാക്കോബായ- ഓര്‍ത്തഡോക്സ് പളളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യനടപടികള്‍ ആരംഭിച്ച് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി കടുത്ത വിമര്‍ശനം  ഉന്നയിച്ചു. പലവട്ടം ആവശ്യപ്പെട്ടിട്ടും ക്രമസമാധാന പ്രശ്നം പറഞ്ഞ് നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയ സാഹചര്യത്തിലാണ് നടപടി. ചീഫ് സെക്രട്ടറി, എറണാകുളം, പാലക്കാട് ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുളള എതിര്‍കക്ഷികള്‍ അടുത്ത മാസം എട്ടിന് ഹൈക്കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.


◾ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍, പി പി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലീസ്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വാദം കേള്‍ക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. ജില്ലാ കളക്ടറുടെ മൊഴിയും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. എഡിഎമ്മിന്റെ ആത്മഹത്യയിലേക്ക് നയിച്ച കാരണമറിയാന്‍ ദിവ്യയുടെ മൊഴി നിര്‍ണായകമെന്നിരിക്കെ, റവന്യൂ വകുപ്പ് അന്വേഷണത്തിലും അവര്‍ക്ക് സാവകാശം നല്‍കുകയാണ്.


◾ എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം  ഉന്നയിച്ച പരിയാരം മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ പ്രശാന്തന്റെ മൊഴിയെടുത്ത് കണ്ണൂര്‍ പൊലീസ്. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് പ്രശാന്തിന്റെ മൊഴിയെടുത്തത്. അതേസമയം പ്രശാന്തനെ പുറത്താക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ലെന്ന് പറഞ്ഞ മന്ത്രി കൂടുതല്‍ പരിശോധനക്ക് ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഇന്ന് പരിയാരത്തെത്തുമെന്ന് അറിയിച്ചു.


◾ തിരുവനന്തപുരം എംസി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സുപ്രധാന നീക്കവുമായി സര്‍ക്കാര്‍. തിരുവനന്തപുരം വെഞ്ഞാറമൂട് ജംഗ്ഷനില്‍ പുതിയ ഫ്ലൈഓവര്‍ നിര്‍മിക്കാനുള്ള ടെണ്ടറിന് സംസ്ഥാന ധന വകുപ്പ് അനുമതി നല്‍കി. 28 കോടി രൂപയുടെ ടെണ്ടറിന് അംഗീകാരത്തിനുള്ള അനുമതി നല്‍കിയതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്നലെ അറിയിച്ചു.


◾ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഈ മാസത്തെ പെന്‍ഷന്‍ അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുക. ഈ ആഴ്ചയില്‍ തന്നെ തുക പെന്‍ഷന്‍കാരുടെ കൈകളില്‍ എത്തുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.


◾ കരുവന്നൂര്‍ കേസിലെ പ്രതി പി സതീഷ്‌കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കാതെ സുപ്രീംകോടതി. ഹര്‍ജി പിന്‍വലിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. പ്രത്യേക കോടതി കേസിലെ വിചാരണ വേഗത്തിലാക്കണമെന്നും വിചാരണ വൈകുകയാണെങ്കില്‍ പ്രതിക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി ഉത്തരവില്‍ പറഞ്ഞു.


◾ അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുന്‍ സെക്രട്ടറി ബിജു കെ ജോസിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. വ്യാജ രേഖ ചമച്ചതും എല്ലാ രേഖകളിലും ഒപ്പിട്ടതും ഇയാളാണന്ന് അന്വഷണ സംഘം വ്യക്തമാക്കി. ബാങ്കിലെ അക്കൗണ്ടന്റ് ഷിജു കെ എ നേരത്തെ അറസ്റ്റിലായിരുന്നു. അനര്‍ഹരായവര്‍ക്ക് ലോണുകള്‍ അനുവദിച്ച് പണാപഹരണവും, ക്രമക്കേടും നടത്തിയും സഹകരണ സംഘത്തിന് 55 കോടി രൂപയുടെ ബാധ്യത വരുത്തി വെച്ചിരിക്കുന്നു എന്നാണ് പരാതി.


◾ മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 26ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടത്തുന്നതിന് ഉത്തരവ് ബാധകമല്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.


◾ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്. ബലാത്സംഗക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായിയെന്നും പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് തന്റെ കൈവശമുള്ള തെളിവുകളും ഫോണ്‍ നമ്പര്‍ വിവരങ്ങളും കൈമാറി എന്നും സിദ്ദിഖ് സത്യവാങ് മൂലത്തില്‍ പറയുന്നു. ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ് സിദ്ദിഖ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.


◾ ആലുവ സ്വദേശിയായ നടിയുടെ ബലാത്സംഗ പരാതിയിലെടുത്ത കേസില്‍ നടനും എംഎല്‍എയുമായ  മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ച് വടക്കാഞ്ചേരി പൊലീസ്. ഞായറാഴ്ച്ചയാണ് മുകേഷ് വടക്കാഞ്ചേരി സ്റ്റേഷനില്‍ ഹാജരായത്. അതീവ രഹസ്യമായി വൈദ്യപരിശോധനയും ചോദ്യംചെയ്യലും പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


◾ ഓണ്‍ലൈനിലൂടെ മുന്‍കൂറായി പണമടച്ച് മദ്യം ബുക്ക് ചെയ്ത് വില്‍പ്പന നടത്തുന്നത് ബെവ്‌കോ നിര്‍ത്തിവെച്ചു. ബെവ്‌കോ വെബ്സൈറ്റില്‍ ഗുരുതര പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. കൂടിയ തുകയ്ക്കുള്ള മദ്യം വെബ്സൈറ്റിലൂടെ കുറഞ്ഞ തുകയ്ക്ക് ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെബ്സൈറ്റിലൂടെ മദ്യം പണമടച്ച് ബുക്ക് ചെയ്യുന്ന സംവിധാനം നിര്‍ത്തിവെച്ചത്.


◾ യാത്രക്കാരന്‍ മനുഷ്യ ബോംബ് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള വിസ്താര വിമാനം അര മണിക്കൂറിലേറെ വൈകി. ഇന്നലെ വൈകിട്ട് 3.50ന് മുംബൈക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലെ യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനാണ് ഭീഷണി മുഴക്കിയത്. ഇയാളെ  പൊലീസിന് കൈമാറി. 3.50 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പരിശോധനയ്ക്ക് ശേഷം 4.20 നാണ് മുംബൈയിലേക്ക് പുറപ്പെട്ടത്.


◾ സ്‌കൂള്‍, കോളേജ് തലങ്ങളിലെ എയ്ഡഡ് അധ്യാപകരുടെ ശമ്പള വിതരണത്തിലെ അനിശ്ചിതത്വം മാറി. 2024 ഓക്ടോബര്‍ മാസം മുതല്‍ ശമ്പള വിതരണത്തിന് മേലധികാരികളുടെ ഒപ്പ് വേണമെന്ന ധന വകുപ്പിന്റെ വിവാദ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ഹെഡ് മാസ്റ്റര്‍മാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും പഴയ പോലെ ബില്‍ ട്രഷറിയിലേക്ക് കൈ മാറാം.


◾ സൗദിയില്‍ വധശിക്ഷ റദ്ദ് ചെയ്ത കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നലേയും തീരുമാനമായില്ല. റിയാദിലെ ജയിലില്‍ കഴിയുന്ന റഹീമിന്റെ  മോചന ഹര്‍ജി ഇന്നലെ കോടതി പരിഗണിച്ചെങ്കിലും തീരുമാനമെടുത്തില്ല. ഇന്നലെ രാവിലെ കേസ് പരിഗണിച്ച കോടതി വിശദവിവരങ്ങള്‍ പരിശോധിച്ച ശേഷം വധശിക്ഷ റദ്ദ് ചെയ്ത അതെ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റീസിന്റെ ഓഫീസ് അക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു.


◾ മധ്യ കിഴക്കന്‍  ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് തീവ്ര ന്യൂന മര്‍ദ്ദമായും നാളെ ചുഴലിക്കാറ്റായും മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റ്  ഒക്ടോബര്‍ 24 ന് ഒഡിഷ -പശ്ചിമ ബംഗാള്‍ തീരത്തിന് സമീപം എത്തിച്ചേരാനും സാധ്യത. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.


◾ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ക്ക് മാധ്യമ പ്രവര്‍ത്തനത്തിനുള്ള അനുമതി നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. അഭിഭാഷകവൃത്തി മാഹാത്മ്യമുള്ള തൊഴിലാണെന്നും ഒരു അഭിഭാഷകന് താനൊരു ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ ആണെന്ന് പറയാന്‍ കഴിയില്ലെന്നും ജസ്റ്റിസ് അഭയ് എസ്. ഓക അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.


◾ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന് പിന്നാലെ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആഹ്വാനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്സ്റ്റാലിനും. ജനസംഖ്യക്കനുസൃതമായി ലോക്സഭ മണ്ഡലങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം നടത്തുന്ന പശ്ചാത്തലത്തിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനസംഖ്യാ വളര്‍ച്ചയെ പറ്റി ചര്‍ച്ചകള്‍ സജീവമാകുന്നത്. ചെന്നൈയില്‍ നടന്ന സമൂഹവിവാഹം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സ്റ്റാലിന്റെ ആഹ്വാനം.


◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ ബിരുദത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഗുജറാത്ത് സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ മാനനഷ്ടക്കേസ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. മാനനഷ്ടക്കേസില്‍ നല്‍കിയ സമന്‍സ് ചോദ്യം ചെയ്തുള്ള കെജ്രിവാളിന്റെ ഹര്‍ജി നേരത്തെ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് മുന്‍ ദില്ലി മുഖ്യമന്ത്രി സുപ്രീം കോടതിയെ സമീപിച്ചത്.


◾ മതേതരത്വവും സോഷ്യലിസവും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്ന് സുപ്രീംകോടതി. 42ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ പദങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.


◾ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമെന്ന് കേന്ദ്രമന്ത്രി അമിത് ഷായോട് അഭ്യര്‍ഥിച്ച് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്രീന്‍. കഴിഞ്ഞ 20 വര്‍ഷക്കാലമായി ഈ രാജ്യം എന്റെ രണ്ടാമത്തെ വീടാണെന്നും എന്നാല്‍, ജൂലായ് 22 മുതല്‍ തന്റെ റെസിഡന്റ് പെര്‍മിറ്റ് നീട്ടികിട്ടിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ താന്‍ വളരെ ദുഃഖിതയാണെന്നും ഇവിടെ തുടരാന്‍ അനുവദിച്ചാല്‍ ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുമെന്നും തസ്ലിമ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.


◾ ദില്ലിയിലെ സിആര്‍പിഎഫ് സ്‌കൂളിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളുടെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.വെളുത്ത നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ച ഒരാളാണ് സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന സംശയം ശക്തമാക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.സംഭവത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


◾ ഇന്ത്യ ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ നിന്ന് ഇരു രാജ്യങ്ങളും സേനാ പിന്മാറ്റത്തിന്  ധാരണയിലെത്തിയതായി ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഗല്‍വാന്‍ സംഘര്‍ഷത്തിനുശേഷം ദീര്‍ഘനാളായി തുടരുന്ന തര്‍ക്കമാണിപ്പോള്‍ സുപ്രധാന തീരുമാനത്തിലൂടെ ഇരു രാജ്യങ്ങളും പരിഹരിച്ചത്. ഇതോടൊപ്പം നിയന്ത്രണ രേഖയില്‍ നിര്‍ത്തിവെച്ചിരുന്ന ഇരു രാജ്യങ്ങളുടെയും പട്രോളിങ് വീണ്ടും ആരംഭിച്ചുവെന്നും വിക്രം മിസ്രി അറിയിച്ചു.


◾ ക്യൂബയിലെ പ്രധാന പവര്‍ പ്ലാന്റുകളിലൊന്ന് തകരാറിലായതിനെ തുടര്‍ന്ന് ക്യൂബയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ രണ്ട് ദിവസമായി വൈദ്യുതി ഇല്ലാതെ പ്രതിസന്ധിയില്‍. ഹവാനയുടെ കിഴക്ക് മാറ്റാന്‍സാസ് പ്രവിശ്യയിലെ അന്റണിയോ ഗ്വിറ്ററസ് തെര്‍മോ പവര്‍ പ്ലാന്റിലുണ്ടായ തകരാറാണ് ക്യൂബയെ ഇരുട്ടിലാക്കിയത്. തെക്കുകിഴക്കന്‍ ബഹാമാസിന്റെയും ക്യൂബയുടെയും ചില ഭാഗങ്ങളില്‍ ഓസ്‌കാര്‍ ചുഴലിക്കാറ്റ് അപകടകരമായി തുടരുന്നതിനാല്‍ വൈദ്യുതി പൂര്‍ണമായും എപ്പോള്‍ പുനഃസ്ഥാപിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല.


◾ മുതിര്‍ന്ന ഇസ്രയേലി സൈനിക ഉദ്യോഗസ്ഥനായ കേണല്‍ അഹ്സന്‍ ദക്സ വടക്കന്‍ ഗാസയിലെ ജബലിയയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചെന്ന്  സൈനിക വക്താവ് റിയല്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി അറിയിച്ചു. പ്രദേശം നിരീക്ഷിക്കാനായി ടാങ്കില്‍ നിന്ന് പുറത്തിറങ്ങിയ സമയത്ത് ഇവര്‍ക്ക് സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ഇസ്രയേല്‍ സൈന്യം നല്‍കുന്ന വിവരം.


◾ 2026-ല്‍ നടക്കാനിരിക്കുന്ന ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍നിന്ന് ഹോക്കിയെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പണച്ചെലവിനെ തുടര്‍ന്നാണ് നീക്കം. ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.


◾ പ്രമുഖ മലയാളി വ്യവസായി എംഎ യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ ലുലു റീറ്റെയ്ല്‍ ഹോള്‍ഡിങ് പ്രാരംഭ ഓഹരി വില്‍പനയ്ക്ക്. മിഡില്‍ ഈസ്റ്റിലെ വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ഐപിഒയ്ക്ക് ഒക്ടോബര്‍ 28നാണ് തുടക്കമാകുക. നവംബര്‍ അഞ്ചുവരെയുള്ള ഐപിഒയിലൂടെ 258.2 കോടി ഓഹരികളാണ് വിറ്റഴിക്കുക. യുഎഇയിലെ അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ്, ലുലു റീറ്റെയ്ല്‍ ഹോള്‍ഡിങ്ങിന്റെ 25 ശതമാനം ഓഹരികളാണ് ഐപിഒയിലൂടെ വിറ്റഴിക്കുക. 10% ഓഹരികള്‍ ചെറുകിട നിക്ഷേപകര്‍ക്കായി നീക്കിവയ്ക്കും. 89% ഓഹരികള്‍ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും ബാക്കി ഒരു ശതമാനം ലുലുവിന്റെ ജീവനക്കാര്‍ക്കുമായിരിക്കും. റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കും ക്യുഐബിക്കും മിനിമം 1,000 ഓഹരികള്‍ക്കായി അപേക്ഷിക്കാം. ഐപിഒയിലൂടെ 170 കോടി ഡോളര്‍ മുതല്‍ 180 കോടി ഡോളര്‍ വരെ (ഏകദേശം 14,280 കോടി രൂപ മുതല്‍ 15,120 കോടി രൂപവരെ) സമാഹരിക്കുകയാണ് ലക്ഷ്യം. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനാണ് ഐപിഒ. നവംബര്‍ 14 മുതല്‍ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ സ്റ്റോക്കിന്റെ വ്യാപാരം തുടങ്ങാന്‍ കഴിയുന്നവിധം ക്രമീകരണം ഒരുക്കാനാണ് പദ്ധതി.


◾ കാര്‍ത്തിക് ആര്യനെ നായകനാക്കി അനീസ് ബസ്മി സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രം 'ഭൂല്‍ ഭുലയ്യ 3' യുടെ ടൈറ്റില്‍ ട്രാക്ക് ശ്രദ്ധേയമാകുന്നു. ഭൂല്‍ ഭുലയ്യയിലെ ഐക്കോണിക് ഗാനം 'ഹരേ റാം' റീമിക്സാണ് ടൈറ്റില്‍ ഗാനം. ദില്‍ജിത്ത് ദോസാഞ്ച്, പിറ്റ്ബുള്‍ എന്നിവരാണ്  ഗാനത്തിന്റെ പുതിയ പതിപ്പ് ആലപിച്ചിരിക്കുന്നത്. ടി സിരീസ് ഫിലിംസ്, സിനി1 സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ഭൂഷന്‍ കുമാര്‍, കൃഷന്‍ കുമാര്‍, മുറാദ് ഖേതാനി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതിനകം ഗാനം 40 മില്ല്യണ്‍ വ്യൂ ആണ് നേടിയിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഡിജിറ്റല്‍, സാറ്റലൈറ്റ്, മ്യൂസിക് റൈറ്റ്സ് ചേര്‍ത്ത് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് 135 കോടിയാണ്. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്ഫ്ലിക്സും സാറ്റലൈറ്റ് റൈറ്റ്സ് സോണി നെറ്റ്വര്‍ക്കിനുമാണ് വിറ്റിരിക്കുന്നതെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദ്യാ ബാലന്‍, മാധുരി ദീക്ഷിത്, തൃപ്തി ദിംറി, വിജയ് റാസ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ദീപാവലി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തും.


◾ മലയാള സിനിമയിലെ ചിരിയുടെ സുല്‍ത്താനായിരുന്ന സംവിധായകന്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ 'പൊറാട്ട് നാടകത്തിലെ ടൈറ്റില്‍ ഗാനമായ തുയിലുണര്‍ത്ത് പാട്ട് പുറത്തുവിട്ടു. ഗാനത്തിന്റെ സംഗീതവും വരികളും രാഹുല്‍ രാജിന്റെതാണ്. ജ്യോതി ശ്രീയാണ് ആലപിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ 'ഗോരെ ഹബ്ബ' എന്ന വേറിട്ട ഗാനം പുറത്തിറങ്ങിയിരുന്നു. ബി.കെ ഹരിനാരായണന്‍ എഴുതിയ ഗാനം ഈണം നല്‍കി ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകന്‍ രാഹുല്‍ രാജാണ്. മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു എന്നൊരു പ്രത്യേകതയുമുണ്ട്. ലൈറ്റ് ആന്‍ഡ് സൗണ്ട് ഓപ്പറേറ്ററായ അബു എന്ന കഥാപാത്രമായാണ് സൈജു കുറുപ്പ് ചിത്രത്തിലുള്ളത്. സിനിമയിലേതായി ഇറങ്ങിയ പാട്ടുകളും ഇതിനകം യൂട്യൂബില്‍ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.


◾ ടാറ്റ മോട്ടോഴ്‌സ് ഉടന്‍ തന്നെ ഇലക്ട്രിക് കാറുകളുടെ വില 30 ശതമാനം വരെ കുറച്ചേക്കും എന്ന് റിപ്പോര്‍ട്ട്. ഇതിനായി എംജി മോട്ടോര്‍ ഇന്ത്യയുടെ മാതൃകയില്‍ 'ബാറ്ററി-ആസ്-എ-സര്‍വീസ്' മോഡല്‍ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ പദ്ധതി അനുസരിച്ച് ബാറ്ററിയുടെ വില ഇലക്ട്രിക് കാറിന്റെ വിലയില്‍ നിന്ന് ഒഴിവാകും. ബാറ്ററികള്‍ പ്രത്യേകം വാടകയ്‌ക്കെടുക്കുന്ന ഈ പദ്ധതി നടപ്പിലാക്കിയാല്‍ ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വില രണ്ടുലക്ഷം മുതല്‍ 3.5 ലക്ഷം വരെ കുറയും. ഇതോടെ വാഹനത്തിന്റെ വിലയും ബാറ്ററിയുടെ വാടകയും മാത്രമേ ഉപഭോക്താക്കള്‍ നല്‍കേണ്ടിവരൂ. നിലവില്‍, ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് ശ്രേണിയില്‍ ടിയാഗോ ഇവി, പഞ്ച് ഇവി, നെക്‌സോണ്‍ ഇവി, കര്‍വ് ഇവി എന്നിവ ഉള്‍പ്പെടുന്നു. ബാറ്ററികള്‍ വാടകയ്‌ക്കെടുക്കുന്നതിലൂടെ, ഇലക്ട്രിക് വാഹനങ്ങളുടെ എക്‌സ്-ഷോറൂം വില 25 ശതമാനം മുതല്‍ 30 ശതമാനം വരെ കുറയും.


◾ ജിഷ്ണുവിന്റെ കവിതകള്‍ വലിയൊരളവോളം കാവ്യതന്ത്രമായിത്തന്നെ ഇന്ദ്രിയശീലങ്ങളുടെ അപനിര്‍മ്മിതി പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ അപനിര്‍മ്മിതികളാകട്ടെ ഒരു നവീന ഭൗതികവാദത്തെയാണ് ആദര്‍ശമായി സ്വീകരിക്കുന്നത്. ലോകാനുരാഗത്തിന്റെ ഈ കവിതാ വഴി മാനുഷികതയുടെ സകല സങ്കീര്‍ണതകളിലേക്കും വികസിക്കുന്ന കാലം വരും. ആത്മനിഷേധമോ ആനന്ദനിഷേധമോ അല്ല, ആ വഴി. ആത്മാനുരാഗത്തില്‍നിന്ന് ലോകാനുരാഗത്തിലേക്കുതന്നെയാണ് അത് വിപുലപ്പെടുന്നത്. പച്ച, മിറാഷ്, ചുവരുകളിലേക്ക് കുടിയിറക്കപ്പെട്ട കവിതകള്‍, ഇരപിടുത്തത്തിന്റെ ദാര്‍ശനികത, മണ്‍മയം, മൃഗശാല, മറന്നുപോകുന്നു തുടങ്ങിയ 38 കവിതകളുടെ സമാഹാരം. 'കാഴ്ചകളുടെ ചെരിവുകള്‍'. ജിഷ്ണു കെ എസ്. ഡിസി ബുക്സ്. വില 171 രൂപ.


◾ മൂന്ന് മുതല്‍ അഞ്ച് വരെയാണ് സാധാരണഗതിയില്‍ സ്ത്രീകളിലെ ആര്‍ത്തവചക്രത്തിന്റെ ദൈര്‍ഘ്യം. എന്നാല്‍ ചിലരില്‍ രണ്ട് ദിവസം കൊണ്ട് ആര്‍ത്തവം വന്നു പോകുന്ന അവസ്ഥയുമുണ്ട്. ഇത് മൂലം പ്രത്യുത്പാദനക്ഷമതയ്ക്കും ഗര്‍ഭധാരണ സാധ്യതയ്ക്കും കുഴപ്പങ്ങള്‍ ഉണ്ടാകുമോ എന്ന് സ്വാഭാവികമായും സംശയം ഉണ്ടാകാം. പ്രായം, സമ്മര്‍ദം, ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍, ജീവിതശൈലി, വ്യായാമം എന്നിങ്ങനെ പല ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി രക്തത്തിന്റെ അളവും ആര്‍ത്തവ ദൈര്‍ഘ്യവും മാറാം. ഉയര്‍ന്ന മാനസിക സമ്മര്‍ദം ഹോര്‍മോണുകളുടെ താളം തെറ്റിക്കുന്നത് ആര്‍ത്തവ ചക്രം ഹ്രസ്വമാകാനും ആര്‍ത്തവം തന്നെ ഉണ്ടാകാതിരിക്കാനും ചിലപ്പോള്‍ കാരണമാകാം. അവശ്യ പോഷണങ്ങള്‍ ശരീരത്തില്‍ ആവശ്യമായ തോതില്‍ ചെല്ലാതിരിക്കുന്നത് ഹോര്‍മോണ്‍ ഉത്പാദനത്തെയും ആര്‍ത്തവ ചക്രത്തെയും ബാധിക്കാം. അമിതമായ വ്യായാമം, പെട്ടെന്നുള്ള ഭാര നഷ്ടം എന്നിവ മൂലം ചിലപ്പോള്‍ ശരീരം ഊര്‍ജ്ജവിനിയോഗം വെട്ടിച്ചുരുക്കുന്നതിന് പ്രത്യുത്പാദന ഹോര്‍മോണ്‍ തോത് കുറച്ചെന്ന് വരാം. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉള്ളവരിലും ആര്‍ത്തവകാലയളവ് കുറയാം. ആര്‍ത്തചക്രത്തിന്റെ ദൈര്‍ഘ്യം കുറയുന്നത് ചില ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങളാണെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആര്‍ത്തവ കാലയളവ് കുറയുന്നത് അണ്ഡങ്ങള്‍ക്ക് 40 വയസ്സിന് മുന്‍പ് തന്നെ ശേഷി നഷ്ടമാകുന്ന പ്രീമെച്വര്‍ ഒവേറിയന്‍ ഇന്‍സഫിഷ്യന്‍സിയുടെ ലക്ഷണവുമാകാം. ഇത് വന്ധ്യത, നേരത്തെയുള്ള ആര്‍ത്തവവിരാമം എന്നിവയ്ക്ക് നയിക്കുന്നു. ഗര്‍ഭപാത്രത്തിന്റെ ആവരണം കട്ടി കുറഞ്ഞതാകുന്നതിന്റെ ലക്ഷണമായും ആര്‍ത്തവ കാലയളവ് കുറയുന്നതിനെ വിലയിരുത്താറുണ്ട്. ഇത് ഗര്‍ഭധാരണത്തിന്റെ സമയത്ത് ബീജസംയോഗം നടന്ന അണ്ഡം ശരിയായി ഗര്‍ഭപാത്രത്തില്‍ സ്ഥാപിക്കപ്പെടാത്ത അവസ്ഥയുണ്ടാക്കാം.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക